കൊച്ചി: കഴിഞ്ഞ രണ്ടു വര്‍ഷവും കൊച്ചിയില്‍ സഭൈക്യത്തിന്‍റെ വസന്തം വിരിയിച്ച വൈറ്റില- കടവന്ത്ര വിസ്മയരാവ് മൂന്നാം തവണയും ഡിസംബര്‍ 22 ന് നടത്തുമെന്ന് ജനറൽ കൺവീനറും ഫാത്തിമ മാതാ പള്ളി വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ ക്രിസ്തുമസ് സ്നേഹസംഗമത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി ഫാ. ജോയ് അയിനിയാടൻ, സെന്‍റ് മേരീസ് സൂനോറോ പള്ളി വികാരി ഫാ. സാംസണ്‍ മേലോത്ത് എന്നിവര്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് കടവന്ത്ര സാന്‍ജോ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാനും ജറുസലേം മാര്‍ത്തോമ്മാ പള്ളി വികാരിയുമായ ഫാ. കെ.ജി. ജോസഫ് അധ്യക്ഷത വഹിച്ചു.
സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ജോൺസൺ ഡിക്കുഞ്ഞ, സിഎസ്ഐ ക്രൈസ്റ്റ് പള്ളി വികാരി ഫാ. മാമ്മന്‍ ആബേ, സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. പ്രിന്‍സ് മാത്യു, സെന്‍റ് പാട്രിക്ക് പള്ളി വികാരി ഫാ. സോജൻ തോപ്പിൽ എന്നിവര്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി 100 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതായി പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ജോസഫ് കണിയാംപറമ്പില്‍ പറഞ്ഞു.
ഇത്തവണയും ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന വിസ്മയ രാവ് റാലി നഗരത്തിന് സന്തോഷമേകും. എളംകുളം ഫാത്തിമ മാതാ പള്ളിയില്‍ നിന്ന് തുടങ്ങുന്ന റാലി സമ്മേളനവേദിയായ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍ എത്തിച്ചേരും.വൈറ്റില സെന്‍റ് പാട്രിക് , എളംകുളം സെന്‍റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്‍റ് ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെന്‍റ് ജോസഫ്, സെന്‍റ് സെബാസ്റ്റ്യന്‍, എന്നീ പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരുമാണ് മതമൈത്രിയുടെയും എക്യുമെനിസത്തിൻ്റെയും ഈ സ്നേഹ വിസ്മയം അണിയിച്ചൊരുക്കുന്നത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിച്ച് ഈ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കം കുറിക്കും. സിഎസ്ഐ സഭ കൊച്ചി മെത്രാന്‍ റൈറ്റ്. റവ. കുര്യന്‍ പീറ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ വിസ്മയരാവ് സമാപിക്കും. സ്നേഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
For Details Pls Contact :
1. Fr. Martin Thaiparampil - 9895490590
2. Fr. Joseph Kaniamparambil- 9446580300
3. Fr. Stepehen - 8281305272
4. Rekha Bitta - 9895132640








