
ദോഹ: ലോക ഫുട്‍ബോളിലെ കൗമാര താരങ്ങളുടെ അതുല്യ പ്രകടനങ്ങൾക്ക് ഇന്ന് ദോഹയിൽ കലാശപോരാട്ടം.
ഖത്തർ സമയം വൈകുന്നേരം 7-നും (ഇന്ത്യൻ സമയം 9.30) ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പോർച്ചുഗലും ഓസ്ട്രിയയും നേർക്ക് നേർ ഒരുങ്ങുമ്പോൾ ചരിത്രം സൃഷ്ടിക്കുന്ന ഒരു ഫൈനലിന് ലോകം സാക്ഷിയാകും.
കൗമാര ലോകകപ്പിൽ ഇതുവരെ കിരീടം തൊട്ടിട്ടില്ലാത്ത പോർച്ചുഗൽ, ഈ തവണ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉറ്റുനോക്കുകയാണ്. സെമിഫൈനലിൽ ബ്രസീലിനെ ആവേശകരമായ ഷൂട്ടൗട്ടിൽ മറികടന്ന ആത്മവിശ്വാസത്തിലാണ് അവർ ഫൈനലിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനോട് ഏറ്റ തോൽവി ഒഴിച്ചാൽ പോർച്ചുഗൽ മത്സരമൊന്നും പിഴച്ചിട്ടില്ല.
മറുവശത്ത്, ലോകഫുട്ബോളിന്റെ വേദിയിൽ അത്ഭുതയാത്ര തുടരുന്ന ഓസ്ട്രിയ. ഫിഫ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഒരിക്കലും യോഗ്യത നേടിയിട്ടില്ലാത്ത രാജ്യത്തിന് ഇതാദ്യമാണ് ഈ മഹത്തായ അവസരം. ചാമ്പ്യൻഷിപ്പിലുടനീളം അപ്രതീക്ഷിത ഉയർച്ച കാഴ്ചവെച്ച ഓസ്ട്രിയ, ഫൈനലിലും അതേ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ഫുട്‍ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതപ്പെടുന്ന മത്സരം എന്ന നിലയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തിലാണ്. കരുത്തും ഉൾക്കാഴ്ചയും മികസിച്ച പോർച്ചുഗലും, സ്വപ്നയാത്രയുടെ ചിറകുകളുമായി ഉയർന്ന ഓസ്ട്രിയയും നേർക്ക് നേർ എത്തുന്ന ഈ ‘ക്ലാസിക് ഫൈനൽ’ഫുട്‌ബോൾ പ്രേമികളുടെഹൃദയതാളം കൂട്ടും.










