
ദോഹ: കോർപ്പറേറ്റ് സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മികച്ച ഭരണനിർവഹണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ ഇ.എസ്.ജി (Environmental, Social, and Governance) ഉച്ചകോടി ഒക്ടോബർ 6, 7 തീയതികളിൽ ദോഹയിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടക്കും. 'ഹൗകമ ഇന്റർനാഷണൽ' ആണ് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ഖത്തർ ചേംബർ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ആഗോള വ്യവസായ മേഖലയിൽ മത്സരക്ഷമത നിലനിർത്തുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇ.എസ്.ജി മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ചേംബർ ആക്ടിങ് ജനറൽ മാനേജർ അലി ബു ഷെർബാക്ക് അൽ മൻസൂരി പറഞ്ഞു. രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് ഭരണനിർവഹണത്തിലും സാമൂഹിക പ്രതിബദ്ധതയിലും പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ഈ ഉച്ചകോടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











