
ദോഹ:നവംബർ 2 മുതൽ 7 വരെ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന 'ലോക പാഡൽ ചാമ്പ്യൻഷിപ്പ് ഖത്തർ 2026'-ന് (Padel World Cup Qatar 2026) ആതിഥേയത്വം വഹിക്കാൻ ദോഹ പൂർണ്ണ സജ്ജമായതായി ഖത്തർ പാഡൽ ഫെഡറേഷൻ അറിയിച്ചു.
2021, 2024 വർഷങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് ലോക പാഡൽ ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുന്നത്. പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച് ആഗോള കായിക തലസ്ഥാനമെന്ന ഖ്യാതി നേടിയ ദോഹയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയ വിശ്വാസമാണ് ഇതിലൂടെ വീണ്ടും വ്യക്തമാകുന്നത്.
സംഘാടക സമിതിയും സാങ്കേതിക വിഭാഗവും മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഖത്തർ ടെന്നീസ്, സ്ക്വാഷ്, പാഡൽ ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ടൂർണമെന്റ് ഡയറക്ടറുമായ താരീഖ് സൈനൽ അറിയിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിലായി ലോകത്തിലെ പ്രമുഖരായ താരങ്ങൾ അണിനിരക്കുന്ന 32 ദേശീയ ടീമുകൾ (16 പുരുഷ ടീമുകളും 16 വനിതാ ടീമുകളും) ടൂർണമെന്റിൽ മാറ്റുരയ്ക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന ഖത്തർ ദേശീയ ടീം നിലവിൽ ലോകത്തിലെ മികച്ച 10 ടീമുകളിൽ ഒന്നാണ്. അടുത്തിടെ ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ (ഐച്ചി-നാഗോയ) സ്വർണ്ണമെഡൽ നേടിയ ഖത്തർ ടീം, ലോക ചാമ്പ്യൻഷിപ്പിലും മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ്.
അതേസമയം, ചാമ്പ്യൻഷിപ്പിനായുള്ള കോർട്ടുകൾ സജ്ജമാക്കിയതായും കാണികൾക്കുള്ള ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ടെന്നും ഖത്തർ പാഡൽ ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സാദ് അൽ മോഹന്നദി വ്യക്തമാക്കി.
2026, 2028 ചാമ്പ്യൻഷിപ്പുകൾ ഖത്തറിൽ
ഇന്റർനാഷണൽ പാഡൽ ഫെഡറേഷൻ 2026, 2028 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളുടെ ആതിഥേയത്വ ചുമതല ഖത്തറിന് തുടർച്ചയായി നൽകിയിട്ടുണ്ട്. ഇതോടെ നാല് തവണ വേൾഡ് കപ്പിന് വേദിയൊരുക്കി സ്പെയിനിന്റെ റെക്കോർഡിനൊപ്പം ഖത്തറുമെത്തും.നിലവിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ 15 ടീമുകൾ വീതം യോഗ്യത നേടിയിട്ടുണ്ട്.
ഒക്ടോബർ 26 മുതൽ 30 വരെ കുവൈറ്റിൽ നടക്കുന്ന ഏഷ്യൻ-ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് ശേഷമായിരിക്കും 16-ാമത് ടീമിനെ തിരഞ്ഞെടുക്കുക. ഇതിന് തൊട്ടുപിന്നാലെ ഒദ്യോഗിക ഗ്രൂപ്പ് നറുക്കെടുപ്പ് ദോഹയിൽ നടക്കും.










