
വാളയാർ കേസിലെ ഇലക്ട്രോണിക് രേഖകളുടെ പകർപ്പ് നൽകാൻ കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ജൂൺ 19ന് വിധി പറയുന്നു. കേവലം കോപ്പി അപേക്ഷയെയാണ് ഹർജിയായി പരിഗണിച്ചത് എന്നതിൽ ദുരൂഹതയുണ്ട്. മാതാപിതാക്കളുടെ ആവശ്യത്തെ സിബിഐ പ്രോസീക്യൂട്ടർ കോടതിയിൽ എതിർത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടു സിബിഐ സമർപ്പിച്ചിട്ടുള്ള ഫോൺ വിളികളുടെ വിവരങ്ങൾ, ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനാഫലങ്ങൾ മുതലായവയുടെ രേഖകളാണ് ഇലക്ട്രോണിക് രൂപത്തിൽ സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. CFSL (സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ), NFSU ഗുജറാത്ത് ( നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി ) എന്നീ സ്ഥാപനങ്ങളിൽ പ്രതികളുടെയും കുട്ടികളുടെ അമ്മയുടെയും ഫോൺ പരിശോധിച്ചതിന്റെ ഇലക്ട്രോണിക് റിപ്പോർട്ട് ആണ് ആവശ്യപ്പെട്ടിരുന്നത്. അമ്മയ്ക്കെതിരെ സിബിഐ ചാർജ് ഷീറ്റിൽ കാണുന്ന പല ആരോപണങ്ങളും ഫോൺ രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലഭ്യമായ രേഖകൾ എല്ലാം തന്നെ കുട്ടികൾ കൊല ചെയ്യപ്പെട്ടതാണെന്നും, മാതാപിതാക്കളെ പ്രതികളാക്കാൻ കെട്ടിച്ചമച്ചവയാണെന്നും ബോധ്യപ്പെടുന്നവ ആണ്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും, കുട്ടികളുടെ മരണം കൊലക്കേസ് ആയി പരിഗണിച്ച് അന്വേഷണം നത്തണമെന്നുമുള്ള അമ്മയുടെ ഹർജി ഹൈക്കോടതി വീണ്ടും കേൾക്കാനിരിക്കെ ഈ രേഖകൾ നിർണ്ണായകമാണ്.
കോടതി രേഖകൾ ലഭ്യമാക്കുന്നത് ഒരു നടപടിക്രമപരമായ ഔപചാരികത (formality ) മാത്രമല്ല, ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന, ഇര കേന്ദ്രീകൃതമായ സമീപനത്തിൻ്റെ ഒരു സുപ്രധാന ഘടകമാണെന്ന് അമ്മക്ക് വേണ്ടി ഹാജരായ അഡ്വ.രാജേഷ് മേനോൻ വിവിധ കോടതി വിധികൾ ഉദ്ധരിച്ചു കൊണ്ട് വാദിച്ചു. കുട്ടികളുടെ അച്ഛനമ്മമാർക്കെതിരെ ഉള്ള ആരോപണങ്ങൾ സമഗ്രമായി മനസിലാക്കാൻ ഉള്ള അവകാശത്തേ സിബിഐ എതിർക്കുന്നത്തിൽ ദുരൂഹത ഉണ്ട്. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള ക്രിത്രിമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കാനുള്ള സാഹചര്യവുമുണ്ട്.
ഹർജിയിൽ ജൂൺ 19 ന് സിബിഐ സ്പെഷ്യൽ ജഡ്ജി.പി.ശബരിനാഥൻ വിധി പറയും.
Photo Courtesy - Google








