
തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ പ്രാബല്യത്തിലായിക്കൊണ്ടിരിക്കുന്ന 70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രീമിയം തുകയെ ചൊല്ലി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് പദ്ധതി കേരളത്തിൽ അവതാളത്തിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"വാർദ്ധക്യകാല ആരോഗ്യ സുരക്ഷ ഉറപ്പില്ലാത്ത, തലയ്ക്ക് മുകളിൽ ആകാശവും താഴെ ഭൂമിയുമായി കഴിയുന്ന എന്നെ പോലുള്ളവർ വയോ വന്ദന പദ്ധതി സ്വപ്നം കണ്ടാണ് ജീവിക്കുന്നത്," ചെറിയാൻ ഫിലിപ്പ് പറഞ്ഞു. മരണം വരെ പെൻഷനും ചികിത്സാ ചെലവിനും അർഹതയുള്ള രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും വയോ വന്ദന പദ്ധതി നടപ്പാക്കുന്നതിൽ താല്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
വയോ വന്ദന പദ്ധതി നടപ്പിലാക്കിയാൽ കേരളത്തിലെ കാരുണ്യ ചികിത്സാ പദ്ധതി 70 വയസ്സിനു താഴെയുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു. പദ്ധതിയുടെ അടിയന്തര നടപ്പാക്കൽ ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.











