03:00pm 12 November 2026
NEWS
കിലെയും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് ഇന്ന് തുടങ്ങും
05/01/2026  04:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കിലെയും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് ഇന്ന് തുടങ്ങും

 

കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് 2026 ജനുവരി 6, 7 തീയതികളിൽ കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ നടക്കും.

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ജനുവരി 6ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.  കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. ബേബി, രജിസ്ട്രാർ ഡോ. അരുൺ എ.യു., കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, കോൺഫറൻസ് കോർഡിനേറ്റർ ഡോ. പി.ആർ. സുരേഷ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവി രാമൻ എന്നിവർ പങ്കെടുക്കും.

രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർഥികളും കോൺഫറൻസിന്റെ വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടത്തും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്ലീനറി സെഷനുകളിൽ "കേരളത്തിന്റെ വികസന വെല്ലുവിളികൾ: തൊഴിൽ അധിഷ്ഠിത സമീപനം" എന്ന വിഷയത്തിൽ തിരുവനന്തപുരം സി.ഡി.എസ്സിലെ പ്രൊഫ. വിനോജ് എബ്രഹാമും,  "ഇന്ത്യൻ തൊഴിൽ നിയമ പരിഷ്കരണങ്ങൾ: പുതിയ ലേബർ കോഡുകളും തൊഴിലാളി അവകാശങ്ങളും" എന്ന വിഷയത്തിൽ തൊഴിൽനിയമ വിദഗ്ധനും കിലെ സീനിയർ ഫാക്കൽറ്റിയുമായ വർക്കിച്ചൻ പേട്ട എന്നിവരും പ്രഭാഷണം നടത്തും.

ആദ്യ ദിവസം വൈകുന്നേരം "തൊഴിൽ-ജീവിത സന്തുലിതാവസ്ഥ: മാറുന്ന തൊഴിൽ വിപണിയിലെ വെല്ലുവിളികൾ'' എന്ന വിഷയത്തിൽ ഈ മേഖലയിലെ വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചയും രണ്ടാം ദിവസം രാവിലെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികളും ആക്ടിവിസ്റ്റുകളും പങ്കെടുക്കുന്ന തൊഴിൽ മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സെഷനും സംഘടിപ്പിക്കും.

രണ്ടാം ദിവസം ഉച്ചയ്ക്ക്  നടക്കുന്ന പോളിസി ഡയലോഗ് സെഷന് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് നേതൃത്വം നൽകും. ഡോ. എസ്. കെ. ശശികുമാർ (ചെയർമാൻ, റിസർച്ച് കോർ കമ്മിറ്റി, കിലെ), കൊച്ചി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (CPPR) സീനിയർ ഫെല്ലോയും റിട്ട. പ്രൊഫസറുമായ ഡോ. മാർട്ടിൻ പാട്രിക്, എൻ.എസ്.എസ് കോളേജ് ഒറ്റപ്പാലം അസിസ്റ്റന്റ് പ്രൊഫസർ രാഹുൽ വി. കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

സമ്മേളനം ജനുവരി 7-ന് സമാപിക്കും. വിവിധ വിഷയങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച പ്രബന്ധങ്ങൾക്ക് ഈ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img