
കർണാടകം: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടും സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് ഗവണ്മെന്റും തമ്മിലുള്ള അധികാര വടംവലി ശക്തിപ്പെടുകയാണ്. ബെളഗാവി സമ്മേളനത്തിൽ നിയമസഭ പാസ്സാക്കിയ മൂന്ന് ബില്ലുകൾ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. കർണാടക സ്റ്റേറ്റ് റൂറൽ ഡവലപ് മെന്റ് ആൻഡ് പഞ്ചായത്ത് രാജ്(ആർ ഡി പി ആർ) സർവ്വകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ നിയോഗിക്കാനുള്ള ബില്ലാണ് തിരിച്ചയച്ചവയിലൊന്ന്. മുഡ കേസ്സിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണരുടെ നടപടി ഗവണ്മെന്റ് ഹൈക്കോടതിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഗവർണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചത് ഗവണ്മെന്റിനും മുഖ്യമന്ത്രിയ്ക്കും വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.മുഡ കേസ് മുന്നോട്ടുപോകാൻ കാരണമായത് അതാണ്. മൈസൂറു നഗര വികസന അതോറിറ്റി(മുഡ) നിയമ ഭേദഗതി ബില്ലും തിരിച്ചയച്ചവയിൽ ഉൾപ്പെടുന്നു. നടന്നുവരുന്ന കേസുകൾ തീർപ്പായ ശേഷം ഈ ബിൽ പരിഗണിക്കാമെന്നാണ് ഗവർണർ നൽകിയ വിശദീകരണം. സർവ്വകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലാണ് ഗവർണറെ ചൊടിപ്പിച്ചത്. സംസ്ഥാന ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണ്ണറെ മാറ്റി മുഖ്യമന്ത്രിയെ തലസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി നിയമം ഭേദഗതി ചെയ്യാനായി മുന്നോട്ടുവെച്ച കണ്ടെത്തലുകളും ന്യായീകരണങ്ങളും തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് മാത്രമല്ല ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. യു ജി സി നിബന്ധനകൾ പാലിക്കാൻ യൂണിവേഴ്സിറ്റികൾ ബാധ്യസ്ഥരാണ്. അത് തകിടം മറിക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാനാവില്ല- ഗവർണർ വ്യക്തമാക്കി. മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ പേരിൽ ഗവർണ്ണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ കവരാൻ ശ്രമമുണ്ടാകുന്നത് അനാവശ്യ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നുണ്ട്.











