
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടത്തുന്ന സമരത്തിന് പങ്കെടുക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. ട്രെയിൻ ബുക്കിംഗിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. റദ്ദാക്കലിന് പിന്നിൽ സമരം പൊളിക്കാനുള്ള കേന്ദ്രനീക്കമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് സിപിഐയുടെ നേതൃത്വത്തിൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് പ്രവർത്തകരെ ട്രെയിനിൽ ഡൽഹിയിലെത്തിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. 22 ബോഗികളുള്ള പ്രത്യേക ട്രെയിനാണ് ഇതിനായി ബുക്ക് ചെയ്തത്.
എന്നാൽ ട്രെയിൻ റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതിനൊപ്പം ബുക്കിംഗിനായി നൽകിയ 10 ലക്ഷം രൂപയും ഇന്നലെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തിയതായി ബിനോയ് വിശ്വം പറഞ്ഞു. ഏതോ ഒരു അക്കൗണ്ടിൽനിന്നാണ് തുക തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ ജനങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രവർത്തകരെ ഡൽഹിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.











