01:16pm 13 November 2026
NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള.
02/07/2025  05:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണം യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള.

കൊച്ചി: ആയിരക്കണക്കിന് രോഗികൾ  ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ അടിസ്ഥാന ശസ്ത്രക്രിയ സൗകര്യങ്ങളില്ലെന്ന വാർത്ത പൊതുജനങ്ങൾക്കും    യൂറോളജി  ഡോക്ടർമാർക്കും ഒരുപോലെ    ആശങ്കയുണ്ടാക്കുന്നതാണെന്ന് യൂറോളജിക്കൽ അസോസിയേഷൻ ഓഫ് കേരള (UAK) പ്രസിഡൻ്റ്  ഡോ. വിനോദ് കെ.വി പറഞ്ഞു.അടിസ്ഥാന ശസ്ത്രക്രിയാ ഉപകരണങ്ങൾക്ക് വരെ ക്ഷാമമെന്നതാണ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ്  പറഞ്ഞത്. 

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (Ureteroscopy & PCNL) യൂറോളജി രോഗികളിൽ ഏറ്റവും അധികം ആവശ്യമായ  ഒന്നാണ്. ഇത്തരം അടിസ്ഥാന ചികിത്സകൾ വരെ മുടങ്ങുമ്പോൾ വേദനയുമായി വരുന്ന രോഗികളുടെ അവസ്ഥ അതിദയനീയമാണ്. 

തൻ്റെ ഔദ്യോഗിക പരിമിതികളെല്ലാം മറികടന്നാണ് പൊതു സമൂഹത്തിനു മുന്നിൽ ഡോക്ടർ ഹാരിസ് നിസ്സഹായത പങ്കുവെച്ചത്.  അദ്ദേഹത്തിന്റെ ഉയർന്ന കർത്തവ്യബോധവും, ധീരമായ നിലപാടും, സത്യസന്ധതയും, രോഗികളോടും  വിദ്യാർഥികളോടുമുള്ള ആത്മാർത്ഥതയും പ്രശംസയർഹിക്കുന്നു. ഡോ. വിനോദ് കെ.വി പറഞ്ഞു. 

യൂറോളജി പോലുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയും പഠനവും പരിശീലനവും ഗവേഷണവും ഒരേപോലെ പ്രാധാന്യമർഹിക്കുന്നതാണ്.നൂറുകണക്കിന് പി ജി വിദ്യാർഥികൾ പരിശീലനം നേടുന്ന പ്രശസ്ഥ സ്ഥാപനമാണിത്. ചികിത്സ മുടങ്ങുന്നതോടൊപ്പം പി ജി വിദ്യാർത്ഥികളുടെ പരിശീലനവും താളം തെറ്റുന്നുണ്ടെന്ന വസ്തുത കാണാതെ പോവരുത്.

പ്രയാസമേറിയ എൻട്രൻസ് പരീക്ഷകൾ ജയിച്ച്  മെഡിക്കൽ കോളജിലെത്തുന്ന  പി.ജി വിദ്യാർത്ഥികൾക്ക് ശരിയായ പരിശീലനം കിട്ടാതാകുന്നത് അവർക്കും സമൂഹത്തിനും വലിയ നഷ്ടമാണ്. വിഭാഗത്തിൻ്റെ മേധാവി പോലും നിസ്സഹായനായി നിൽക്കുന്നത് കാണുന്ന ഒരു വിദ്യാർത്ഥിയും പഠിച്ചിറങ്ങുമ്പോൾ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താല്‌പര്യപ്പെടില്ല. ആ സാഹചര്യം ഉണ്ടാവരുത്. 

നമ്മുടെ രാജ്യത്ത് രൂപീകരിച്ച ആദ്യ യൂറോളജി ഡിപ്പാർട്ട്മെൻ്റുകളിൽ ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേത്. വളരെ പ്രശസ്‌തരായ പല യൂറോളജിസ്റ്റുകളും ഈ വിഭാഗത്തിൻ്റെ മേധാവിസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഇവിടെ നിന്നും പരിശീലനം സിദ്ധിച്ച ഒട്ടനവധി യൂറോളജിസ്റ്റുകൾ, രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ യൂറോളജി ഡിപ്പാർട്ട്മെന്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ ഒരു വർഷം 6 എന്ന കണക്കിൽ, ഒരേ സമയം 18 പി ജി വിദ്യാർത്ഥികൾ പരിശീലനം നേടുന്നു. 

ഇവിടെ നിന്നും കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഏറ്റവും കൂടുതൽ പഠിച്ചിറങ്ങുന്ന യൂറോളജിസ്റ്റുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.പരസ്പ‌രം പഴിചാരിയും ആർക്കെതിരെയെങ്കിലും ശിക്ഷണ നടപടിയെടുത്തും പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കാണുന്നത് അഭിലഷണീയമല്ല. 

കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിൽ സർക്കാരിനും പൊതുസമൂഹത്തിനും ഏറെ താല്പ‌ര്യമുണ്ടെന്നത് വസ്തുതയാണ്. മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരും മറ്റു ജീവനക്കാരും ചികിത്സാരംഗം മെച്ചപ്പെടുത്തുവാൻ രാപ്പകൽ ശ്രമിക്കുന്നുമുണ്ട്. 

എന്നാൽ കാലഹരണപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും വികലമായ സാമ്പത്തിക ആസൂത്രണവും എല്ലാ ശ്രമങ്ങളെയും വിഫലമാക്കുന്നതായാണ് കാണുന്നത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന യൂറോളജി പോലുള്ള ശാസ്ത്രക്രിയ വിഭാഗങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ പരിഷ്കാരങ്ങൾ  ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ അധികൃതർ ഒറ്റക്കെട്ടായി ശ്രമിക്കണം. 

ഇപ്പോഴുള്ള ശോചനീയാവസ്ഥയിൽ നിന്നും യൂറോളജി വിഭാഗത്തിനെ പഴയ പ്രൗഢിയിലേക്ക് എത്തിക്കുവാൻ ഡോ.ഹാരിസ് പ്രവർത്തനം തുടരുമെന്നും അതിന് സർക്കാരും മെഡിക്കൽ കോളേജ് അധികൃതരും പിന്തുണ നൽകുമെന്നും പ്രത്യാശിക്കുന്നു. ഈ സംരംഭത്തിന് യൂറോളജിയിൽ അക്കാദമിക് തലത്തിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് കേരളയുടെ പൂർണ്ണ പിൻതുണയുണ്ടാകുമെന്ന് ഡോ. വിനോദ് കെ.വി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img