11:34pm 06 November 2026
NEWS
വോട്ടിം​ഗ് മെഷീൻ രക്ഷപെട്ടു! കുറ്റം ഇപ്പോൾ വോട്ടർ പട്ടികയിലായി..
13/08/2025  08:04 PM IST
nila
വോട്ടിം​ഗ് മെഷീൻ രക്ഷപെട്ടു! കുറ്റം ഇപ്പോൾ വോട്ടർ പട്ടികയിലായി..

ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണ്ടുമുതൽക്കേ പല ആ​ക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. കള്ളവോട്ടും ബൂത്തുപിടിത്തവുമൊക്കെ മുമ്പ് നടന്നിട്ടുള്ളതായി നാം കേട്ടിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പറ്റി ​ഗുരുതരമായ ആരോപണങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരെ വലിയ പ്രക്ഷോഭം നയിക്കുകയാണ്.  വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിവുകൾ സഹിതമാണ് രാഹുൽ ​ഗാന്ധി ആരോപിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിലെ ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ. നമ്മൾ ഇന്നു ചർച്ച ചെയ്യുന്നത് രാഹുൽ ​ഗാന്ധിയുടെ പുതിയ ആരോപണത്തോടെ അ​ഗ്നിശുദ്ധി വരുത്തിയ ഒരു കക്ഷിയെ കുറിച്ചാണ്. അതെ. നമ്മുടെ സ്വന്തം വോട്ടിം​ഗ് മെഷിൻ.

കാലങ്ങളായി കോൺ​ഗ്രസും ഇടതുപക്ഷവുമെല്ലാം ഇന്ത്യയിലെ വോട്ടിം​ഗ് മെഷീന്റെ സത്യസന്ധതയെ കുറിച്ച് സംശയം ഉയർത്താറുണ്ട്. വോട്ടിം​ഗ് മെഷീനിൽ ക്രമക്കേട് നടത്താൻ കഴിയുമെന്ന് സാങ്കേതിക വിദ​ഗ്ധരിൽ ചിലരും ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ബിജെപിയെ അധികാരത്തിലേറ്റുന്നത് ജനങ്ങളല്ല മറിച്ച് വോട്ടിം​ഗ് മെഷീനാണ് എന്ന ആരോപണമാണ് കോൺ​ഗ്രസും ഇടതുപക്ഷവും കാലങ്ങളായി ഉയർത്തിയിരുന്നത്. എന്നാൽ, വോട്ടിം​ഗ് മെഷീനിൽ ക്രമക്കേട് സാധ്യമാണെങ്കിൽ എന്തിന് വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടണം എന്നതാണ് നമ്മുടെ ചോദ്യം. വോട്ടിം​ഗ് മെഷീനും ഇതേ ചോദ്യം ഉയർത്തുന്നുണ്ടാകണം. കാരണം കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി അത്രയേറെ പഴിയാണ് വോട്ടിം​ഗ് മെഷീൻ കേട്ടിട്ടുള്ളത്. ഇവിഎം എന്ന് ചുരുക്കപ്പേരിൽ നമ്മൾ വിളിക്കുന്ന വോട്ടിം​ഗ് മെഷീന്റെ ഭൂതകാലം അത്ര സുഖകരമൊന്നും ആയിരുന്നില്ല. 

ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യ കാലങ്ങളിൽ കള്ളവോട്ടും ബൂത്തുപിടിത്തുവും ഉത്തരേന്ത്യയിൽ നിത്യസംഭവങ്ങളായിരുന്നു. പോളിം​ഗ് നൂറുശതമാനം എത്താതിരിക്കാൻ കയ്യൂക്കുള്ള രാഷ്ട്രീയക്കാരന്റെ ദയക്കായി പോളിം​ഗ് ഓഫീസർമാർ യാചിച്ചിരുന്ന കാലം. എല്ലാ വോട്ടർമാരും വന്ന് ക്യൂ നിന്ന് വോട്ട് ചെയ്തല്ല ആ കാലത്ത് ഉത്തരേന്ത്യയിലെ പല ബുത്തുകളിലും പോളിം​ഗ് ശതമാനം കൂടിയിരുന്നത്. ശക്തിയുള്ള പാർട്ടിയുടെ ആളുകൾ കൂട്ടത്തോടെ വന്ന് മുഴുവൻ ആളുകളുടെയും വോട്ട് ചെയ്തിട്ടങ്ങ് പോകുമായിരുന്നത്രെ. 

അങ്ങനെയൊരു കാലത്തിലാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഷാം ലാൽ ഷക്‌ധേർ ചുമതലയേൽക്കുന്നത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അടിമുടി പരിഷ്കരിച്ചത് ടി എൻ ശേഷനാണ് എന്ന് നമുക്കറിയാം. എന്നാൽ, ഈ രാജ്യത്തിന്റെ ഭരണാധികാരികളെ നിർണയിക്കുന്ന പ്രക്രിയ കൂടുതൽ സുതാര്യവും നിഷ്പക്ഷവും അക്രമരഹിതവുമാകണമെന്ന് ആ​ഗ്രഹിക്കുകയും അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്ത ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ഷാം ലാൽ ഷക്‌ധേർ. 

തെരഞ്ഞെടുപ്പ് കമ്മീഷണറാകുന്നതിന് മുമ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഷാം ലാൽ ഷക്‌ധേർ. 1950-കളുടെ അവസാനം മുതൽ പാർലമെന്റ് നടപടികളിൽ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോ​ഗിച്ച് തുടങ്ങിയിരുന്നു. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിലും എന്തുകൊണ്ട് ഈ സംവിധാനം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷണറായ ഷക്‌ധേറിന്റെ മനസ്സിൽ ഉയർന്നു. 

വോട്ടിം​ഗ് യന്ത്രം എന്ന ആശയം നടപ്പാക്കാൻ അദ്ദേഹം തീരുമാനിച്ചു. അക്കാലത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പുകളിലെ മുഖ്യ കലാ - കായിക ഇനമായിരുന്നു ബൂത്തുപിടുത്തം. സായുധരായ വ്യക്തികൾ ഒരു പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറുകയും ബാലറ്റ് പേപ്പറുകൾ കൈക്കലാക്കുകയും തങ്ങളുടെ സ്ഥാനാർത്ഥിക്ക് അനുകൂലമായ വോട്ടുകൾ ചെയ്ത്ബാലറ്റ് പെട്ടിയിൽ നിറയ്ക്കുകയും ചെയ്യും. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ 29 പാർലമെൻ്റ് മണ്ഡലങ്ങളിൽ ഇത്തരത്തിൽ നിർബന്ധിത ബാലറ്റ് പേപ്പറുകൾ കുത്തിനിറച്ചു. കയ്യൂക്കുള്ളവൻ പാർലമെന്റിലെത്തുന്നത് തടയണമെന്നും ജനകീയ നേതാക്കൾ പകരം എത്തണമെന്നും ഏതൊരു തെരഞ്ഞെടുപ്പ് കമ്മീഷണറും ആ​ഗ്രഹിക്കുമല്ലോ..

1977-ൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഷാം ലാൽ ശക്ധർ ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സന്ദർശിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ബൂത്ത് പിടിക്കൽ മുതൽ പോൾ ചെയ്ത വോട്ടുകളുടെ സംരക്ഷണം വരെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഇതാണെന്ന് അദ്ദേഹം സർക്കാരിനെ ബോധ്യപ്പെടുത്തി. 

1980-ൽ ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ്റെ പ്രോട്ടോടൈപ്പ് ഇലക്ഷൻ കമ്മീഷന് കൈമാറി. ചിപ്പുകളുമായി ബന്ധിപ്പിച്ച ആറ് ബട്ടണുകളുള്ളതായിരുന്നു ഈ പ്രോട്ടോടൈപ്പ്. ഓരോ ബട്ടണും ഒരു തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്ന ഈ ഭാ​ഗം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിഎം എന്താണെന്നും എങ്ങനെ പ്രവർത്തിക്കുമെന്നും വിശദീകരിച്ചു. എല്ലാ പാർട്ടികൾക്കും ഇവിഎം ബോധിച്ചു.വർഷാവസാനത്തോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മറ്റ് മന്ത്രിമാർക്കും മുന്നിൽ യന്ത്രം പ്രദർശിപ്പിച്ചു.

വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൻ്റെ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് മാനേജരായ എസ് രംഗരാജൻ്റെ ശ്രദ്ധയിൽപ്പെട്ടു. രംഗരാജൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടുകയും വോട്ടിംഗ് മെഷീൻ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. രം​ഗരാജനെയും ഷാം ലാൽ ഷക്‌ധേർ നിരാശപ്പെടുത്തിയില്ല. ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ഇവിഎം ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഇവിഎമ്മിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.  ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വോട്ടിം​ഗ് മെഷീനിൽ ആറ് സ്ഥാനാർത്ഥികളുടെ പേരുകൾ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിൽ ഭാരത് ഇലക്‌ട്രോണിക്‌സിന്റെ മെഷീനിൽ 64 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളിക്കാനാകുമായിരുന്നു. 

1981 ഏപ്രിലിൽ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച പ്രോട്ടോടൈപ്പിൻ്റെ പ്രവർത്തന രീതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വിശദീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ തുടർന്ന് ഇവിഎം വാങ്ങാനും അതുപയോ​ഗിച്ച് തെരഞ്ഞെടുപ്പ് നടത്താനും കേന്ദ്രസർക്കാർ അനുമതി നൽകി. ഫണ്ടും അനുവദിച്ചു. അങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലാദ്യമായി പരമ്പരാ​ഗത ബാലറ്റ് പേപ്പറുകളും പെട്ടികളും ഉപേക്ഷിച്ച് വോട്ടിം​ഗ് യന്ത്രം ഉപയോ​ഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായി. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി വോട്ടിം​ഗ് മെഷിൻ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നിയോ​ഗം നമ്മുടെ കൊച്ച് കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിനായിരുന്നു: അതെ, നമ്മുടെ വടക്കൻ പറവൂരിലാണ് രാജ്യത്ത് ആദ്യമായി വോട്ടിം​ഗ് മെഷീൻ ഉപയോ​ഗിച്ച് വോട്ടെടുപ്പ് നടത്തിയത്. 

1982 മെയ് 19നായിരുന്നു ഇന്ത്യയിൽ ആദ്യമായി വോട്ടിം​ഗ് മെഷിൻ ഉപയോ​ഗിച്ച് വോട്ടെടുപ്പ് നടന്നത്. വടക്കൻ പറവൂരിൽ വോട്ടിം​ഗ് യന്ത്രം വരുന്നു എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ ഇടതുപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ട് എന്നായിരുന്നു ഇടതുപക്ഷം ആരോപിച്ചത്. എന്നാൽ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഐ നേതാവ് ശിവൻ പിള്ള വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചിത്രം മാറി. അന്നുവരെ ഇവിഎമ്മിനെ കുറ്റംപറഞ്ഞ ഇടതുപക്ഷം വിജയം ആഘോഷിച്ചു. അതുവരെ ഇവിഎമ്മിനെ പുകഴ്ത്തിയ കോൺ​ഗ്രസ് വോട്ടിം​ഗ് മെഷിന്റെ ഫലപ്രഖ്യാപനത്തിൽ സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തി. പക്ഷേ, ഈ വിവാദങ്ങളൊന്നും ഇവിഎം സാർവത്രികമാക്കുന്ന നടപടികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്നോട്ട് വലിച്ചില്ല. 

 ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക്സും ഇവിഎം നിർമ്മിച്ചു. ഈ തെരഞ്ഞെടുപ്പുകളിൽ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി, 1983 ലെ വാർഷിക റിപ്പോർട്ടിൽ ഇവിഎം രാജ്യവ്യാപകമായി ഉപയോഗിക്കണമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തു.

എന്നാൽ, തൊട്ടടുത്ത വർഷം സുപ്രീംകോടതി തെരഞ്ഞെടുപ്പുകളിൽ വോട്ടിം​ഗ് യന്ത്രം ഉപയോ​ഗിക്കുന്നത് വിലക്കി. ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നടപടി. നിയമനിർമ്മാണത്തിൻ്റെ പിന്തുണയില്ലാതെ ഇവിഎമ്മുകൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഇവിഎമ്മുകൾ ഇരുണ്ട മുറികളിൽ സമാധിപൂണ്ടിരുന്നു. 1988-ൽ പാർലമെൻ്റ് ഇവിഎം ഉപയോഗിക്കാൻ അനുമതി നൽകുന്ന ഭരണഘടനാ ഭേദഗതി പാസാക്കി. എന്നിട്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു വോട്ടിം​ഗ് യന്ത്രങ്ങൾ സമാധിയിൽ നിന്നുണർന്ന് പോളിം​ഗ് ബൂത്തിലെത്താൻ.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലും ഇവിഎം ഉപയോഗിച്ചു. 2001-ൽ ഇ.വി.എമ്മുകളിൽ നിരവധി സാങ്കേതിക മാറ്റങ്ങൾ വരുത്തുകയും 2006-ൽ മെഷീനുകൾ കൂടുതൽ നവീകരിക്കുകയും ചെയ്തു. 2006-ന് മുമ്പുള്ള ഇവിഎമ്മുകൾ 'എം1 ഇവിഎമ്മുകൾ' എന്നും 2006 മുതൽ 2010 വരെ നിർമ്മിച്ചവയെ 'എം2 ഇവിഎം' എന്നും വിളിക്കുന്നു. 2013 മുതൽ നിർമ്മിച്ച പുതുതലമുറ ഇവിഎമ്മുകൾ 'എം3 ഇവിഎം' എന്നാണ് അറിയപ്പെടുന്നത്.

വോട്ടിം​ഗ് യന്ത്രം എല്ലാ തെരഞ്ഞെടുപ്പിലും ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ പരാജയപ്പെടുന്നവർ ഇവിഎമ്മിനെ സംശയത്തോടെ നോക്കാൻ തുടങ്ങി. മുൻകൂട്ടി സെറ്റ് ചെയ്ത് വക്കുന്ന ഫലങ്ങളാണിതെന്ന് പല പാർട്ടികളും ആരോപിച്ചു. ഇവിഎമ്മിന്റെ റിസൽട്ടുകളിൽ ബാ​ഹ്യ ഇടപെടലുകൾ നടത്താനാകുമെന്ന് സാങ്കേതിക വിദ​ഗ്ധർ പോലും പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരിക്കൽ ഇവിഎമ്മിനെ 'മോദി വോട്ടിംഗ് മെഷീൻ'എന്ന് വിളിച്ചിരുന്നു.  മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി ബാലറ്റ് സമ്പ്രദായം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണകൂടത്തിന് അനുകൂലമായി വിധിയെഴുതുന്ന യന്ത്രം എന്ന നിലയിൽ രാജ്യത്തെ പല പാർട്ടികളും ഇതിനെ സംശയത്തോടെ നോക്കികണ്ടു.

 2013-ൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ വീണ്ടും ഭേദ​ഗതി ചെയ്തു. വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ്  മെഷീനുകളുടെ ഉപയോഗത്തിന് അം​ഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും സ്ഥിരീകരണവും മെച്ചപ്പെടുത്തുന്നതിനായിരുന്നു വിവിപാറ്റ് അവതരിപ്പിച്ചത്. നാഗാലാൻഡിലെ നോക്‌സെൻ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലാണ് ഇവ ആദ്യം ഉപയോഗിച്ചത്.

ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഒരു വിവിപാറ്റും ഉൾപ്പെടുന്നതായി  ഇവിഎം. ഒരു ബാലറ്റ് യൂണിറ്റിന് 7,900 രൂപയും കൺട്രോൾ യൂണിറ്റിന് 9,800 രൂപയും വിവിപാറ്റിന് 16,000 രൂപയും അടങ്ങുന്നതാണ് ഇവിഎമ്മിൻ്റെ ഇപ്പോഴത്തെ ചിലവ് എന്നറിയുമ്പോൾ മാത്രമേ നമ്മുടെ തെരഞ്ഞെടുപ്പിന്റെ വില നമുക്ക് മനസ്സിലാകൂ.

2019 മുതൽ, കൂടുതൽ സുതാര്യതയ്ക്കായി ഓരോ മണ്ഡലത്തിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഇവിഎം എണ്ണവുമായി താരതമ്യം ചെയ്ത് വിശ്വാസ്യത ഉറപ്പുവരുത്തുന്നുണ്ട്. ഇതിൽ ഇതുവരെ ഒരു പൊരുത്തക്കേടും കണ്ടെത്താനായിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 

പക്ഷേ, 2024ലെ പൊതുതെരഞ്ഞെടുപ്പോടെ ഇവിഎമ്മിനെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ നേതാക്കൾ വിഴുങ്ങി. ആർക്കും തർക്കമില്ലാത്ത തെരഞ്ഞെടുപ്പ് ഫലം എന്ന് വേണമെങ്കിൽ പറയാം. ബിജെപി അധികാരം നിലനിർത്തി. കോൺ​ഗ്രസിന് ലോക്സഭയിൽ ഇരട്ടിയോളം സീറ്റുകൾ. മറ്റ് പ്രധാനപ്പെട്ട എല്ലാ പാർട്ടികളും മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. 

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്ന സമയങ്ങളിൽ ഇവിഎമ്മിന്റെ ചാരിത്ര്യത്തിൽ ചിലർ സംശയങ്ങളുയർത്തി. എന്നാൽ, രാഹുൽ ​ഗാന്ധി വോട്ടർ പട്ടികയിലെ ക്രമക്കേട് ഉയർത്തിക്കൊണ്ട് വന്നതോടെ ഇവിഎമ്മിന്റെ സത്യസന്ധതയിൽ തങ്ങൾക്ക് സംശയമില്ല എന്ന നിശബ്ദ പ്രഖ്യാപനം കൂടിയായി. കാരണം, ഇവിഎമ്മിൽ കൃത്രിമം കാണിക്കാനാകുമെങ്കിൽ പിന്നെ എന്തിനാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് കാണിക്കുന്നത്? ആര് ആർക്ക് വോട്ട് ചെയ്താലും ഭരണകൂടം നിശ്ചയിക്കുന്നവരുടെ ചിഹ്നത്തിന് നേരേ മാത്രമേ വോട്ട് പതിയൂ എങ്കിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടി കള്ളവോട്ട് ചെയ്യേണ്ട കാര്യമില്ലല്ലോ?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img