
ദോഹ: ഖത്തറിലെ സാംസ്കാരിക മേഖലയ്ക്ക് പ്രാദേശിക തലത്തിലും അറബ് ലോകത്തും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള എല്ലാ കരുത്തുമുണ്ടെന്ന് പ്രമുഖ നാടക നിരൂപകൻ ഡോ. ഹസൻ റാഷിദ്. ഖത്തറിലെ കലാരംഗത്തിന്, പ്രത്യേകിച്ച് നാടകരംഗത്തിന് ദശകങ്ങളുടെ പാരമ്പര്യവും അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ വലിയൊരു നിരയും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രാദേശിക
പത്രമായ 'അൽ-ഷർഖിnu നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടകപ്രവർത്തനങ്ങൾ വെറും സീസണൽ ആഘോഷങ്ങളിൽ ഒതുങ്ങരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും പഴക്കമേറിയ നാടകമേളയായ 'ദോഹ തിയേറ്റർ ഫെസ്റ്റിവൽ' വെറുമൊരു ചടങ്ങായി അവസാനിക്കരുത്. മറിച്ച്, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സജീവമായ ഒരു നാടക ചലനത്തിന് ഇത് അടിത്തറയാകണം. മികച്ച ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചാൽ ഖത്തറിന് അറബ് സാംസ്കാരിക ഭൂമികയിൽ മുൻനിരയിലെത്താൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.കല വെറുമൊരു കാഴ്ചവസ്തുവല്ല, മറിച്ച് ആഴത്തിലുള്ള മാനുഷിക സന്ദേശമാണെന്ന് ഡോ. ഹസൻ റാഷിദ് വ്യക്തമാക്കി. തന്റെ അമേരിക്കൻ സന്ദർശനത്തിനിടയിൽ കണ്ട ഒരു സമകാലിക കലാസൃഷ്ടിയെ അദ്ദേഹം അനുസ്മരിച്ചു. മൂന്നാം ലോകമഹായുദ്ധത്തിന് ശേഷം മനുഷ്യരാശി അവശേഷിപ്പിച്ചേക്കാവുന്ന അടയാളങ്ങളെക്കുറിച്ചുള്ള (പട്ടാളക്കാരന്റെ തൊപ്പി, ചെരിപ്പുകൾ തുടങ്ങിയവ) ആ ചിത്രം കലയുടെ ദാർശനിക തലത്തെയാണ് വ്യക്തമാക്കുന്നത്.











