02:32am 25 May 2026
NEWS
മാലിന്യം അമൃതായ കാലം
24/05/2026  08:00 AM IST
ഡോ. ബി. അശോക്
മാലിന്യം അമൃതായ കാലം
HIGHLIGHTS

യഥാർത്ഥ ഇടതുപക്ഷമാണ്  പ്രകടമായ  ജനവിരുദ്ധ  വലതുപക്ഷ വാദത്തിൽക്കഴിഞ്ഞ മന്ത്രിസഭയെ തുരത്തിയത്.  

മൂന്നരക്കോടി മലയാളികൾക്കൊപ്പം ഞാനനുഭവിച്ച കേരള ചരിത്രത്തിലെ  ഒരു സവിശേഷകാലമാണ് 2016-2026.  കേരളത്തിൽ  സർവ്വീസിൽ വന്ന 1998 ൽ ഇങ്ങനെ ഒരു കാലം കേരളത്തിലുണ്ടാകും എന്നു കരുതിയിരുന്നില്ല. ഹിറ്റ്‌ലർ ജർമ്മനിക്കേൽപ്പിച്ച; മാനവികതയെയാകെ  എന്നെത്തേയ്ക്കും മരവിപ്പിച്ച മഹാ ആഘാതങ്ങൾക്കു സമാനമായി,  മുതലാളിത്ത വികസനത്തിന്റെ ഒരു വ്യാജപതിപ്പ് നിർമ്മിച്ച് അതിന്റെ പരസ്യത്തിന്റെ മധുരം  മാധ്യമങ്ങൾക്കും ജനങ്ങൾക്കും യഥേഷ്ടം നൽകി; അഴിമതി, വിശ്വാസവഞ്ചന, തട്ടിപ്പ് എന്നിവ വ്യക്തിഗത ലക്ഷ്യങ്ങളോടെ വിജയകരമായും വിശ്വാസയോഗ്യമായും   അവതരിപ്പിക്കപ്പെട്ട ഒരു കാലം.  പത്തിൽ ഏഴുവർഷമെങ്കിലും ഈ വക ക്ലാസിക്കിൽ ഫാസിസം  വിജയകരമായും ഏറെക്കുറെ സ്വീകാര്യമായും  നടത്തിയ അവസ്ഥ. ഫാസിസം  വികസനത്തിന്റെ മധുരമിഠായിപ്പൊതിയിൽ വിജയകരമായി  കേരളത്തിലെ പ്രബുദ്ധ(?) ജനതയെ കബളിപ്പിച്ച കാലം.   

ഏതാണ്ട് ഏഴു വർഷങ്ങളിലെ തുടർഭരണത്തിലൂടെ തന്നെ  തന്റെ  രാഷ്ട്രീയസംഘടനയുടെയും  മുന്നണിയുടെയും  സംസ്ഥാനത്തെ ഏതാണ്ട് ഒരു കോടി വോട്ടർമാരുടെയും നിയന്ത്രണത്തിൽ നിന്നും ഭരണകർത്താവ് പൂർണ്ണമായി പുറത്തു കടന്നിരുന്നു.   അദ്ദേഹത്തിനു ചുറ്റും എപ്പോഴും വട്ടമിട്ടു പറന്ന വൻകിട  ബിസിനസുകാരുടെയും  കോർപ്പറേറ്റുകളുടെയും കഴുകൻ വലയത്തിൽ  അദ്ദേഹവും അദ്ദേഹത്തെ പിന്തുണച്ച ചെറു ഉദ്യോഗസ്ഥസംഘവും പെട്ടുപോയി. അവരുടെ അതി വലതുപക്ഷ ((Ultra-right) സമീപനവും ഇടതു കാഡറിന്റെ എക്കാലത്തെയും ദൗർബല്യമായ രൂക്ഷമായ  ഒരുവക സാമൂഹ്യവിരുദ്ധ പ്രമാണി-ഫ്യൂഢൽ ഭാഷയും, എതിരാളി എന്നു തോന്നുന്നവരോടുള്ള  പ്രകടമായ ഭൗതികമായ അക്രമാത്മക സമീപനവുമാണ് ജനതയെ ഇത്ര വെറുപ്പിച്ചിട്ടുള്ളത്. എതിർശബ്ദം  പൊതു മണ്ഡലത്തിലും നിയമസഭയിലും സിവിൽ സർവ്വീസിലും മാധ്യമങ്ങളിലുമെല്ലാം നിർദ്ദയം അടിച്ചമർത്തിയെങ്കിലും, മുന്നണിയിലും പാർട്ടിയിലും അത്  തെരഞ്ഞെടുപ്പിൽ ശക്തമായി പ്രകാശിക്കപ്പെട്ടു. പാർട്ടി വിട്ട് തെരഞ്ഞെടുപ്പിൽ മുൻ   ഇടതുപക്ഷ മന്ത്രിവരെ വിജയകരമായി മത്സരിച്ചു എന്നതു മാത്രമല്ല; വിജയിച്ച മുഖ്യമന്ത്രിയുടെയും  മത്സരിച്ച എല്ലാ മന്ത്രിമാരുടെയും ജനപിന്തുണയിൽപ്പോലും വലിയതോതിൽ കുറവുണ്ടായതും  ഈ ആഭ്യന്തര തിരസ്‌ക്കാരത്തിന്റെ തെളിവാണ്. പൊതു മണ്ഡലത്തിലും മുന്നണിയിലും മാത്രമല്ല ഭരിച്ച പാർട്ടി സംഘടനയിൽ പോലും ഈ നിയോ-ഫാസിസ്റ്റ് സമീപനം   സ്വീകരിക്കപ്പെട്ടില്ല എന്നതിൽ കേരളത്തിന് ആശ്വസിയ്ക്കാം. യഥാർത്ഥ ഇടതുപക്ഷമാണ്  പ്രകടമായ  ജനവിരുദ്ധ  വലതുപക്ഷ വാദത്തിൽക്കഴിഞ്ഞ മന്ത്രിസഭയെ തുരത്തിയത്.  

എന്നാൽ ഏത് ഏകാധിപതിയും കുറെക്കാലം സ്വീകരിക്കപ്പെടുന്നതിൽ മർദ്ദിക്കപ്പെടുന്ന സമൂഹത്തിന്റെയും വ്യക്തികളുടെയും  ഒരു നിർണ്ണായക  പങ്കുണ്ട്. മർദ്ദനം സ്വീകാര്യമായ ഒരു നാട്ടുനടപ്പാണെന്ന് മർദ്ദിതർ പോലും വിശ്വസിക്കാനിടയായി.   നിരവധി വിദ്യാർത്ഥികളും സിവിൽ സർവ്വീസുകാരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം പരസ്യമായ  ശിക്ഷണ നടപടികളിലും മറ്റും മടുത്ത് ജീവനൊടുക്കിയപ്പോൾ ഭരണകർത്താവ് മുരടനടക്കിയില്ല,  തെരുവുനായയും  വന്യമൃഗങ്ങളും രൂക്ഷമായി ഉപദ്രവിച്ചവർക്കൊപ്പം ഒട്ടും നിന്നില്ല. 38,000 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു ചെറു സംസ്ഥാനത്ത് പ്രതിമാസം 2 കോടി  രൂപ നിരക്കിൽ ഹെലികോപ്ടർ ആവശ്യത്തിന് ലീസ് ചെയ്ത് വിമാന കമ്പനിയ്ക്ക് ഒരു ന്യായവുമില്ലാത്ത ലാഭമുണ്ടാക്കി. 30ഓളം വിദേശയാത്രകളിൽ നിന്നും  പ്രസ്താവിക്കപ്പെട്ടതുപോലെ   ജർമ്മൻ-സ്വിസ്സ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളോ  ജപ്പാനിൽ  നിന്നുള്ള  അതിവേഗ റെയിൽ  സംവിധാനമോ  നെതർലണ്ടിൽ നിന്നുള്ള നദീസൗഹൃദ പ്രളയ നിയന്ത്രണ സംവിധാനമോ സംസ്ഥാനത്തു നടപ്പിൽ വന്നില്ല.    ഈ അനുഭവങ്ങളെല്ലാം പൈങ്കിളി സ്വഭാവമുള്ള മാധ്യമ ഇടപെടലുകൾക്കപ്പുറം മുന്നോട്ടു പോയില്ല.   

എല്ലാം നടത്തിപ്പിൽ പാളി;  പാതി വഴിയിൽ നിലച്ചു.

 പ്രളയ പ്രതിരോധം പഠിച്ച ചെന്നൈ ഐ.ഐ.ടി. സമർത്ഥിച്ച  പമ്പാനദീ-സാഗരമുഖം വികസിപ്പിക്കാനുള്ള  നിർദ്ദേശം പോലും നടപ്പാക്കിയില്ല.   കുട്ടനാട്ടെ കർഷകർക്കും പ്ലാന്റേഷൻ മേഖലയ്ക്കും ആശ്വാസം നൽകാനാവിഷ്‌ക്കരിച്ച  പുതിയ പദ്ധതികളൊന്നും വെളിച്ചം കണ്ടില്ല.   
2023നു ശേഷം കേന്ദ്ര കടമെടുപ്പുനിയന്ത്രണങ്ങൾ കാരണം സംസ്ഥാന ബജറ്റ്  തന്നെ  അകാല ചരമം പ്രാപിച്ചിരുന്നു.  പ്രതിവർഷം  20,000-30,000 കോടി രൂപ പദ്ധതി അടങ്കലിൽ വെട്ടിക്കുറച്ചു.   എന്നാലിത് ഭരണ-ധൂർത്തിൽ ഒരു കുറവും വരുത്തിയില്ല.  ഭക്ഷ്യ  കാർഷിക സബ്‌സിഡികളും വിളനാശത്തിനുള്ള  ധനസഹായവും പട്ടിക ജാതി -പട്ടിക വർഗ്ഗ സ്‌കോളർഷിപ്പുകളും പോലും തടസ്സപ്പെട്ട് വോട്ടർമാർ ദുരിതത്തിലമർന്നപ്പോൾപ്പോലും, ഭരണക്കാർ രാജകീയമായ 40 വാഹന അകമ്പടികൾ  ഉപേക്ഷിച്ചില്ല. വിദേശ യാത്രകളിൽ ഒപ്പം പോയ  വ്യവസായികളെപ്പോലും  അമ്പരപ്പിച്ച പ്രതിദിനം 7  ലക്ഷം  രൂപ വരെ ചെലവിട്ടുള്ള  ധൂർത്ത് ശൂന്യമായ  ഖജനാവിലേൽപ്പിച്ചു.   കുടുംബസമേതം പതിനഞ്ചിലധികം  രാജ്യങ്ങളിലും അന്താരാഷ്ട്ര ടൂറിസ്റ്റ് സ്ഥലങ്ങളിലും സന്ദർശിച്ചു.  ഇതിനെല്ലാം എന്റെ അറിവിൽ ചെലവിട്ടത് ഖജനാവിലെ നൂറിലേറെ കോടി രൂപയാണ്.   

കടക്കെണിയിൽ പ്രതിദിനം അമർന്ന സർക്കാർ അന്താരാഷ്ട്ര സമാധാനത്തിന് രണ്ടു കോടി രൂപ ചെലവിട്ടു; ദശകോടികൾ ചെലവിട്ട് ഇതര ലോക രാജ്യങ്ങളിൽ ലോകകേരളസഭയുടെ വ്യത്യസ്ത പതിപ്പുകളും നടത്തി. ഒരു വികസനനേട്ടവും കൈവരിയ്ക്കാത്ത യുവജനോത്സവ ഉത്സവസമാനമായ പബ്ലിസിറ്റി പരിപാടികളിലായിരുന്നു അവസാന 3 വർഷം ഊന്നൽ.  പി.ആർ.വർക്ക് സർക്കാരിന്റെ  ഒരേയൊരു ലക്ഷ്യവും മാർഗ്ഗവുമായി മാറി. 

തെരഞ്ഞെടുപ്പിന് വൻപലിശയ്ക്ക് കടമെടുത്ത  കിഫ്ബി ബജറ്റിൽ നിന്നും 200 കോടി രൂപയോളം പ്രതിഛായാ നിർമ്മിതിയ്ക്കും, സംസ്ഥാനത്തൊട്ടാകെ ഉയർത്തിയ  ഹോർഡിംഗുകൾക്കും ചെലവിട്ടു. ദേശീയ-സംസ്ഥാന പാതകളിലാകെ  300 ലധികം 30 അടി ഹോർഡിംഗുകളിൽ നിറഞ്ഞ ഏകാധിപതിയുടെ ഫാസിസ്റ്റ്  മുഖം എത്ര നിർമ്മിതബുദ്ധി ഉപയോഗിച്ച് ''പുഞ്ചിരിപ്പിച്ച്'' എടുത്തതാണെങ്കിലും, കണ്ട എല്ലാവരോടും അതു നടത്തിയത് ദുരിതപ്പെട്ടു നിൽക്കുന്നവനെ വല്ലാതെ അരിശപ്പെടുത്തിയ ഒരു അസ്തിത്വ  സംവാദമായിരുന്നു,   ''നിങ്ങൾക്ക് ഞാനല്ലാതെ  മറ്റാരുണ്ട്'' എന്നതായിരുന്നു  ഹോർഡിംഗ് ഉയർത്തിയ ആ  ചോദ്യം.  സ്വീകാര്യത നിർമ്മിച്ചെടുക്കാൻ ഏകാധിപതിയുടെ മാലിന്യത്തിന് പോലും അറേബ്യയിലെ സുഗന്ധദ്രവ്യങ്ങൾ   നിത്യം പൂശിക്കൊണ്ട്,  ധർമ്മപുരാണത്തിൽ സാക്ഷാൽ ഒ.വി വിജയൻ വരച്ചിട്ട അശ്ലീലം തീർത്ഥമായി സ്വീകരിച്ചിരുന്ന വിചാരണ ചെയ്യപ്പെടേണ്ട ഒരു പറ്റം മാധ്യമ  സാംസ്‌കാരിക ബുദ്ധിജീവികളും  മുന്നോട്ടു വച്ച 'എന്നെന്നേയ്ക്കും  ഈ ഫാസിസം' എന്ന സുന്ദര സ്വപ്നം പക്ഷേ ധർമ്മടത്തെ വോട്ടർമാർ പോലും തിരിച്ചറിഞ്ഞു, തിരസ്‌ക്കരിച്ചു. എൻ.എസ്. മാധവനും മറ്റും മനസ്സിലാകാത്തത് ധർമ്മടത്തെ ധർമ്മക്കാരനു പോലും മനസ്സിലായി!

സത്യം ഗ്രഹിക്കാൻ ആരെയും ആശ്രയിക്കാനാവാത്ത,  മുഴുവൻ അപകടവും തലയിലേറ്റി തലവരയും ധർമ്മത്തെയും നീതിയെയും ഭരണഘടനയെയും ആശ്രയിച്ച് പിടിച്ചു നിൽക്കാനുള്ള   പ്രേരണയിലാണ് ഈ മാലിന്യം  അമൃതായി ചിലർ വിജയകരമായി അവതരിപ്പിച്ച കാലത്തെയും   അതിജീവിക്കാൻ ശ്രമിച്ചത്.   ജീവൻ ഒടുങ്ങുന്നെങ്കിൽ ഒടുങ്ങട്ടെ; പോരാടി മരിക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു ഉള്ളിൽ.  

കേരളത്തിൽ 18 ലക്ഷം വോട്ടർമാരെങ്കിലും ഈ സത്യം തിരിച്ചറിഞ്ഞ്  അന്നുവരെയുള്ള തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യം പാടേ വിട്ടൊഴിഞ്ഞ് പാർട്ടി അംഗത്വച്ചീട്ടും വിപ്പും മാധ്യമ  പ്രേരണയും പാടേ മാറ്റിവച്ച്  ഈ ഫാസിസ്റ്റ് അശ്ലീലം ഒടുങ്ങാൻ വോട്ട് ചെയ്തു എന്നത് ആവേശം പകരുന്നു. ജനാധിപത്യം  എപ്പോഴും അങ്ങനെ പിഴയ്ക്കില്ല എന്ന ആത്മവിശ്വാസം പകരുന്നു;   ജനനന്മയിൽ വിശ്വസിച്ച് സുതാര്യമായി ശിഷ്ടകാലം  പൊതു സേവനത്തിൽ മുഴുകാൻ  ആത്മവിശ്വാസമേകുന്നു ഈ ജനവിധി. 

ഇടക്കാലത്തെ ജളത്വം വിട്ടൊഴിഞ്ഞ് കേരളജനത അസ്തിത്വം വീണ്ടെടുത്ത് ഒരു വികസിത ജനാധിപത്യ സമൂഹമായി അഭിവൃദ്ധിപ്പെടാനുതകട്ടെ ഈ ചരിത്ര ജനവിധി. 

ജീവൻ തിരിച്ചു തന്നതിന് ജനമേ; നന്ദി!
(അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img