
പാനമ സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പാനമയിലേക്ക് നാടു കടത്തി. 300 പേരെയാണ് പനാമയിലെ താത്ക്കാലിക ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമേ ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പനാമയിലേക്ക് കടത്തിയവരിൽ ഉൾപ്പെടുന്നു. ഇവർക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.
പാനമയിലെ ഒരു ഹോട്ടലാണ് താത്കാലിക ഡിറ്റൻഷൻ സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഇവിടെയെത്തിച്ച കുടിയേറ്റക്കാരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കില്ല. ഇവരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇവർക്ക് ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കാൻ പനാമയും അമേരിക്കയും തമ്മിൽ ധാരണയായിട്ടുണ്ട്. ഇവരിൽ ചിലരെ അതാത് രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് നേരിട്ട് അയയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയത്.
ഡിറ്റൻഷൻ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാൻ തയ്യാറല്ലാത്തവരാണെന്നാണ് പാനമ അധികൃതർ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്ത് രക്ഷയില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളിൽ ഇവർ എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്.











