
തിരുവനന്തപുരം: ഇന്ത്യയുടെ സംഗീതചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ പിന്നണിഗായിക എസ്. ജാനകി ഇനി ഓർമ. ശനിയാഴ്ച രാത്രി മൈസൂരുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ഇരുപതിലധികം ഭാഷകളിലായി 48,000-ത്തിലേറെ ഗാനങ്ങൾ ആലപിച്ച് ആറു പതിറ്റാണ്ടിലേറെ സംഗീതലോകത്തെ വിസ്മയിപ്പിച്ച ജാനകിയമ്മയുടെ വിയോഗം സംഗീതാസ്വാദകരെ ദുഃഖത്തിലാഴ്ത്തി.
ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട എസ്. ജാനകി, അസാധാരണമായ ശബ്ദവൈവിധ്യവും ഭാവസമ്പന്നമായ ആലാപനശൈലിയും കൊണ്ടാണ് ഇന്ത്യൻ സംഗീതലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകൾക്കൊപ്പം ജർമൻ, ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും അവർ ഗാനങ്ങൾ ആലപിച്ചു.
സംഗീതരംഗത്തെ അതുല്യ സംഭാവനകൾക്ക് നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും വിവിധ സംസ്ഥാന സർക്കാരുകളുടെ 33 പുരസ്കാരങ്ങളും എസ്. ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്കാരവും ലഭിച്ചു. 2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാതെ അവർ വാർത്തകളിൽ ഇടം നേടിയിരുന്നു.
1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സിസ്ത്ല ജാനകിയായി ജനിച്ച അവർ ബാല്യകാലം മുതൽ സംഗീതത്തോട് അസാധാരണമായ താൽപര്യം പ്രകടിപ്പിച്ചു. ഒൻപതാം വയസ്സിൽ ആദ്യമായി പൊതുവേദിയിൽ ഗാനമാലപിച്ച ജാനകിക്ക് നാദസ്വരവിദ്വാൻ പൈഡിസ്വാമിയായിരുന്നു ഗുരു. ഔപചാരികമായി ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നില്ലെങ്കിലും സ്വാഭാവികമായ സംഗീതപ്രതിഭയായിരുന്നു അവരുടെ ഏറ്റവും വലിയ കരുത്ത്.
1957-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വിധിയിൻ വിളയാട്ട് വഴിയാണ് ചലച്ചിത്രഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ ആറു ഭാഷകളിൽ പാടിയ ജാനകി പിന്നീട് ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീതലോകത്തിന്റെ അഭിമാനമായി മാറി. 2017-ൽ മൈസൂരുവിൽ നടന്ന സംഗീതപരിപാടിക്കുശേഷം സജീവ സംഗീതജീവിതത്തോട് അവർ വിടപറഞ്ഞു.
മലയാള സിനിമയുമായുള്ള എസ്. ജാനകിയുടെ ബന്ധം അതീവ സവിശേഷമായിരുന്നു. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, ശ്യാം, എം.ബി. ശ്രീനിവാസൻ തുടങ്ങി നിരവധി സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ച അവർ മലയാളിക്ക് മറക്കാനാവാത്ത നൂറുകണക്കിന് ഗാനങ്ങൾ സമ്മാനിച്ചു. തളിരിട്ട കിനാക്കൾ, സൂര്യകാന്തി, വസന്ത പഞ്ചമി നാളിൽ, തേനും വയമ്പും, തുമ്പി വാ തുമ്പക്കുടത്തിൻ, ഒരു വട്ടം കൂടിയെൻ, ആടി വാ കാറ്റേ, ആഴക്കടലിന്റെ തുടങ്ങി തലമുറകളെ ഇന്നും ആസ്വദിപ്പിക്കുന്ന ഒട്ടേറെ ഗാനങ്ങൾ ജാനകിയമ്മയുടെ ശബ്ദത്തിലൂടെയാണ് മലയാളിക്ക് ലഭിച്ചത്. 2016-ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന ചിത്രത്തിലെ 'അമ്മ പൂവിനും' ആയിരുന്നു മലയാളത്തിലെ അവസാന ചലച്ചിത്രഗാനം.









