തൃശ്ശൂരിൽ മന്തി കഴിച്ചു ജീവൻ നഷ്ട്ടപെട്ട ഉസൈബയെ നമുക്കറിയാം. കുഴിമന്തിക്കാണ് പേര് കിട്ടിയതെങ്കിലും യഥാർത്ഥ വില്ലൻ മയോണൈസ് ആണ്. മുൻപും മയോണൈസ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ആരോഗ്യമന്ത്രാലയം മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിരുന്നു. എന്നാൽ പലരും അത് കാര്യമാക്കിയിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ചർച്ചയാക്കപ്പെടുകയാണ് അതേ മയോണൈസ്.
അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിലേക്കെത്തിയ വിഭവങ്ങളാണ് കുഴിമന്തിയും ഷവർമയും മയോണൈസുമൊക്കെ. ആദ്യമൊന്നും ആളുകൾ ഇതിനെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിലും ഇപ്പോൾ ഇതൊന്നും ഇല്ലാതെ ആളുകൾക്ക് പറ്റില്ല എന്ന അവസ്ഥയാണ്. വായുവില്‍ തുറന്ന് ഇരിക്കുന്തോറും പച്ചമുട്ടയിലെ സാൽമൊണെല്ല ബാക്ടീരിയ പെരുകുമ്പോഴാണ് മയോണൈസ് വില്ലനാകുന്നത്. ഇത് ശരീരത്തിൽ പ്രവേശിക്കുമ്പോൾ വയറിളക്കവും ഛർദിയും പനിയും അനുഭവപ്പെടുകയും, ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുന്നതോടെ മരണം സംഭവിക്കുകയുമാണ് ചെയുന്നത്. മാത്രമല്ല രക്തസമ്മർദ്ദം വർധിക്കാനും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിലേക്കും ഇത് കാരണമാകുന്നു.
കൊഴുപ്പ് അടങ്ങിയ സണ്‍ഫ്ലവർ ഓയില്‍, പച്ചമുട്ട, നാരങ്ങാനീര്, വിനാഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിൽ വിനാഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. എന്നാൽ പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ല. ഇപ്പോൾ മുട്ട ചേർത്തുള്ള മയോണൈസ് പൂർണമായും കേരളത്തിൽ നിരോധിച്ചിട്ടുണ്ട് പകരം വെജിറ്റൽ മയോണൈസ് ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നത്.