04:04am 10 October 2026
NEWS
റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു
09/10/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു

കൊച്ചി  : കിറ്റെക്‌സ് ഗാര്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 'റിപ്പോര്‍ട്ടര്‍' ടിവി ചാനലിന്റെ മാതൃകമ്പനിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനോട്  ചാനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വിവരസാങ്കേതിക-പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ നടപടി.

പ്രധാന വിവരങ്ങള്‍ :

1) സാബു എം. ജേക്കബ് നല്‍കിയ പരാതിയില്‍ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന്റെ വിശദീകരണവും കൂടി കേട്ട്  തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ കാലാവധി 2026 നവംബര്‍ 23 -ന് അവസാനിക്കും.

2) പ്രധാന രേഖകള്‍ ഹാജരാക്കണം: വാര്‍ത്തകള്‍ തയ്യാറാക്കല്‍, വിവരങ്ങള്‍ പങ്കുവയ്ക്കല്‍ (കൈമാറല്‍), സംപ്രേഷണം (അപ്‌ലിങ്കിംഗ്) എന്നിവ സ്വയം തന്നെയാണ് നടത്തുന്നത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ 2026 ഒക്ടോബര്‍ 12-നകം ഹാജരാക്കണം.

ആവശ്യപ്പെട്ട വിവരങ്ങള്‍ :

1) 2024-25, 2025-26, 2026-27 (സെപ്റ്റംബര്‍ 30) വരെയുള്ള കാലയളവില്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കണം.  (വൈദ്യുതി, വാടക, ടെലിപോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കുള്ള പണമടയ്ക്കല്‍, ജീവനക്കാരുടെ ശമ്പളം എന്നിവയുടെ ഇന്‍വോയിസുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും).
2) ചീഫ് എഡിറ്റര്‍, ടെക്‌നിക്കല്‍ ടീം, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങളും അവരുടെ അപ്പോയിന്റ്‌മെന്റ് ലെറ്ററുകളും.
3) ഇ.പി.എഫ്.ഒ  രജിസ്‌ട്രേഷനും പ്രൊവിഡന്റ് ഫണ്ട് അടച്ചതിന്റെ തെളിവുകളും.
4) മറ്റ് സ്ഥാപനങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകളുടെ പകര്‍പ്പുകളും ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റും.
രേഖകള്‍ പരിശോധിച്ച ശേഷം 2026 ഒക്ടോബര്‍ 15-ന് കമ്പനി പ്രതിനിധികള്‍ക്ക് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ഹിയറിംഗിനുള്ള അവസരം  നല്‍കിയിട്ടുണ്ട്.

വിവരസാങ്കേതിക-പ്രക്ഷേപണ  മന്ത്രാലയത്തിന്റെ  2022-ലെ പോളിസി ഗൈഡ്ലൈന്‍സ് പ്രകാരം ചാനലുകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് ഉപകരാര്‍ നല്‍കുന്നതും കൈമാറുന്നതും ചട്ടലംഘനമാണ്. ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ചാനലിന്റെ അനുമതി റദ്ദാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ മന്ത്രാലയത്തിന് അധികാരമുണ്ട്. ചാനല്‍ നടത്തിപ്പിന് നികേഷ് കുമാറിന് നല്‍കിയിട്ടുള്ള ലൈസന്‍സിന്റെ മറവിലാണ് എല്ലാ വിധ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്  ആന്റോ സഹോദരന്മാര്‍ ചാനല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് കിറ്റെക്‌സ് ഗാര്‍മെന്റ് മാനേജിംഗ് ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img