01:46pm 18 August 2026
NEWS
സി.പി.എമ്മിൽ പൊട്ടിത്തെറിയുടെ മഞ്ഞുരുക്കം
30/07/2026  11:47 AM IST
അഡ്വ.എം. മനോഹരൻപിള്ള
സി.പി.എമ്മിൽ പൊട്ടിത്തെറിയുടെ മഞ്ഞുരുക്കം

1964 ലെ ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിന് ശേഷമുള്ള വസന്തകാലത്താണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. ആദ്യം കെ.എസ്.വൈ.എഫ്. പിന്നെ 1970 മുതൽ എസ്.എഫ്.ഐ, ദേശാഭിമാനി സ്റ്റഡി സർക്കിൾ. അങ്ങനെ ആലപ്പുഴ ജില്ലയിലെ പാർട്ടി വഴി തിരുവനന്തപുരത്തേക്ക് 1975 ൽ. പിന്നെ അടിയന്തിരാവസ്ഥയുടെ ആദ്യനാളുകൾ. എം.എൽ.എ ക്വാർട്ടേഴ്‌സിലെ താമസം. സിബിസി വാര്യരുടെ മുറിയിലൂടെ പാർലമെന്ററി പാർട്ടി രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക്. കമ്മ്യൂണിസ്റ്റ് മൂല്യശോഷണത്തിന്റെ നെല്ലിപ്പടവുകൾ തകർന്നുതാഴുന്ന രംഗങ്ങൾ. ഇൻഡ്യൻ സ്‌ക്കൂൾ രാഷ്ട്രീയത്തിലൂടെ ലഭിച്ച താൽക്കാലിക ജോലിയുടെ ആസ്വാദനം എം. സുകുമാരന്റെ ശേഷക്രിയയിലൂടെ കെട്ടടങ്ങിക്കൊണ്ടിരുന്നു.

അപ്പോഴും പ്രതീക്ഷയുടെ കിരണങ്ങളുമായി ഇ.എം.എസ്, എ.കെ.ജി, പി. സുന്ദരയ്യ എന്നിവരുടെ പ്രതിഭ സ്വപ്നങ്ങൾ ആയി പ്രതിഫലിച്ചു.
1978 മുതൽ കെ.എസ്.ഇ.ബിയിലൂടെ സി.ഐ.ടി.യു രാഷ്ട്രീയം പച്ചപിടിക്കുന്നത് കണ്ടാസ്വദിച്ചു.  ബി.ടി.രണദിവെയും പി. രാമമൂർത്തിയും ഇ. ബാലാനന്ദനും അടയാളപ്പെടുത്തിയ സിഐ.ടി.യു എന്ന തൊഴിലാളിപ്രസ്ഥാനം പാർട്ടിയെക്കാൾ വളർന്നുപന്തലിച്ചിരുന്നു.
പശ്ചിമബംഗാളിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യനായിരുന്ന ജ്യോതിബാസുവും പ്രമോദ് ദാസഗുപ്തയും ബുദ്ധദേവ് ഭട്ടാചാര്യയും ഒക്കെയുണ്ടായിരുന്നപ്പോൾ, ഭരണവും പാർട്ടിയും നിയന്ത്രണ വിധേമായിരുന്നു. ത്രിപുരയിൽ നൃപൻ ചക്രവർത്തിയും പിടിച്ചുനിന്നു.

കേരളനേതൃത്വം കയ്യടക്കി കണ്ണൂർ

എ.കെ.ജി തന്റെ പ്രവർത്തനം തിരുവിതാംകൂറിലേക്ക് മാറ്റിയപ്പോൾ മലബാറിൽ നിന്നൊരു നമ്പ്യാർ പാർട്ടി പിടിച്ചെടുക്കാൻ വന്നുവെന്നും, പുന്നപ്ര വയലാർ സമരനായകനായിരുന്ന സി.കെ. കുമാരപ്പണിക്കരുടെ അനന്തിരവൾ സി.കെ. സുശീലയെ കൊണ്ട് കല്യാണം കഴിപ്പിച്ച് സുശീല ഗോപാലനാക്കി എന്നും പാർട്ടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം.വി.ആർ വിഷയത്തിന്റെ കാലത്ത് മേൽപ്പറഞ്ഞ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.കെ. ചെല്ലപ്പൻ നമ്പ്യാർ രാഷ്ട്രീയം ഉദാഹരിച്ചത്. ഈഴവരല്ലാത്ത പാർട്ടി പ്രവർത്തകരെ ആകെ അത് ആശയക്കുഴപ്പത്തിലാക്കി.

1957 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിൽ വന്നാൽ കേരള ക്രൂഷ്‌ചേവ് എന്നറിയപ്പെട്ടിരുന്ന എം.എൻ. ഗോവിന്ദൻ നായർ മുഖ്യമന്ത്രിയാകുമെന്ന് തിരുവിതാംകൂർ രാഷ്ട്രീയ നേതൃത്വം പ്രതീക്ഷിച്ചു. തിരു-കൊച്ചി പ്രതിപക്ഷ നേതാവായിരുന്ന ടി.വി. തോമസിനെപ്പോലും അപ്രസക്തനാക്കി ചെങ്ങന്നൂർ, പത്തനംതിട്ട, പത്തനാപുരം, പൊൻകുന്നം, ചങ്ങനാശ്ശേരി, തിരുവല്ല എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച നായന്മാരായ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾക്കുവേണ്ടി സാക്ഷാൽ മന്നത്ത് പത്മനാഭൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത് എം.എൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു എന്നും വിമോചന സമരകാലത്ത് വാർത്തകൾ ഇറങ്ങിയിരുന്നു.

അവസാനം നീലേശ്വരം എന്ന കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ദ്വയാംഗമണ്ഡലത്തിൽ നിന്നും ജയിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായി. എം.എൻ. സംസ്ഥാന സെക്രട്ടറിയായി തുടർന്നു. ടി.വി. തോമസ് മന്ത്രിയായി.
ഇ.എം.എസ് പിന്നെ പട്ടാമ്പിയിലേക്കും, അവസാനം ആലത്തൂരിൽ വച്ച് അങ്കവും നിർത്തി.
1980 ലും 87 ലും ഇ.കെ. നായനാർ കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദൻ ആലപ്പുഴയിൽ നിന്നും സംസ്ഥാന സെക്രട്ടറിയുമായി. ഇ.കെ. നായനാർ 1996 ൽ വീണ്ടും മൂന്നാം തവണ മുഖ്യമന്ത്രി. ആദ്യം കണ്ണൂർകാരൻ ചടയൻ ഗോവിന്ദൻ സെക്രട്ടറിയുമായി. 1998 ൽ ചടയൻ മരിച്ചപ്പോൾ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി.

പോരാട്ടത്തിന് പുത്തൻ മുഖങ്ങൾ, കണ്ണൂർ മാറിമറിഞ്ഞു

1977 ലെ കേരള നിയമസഭയുടെ നയപ്രഖ്യാപനത്തിന് വന്ന ഗവർണർ എൻ.എൻ. വാഞ്ചുവിനെതിരെ ചെരിപ്പുവലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. യൂണിവേഴ്‌സിറ്റി ലൈബ്രറിഹാൾ വഴി എം.എൽ.എ ക്വാർട്ടേഴ്‌സിലേക്ക് നടന്നുവരുന്ന ഗൗരവക്കാരനായ എം.വി. രാഘവന്റേയും ഒരു പുതിയ  ലെതർ ചെരിപ്പ് ഉയർത്തിപ്പിടിച്ചുകൊണ്ട് കൂടെ നടന്നുവരുന്ന പിണറായി വിജയന്റേയും മുഖങ്ങൾ എനിക്ക് മറക്കാനാവില്ല.
അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനം പോലും പങ്കിട്ട അവർക്കിടയിലെ സ്‌നേഹം പിരിച്ചത് ബദൽരേഖയാണെന്ന് ഞാൻ കരുതുന്നില്ല. അധികാരകേന്ദ്രങ്ങൾ പിടിച്ചെടുക്കാനുള്ള മത്സരവുമല്ല കാരണം. എക്കാലത്തും സി.പി.എമ്മിൽ കയറിപ്പറ്റിയിട്ടുള്ള കുടിപ്പകയുടെ പര്യായമായ സ്ത്രീവിഷയം മാത്രമാണെന്നാണ് എം.വി. രാഘവനേയും പിണറായി വിജയനേയും അടുത്തറിയാവുന്ന എന്റെ വിശ്വാസം. അല്ലെങ്കിൽ അവർക്കു രണ്ടുപേർക്കും ഒരുപോലെ മനസ്സുകൊടുത്തിരുന്ന പാട്യം രാജൻ വെളിപ്പെടുത്തട്ടെ യഥാർത്ഥസത്യങ്ങൾ.

ഇ.കെ. നായനാർ മുതൽ പിണറായി വിജയൻ വരെ

1970 മുതൽ കണ്ണൂരിലെ സി.പി.എം ഹയറാർക്കിടയിൽ എന്തുകൊണ്ടോ ഒന്നാമത് എത്തിയത് അഴിക്കോടൻ രാഘവന്റേയും സി.എച്ച്. കണാരന്റേയും മരണവേഷം പിൻമാറി, പി.വി. കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും ബദൽ രേഖയുടെ ബലിയാടുകളായി.
1977 ലെ പാട്യം ഗോപാലന്റെ ആകസ്മികമരണം സൃഷ്ടിച്ച വിടവുകളാണ് എം.വി. രാഘവനെ എം.വി.ആർ ആക്കിയത്. സമാനതകളില്ലാത്തവിധം പാർട്ടിയിലും പാർലമെന്ററി രംഗത്തും നേടിയ വിസ്മയകരമായ വളർച്ച ശത്രുക്കളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എം.വി.ആറിനുശേഷം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് ചരടുകൾ വലിച്ച പിണറായി വിജയൻ മുഖ്യശത്രുവായി കണ്ട എം.വി.ആറിന്റെ പേരിൽ കണ്ണൂരിലെ സ്ത്രീവിഷയത്തിന്റെ വേട്ടയാടലുകൾ എം.വി.ആറിനും പരിക്കേൽപ്പിച്ചിട്ടുണ്ട്.

ബദൽരേഖയിൽ എം.വി. രാഘവനും കൂട്ടരും പാർട്ടിക്ക് പുറത്തായതോടെ കണ്ണൂരിൽ പിണറായി വിജയന്റെ സർവ്വാധിപത്യം തുടങ്ങി.  സമാന്തരമായി തന്നെ പാർട്ടിയിൽ സി.ഐ.ടിയു വിഭാഗം പിരിമുറുക്കം തുടങ്ങി. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റായ ബാലാനന്ദന്റെ ചരടുവലികൾ അതിന്റെ പിന്നിലുണ്ടായിരുന്നു. പാർട്ടിയിൽ സി.ഐ.ടി.യു വിഭാഗത്തിന്റെ സ്വാധീനം ഉറപ്പിക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുകയായിരുന്നു.

എം.വി. ഗോവിന്ദന്റെ  തിരിച്ചുവരവ് എം.വി.ആറിന്റെ ഔദാര്യം

കണ്ണൂരിൽ പാർട്ടിയുടെ നേതൃത്വം പിണറായി വിജയന്റെ കൈകളിൽ ഉറച്ചതോടെയാണ് എല്ലാ അർദ്ധഫാസിസ്റ്റ് മോഡലുകളിലൂടെ ജനാധിപത്യ വിരുദ്ധമാർഗ്ഗങ്ങളിലൂടെയും എം.വി.ആറിനെ നേരിടാൻ തുടങ്ങിയത്. അതിൽ ഏറ്റവും പ്രാകൃതമായത് രാഘവൻ പ്രയോഗം ആയിരുന്നു. ഇ.എം.എസ് വിളിച്ചുതുടങ്ങിയതാണ് എന്ന ന്യായംപറഞ്ഞു. ഇ.എം.എസ്, കാട്ടായിക്കോണം ശ്രീധറിനെപ്പോലും 'ശ്രീധർ' എന്നേ അഭിസംബോധന ചെയ്തിരുന്നുള്ളൂ.
ഒരു കാലത്ത് കണ്ണൂരിൽ സി.പി.എമ്മിൽ നിൽക്കണമെങ്കിൽ എം.വി.ആറിനെ രാഘവൻ എന്നുവിളിക്കണം. ആ പരാതിയിൽ പാർട്ടിയിൽ നിന്ന് പിണങ്ങി മാഷ്പണിയിലേക്ക് മടങ്ങിയ ആളാണ് ഗോവിന്ദൻ മാസ്റ്റർ.

അദ്ദേഹം പിന്നെ എ.വി.ആറിനെ കാണാൻ പോയപ്പോൾ ഒരുയർന്ന കേഡറായ ഗോവിന്ദൻ മാസ്റ്ററെ സി.പി.എം ൽ തുടരാൻ ഉപദേശിച്ചു. മാത്രമല്ല തന്നെ എന്തുവിളിച്ചാലും പരാതിയില്ലെന്ന് എം.വി.ആർ ഉറപ്പിച്ചുപറഞ്ഞതോടെ മാസ്റ്റർ വീണ്ടും പാർട്ടിയിൽ എത്തി.
ഇപ്പോൾ ഗോവിന്ദൻ മാസ്റ്റർ സി.പി.എം സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമാണ്. എം.വി. ആറിന്റെ ഔദാര്യവും മാഷിന്റെ ജീവിതഭാഗ്യവും.
തിരുവനന്തപുരത്തു അന്ന് ഛോട്ടാ സഖാക്കൾക്ക് രാഘവൻ വിളി ഒരു ഫാഷനായിരുന്നു.
ഗത്യന്തരമില്ലാതെ ആക്രമണങ്ങളെ നേരിടാൻ കെ. സുധാകരന്റെ സംരക്ഷണം തേടിയ എം.വി.ആറിനെ കെ. കരുണാകരൻ യു.ഡി.എഫിലെ പാർട്ടിയാക്കി. മന്ത്രിയാക്കി. രണ്ടുതവണ മന്ത്രിയായി. മന്ത്രി എം.വി. രാഘവനായി. സി.എം.പിയുടെ പാരമ്പര്യം നിലനിർത്തിയ സി.പി. ജോൺ ഇപ്പോൾ യു.ഡി.എഫ് ഭരണത്തിൽ മന്ത്രിയായി. 40 വർഷത്തെ രാഷ്ട്രീയ അദ്ധ്വാനത്തിന്റെ പ്രതിഫലം. 

ഇ.എം.എസ് കൈവിട്ടു, വി.എസ് തോറ്റു, നായനാർ സെക്രട്ടറിയായി

1985 മുതൽ തന്റെ ടാർജറ്റായി കണ്ട എം.വി.ആറിനെയും കൂട്ടരേയും പാർട്ടിക്ക് പുറത്താക്കിയ ഇ.എം.എസ് തിരിച്ചറിഞ്ഞു, സംഘടനാരംഗത്ത് വെട്ടിനിരത്തൽ മാത്രം കൈമുതലായുള്ള നിർഗുണനായ പാർട്ടി സെക്രട്ടറിയായിരുന്നു എന്ന ഇ.എം.എസിന്റെ തിരിച്ചറിവാണ് വി.എസിന്റെ പതനത്തിനിടയാക്കിയത്.
എറണാകുളത്തെ സമ്മേളനത്തിൽ ഇ.കെ.  നായനാരെയാണ് വി.എസിനെതിരെ സെക്രട്ടറി സ്ഥാനാർത്ഥിയായി ഇ.എം.എസ് നിർത്തിയത്.
കെ. കരുണാകരൻ ഭരണകാലത്ത് പ്രതിപക്ഷ നേതാവും പാർട്ടി സെക്രട്ടറിയും ഇ.കെ. നായനാരായിരുന്നു. തനിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനമെങ്കിലും തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് വി.എസ്. പോളിറ്റ്ബ്യൂറോയെ സമീപിച്ചു. സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വി.എസിന് പി.ബി അംഗത്വം നഷ്ടപ്പെട്ടിരുന്നില്ല. അപ്പോഴേക്കും 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരുന്നു.
മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആകാൻ മാരാരിക്കുളത്ത് മത്സരിച്ച വി.എസിനെ ആലപ്പുഴയിലെ സി.ഐ.ടി.യു വിഭാഗം കാലുവാരി തോൽപ്പിച്ചു. അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അമ്പലപ്പുഴയിൽ മത്സരിച്ച സുശീല ഗോപാലനായിരുന്നു.

വിഎസിന്റെ പ്രതികാരം മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കലാശിച്ചു. മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് സുശീലഗോപാലനെതിരെ ഇ.കെ. നായനാരെയും, സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ.എൻ. രവീന്ദനാഥിനെതിരെ ചടയൻ ഗോവിന്ദനേയും നിർത്തി. മലബാർ വിഭാഗത്തിന്റെ പിന്തുണയോടെ ചടയനും നായനാരും ജയിച്ചു. ഇ.കെ. നായനാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി.
വി.എസിന്റെ പ്രതികാരവും വൈരാഗ്യവും കെട്ടടങ്ങിയില്ല. വീണ്ടും പാലക്കാട് സമ്മേളനത്തിൽ സി.ഐ.ടി.യു വിഭാഗത്തിനെ വെട്ടിനിരത്തി വി.എസ് പാർട്ടിയിൽ അജയ്യനായി. എം.എം. ലോറൻസിനെ പുറത്താക്കി വി.എസ്. ഇടതുമുന്നണി കൺവീനറുമായി. 80 മുതൽ മുഖ്യമന്ത്രിയാകാൻ നായനാർക്ക് പിന്നാലെ കൂടിയതാണ്. 

മലബാറിൽ നിന്നൊരു മുഖ്യമന്ത്രി ചാന്നാർ


1978 ൽ എ.കെ.ജിയുടെ മരണശേഷം നടന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ കേരളത്തിൽ നിന്ന് ഇ.ബാലാനന്ദനെയാണ് പി.ബിയിലേക്ക് തെരഞ്ഞെടുത്തത്. ഇ.കെ. നായനാർക്കും വി.എസിനും, നിരാശയുണ്ടായിരുന്നു. ഏറ്റവും അമർഷം വി.എസിനായിരുന്നു. കാരണം ഇ.ബാലാനന്ദൻ ഈഴവനായിരുന്നു. 80 ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി. 1978 ൽ ഇരിക്കൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച നായനാർ എം.എൽ.എ ആയി. വി.എസ് പാർട്ടി സെക്രട്ടറിയായി. വി.എസിനെ തോൽപ്പിച്ച് നായനാർ സെക്രട്ടറിയാകുന്നതുവരെ വി.എസ് തുടർന്നു. 1996 ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് എന്ന മുഖ്യമന്ത്രിസ്ഥാനാർത്ഥി തോറ്റു. 87 ൽ മുഖ്യമന്ത്രിയാകുമെന്നു പാർട്ടി അണികളും കേരളവും പ്രതീക്ഷിച്ച കെ.ആർ. ഗൗരിയമ്മയെയും പാർട്ടി വെട്ടി. വി.എസിന്റെ രണ്ടാം വിജയം. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്തത്തിൽ സുശീല ഗോപാലനെ തോൽപ്പിച്ച് വി.എസിന്റെ മൂന്നാം വിജയം. 1978 ൽ പ്രതിപക്ഷ ഉപനേതാവും 80 ലും 87 ലും 96 ലും മന്ത്രിയുമായ ടി.കെ. രാമകൃഷ്ണന്റെ സ്വാഭാവിക പിൻമാറ്റം വി.എസിന് അനുകൂലമായി. പാലോളി ഒരിക്കലും ഒരു സി.പി.എം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരില്ലെന്ന് വി.എസിന് ഉറപ്പുണ്ടായിരുന്നു.
1998 ൽ മന്ത്രിസ്ഥാനം രാജിവച്ച് പാർട്ടി സെക്രട്ടറിയായി പിണറായി അവതരിച്ചപ്പോൾ മലബാറിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മറ്റൊരു തീയ്യ ചാന്നാരെപ്പറ്റി വി.എസ് ചിന്തിച്ചില്ല. എസ്.ആർ.പിയെ ദൽഹിയിലേക്ക് ചേക്കേറിച്ച് സ്വസ്ഥമായിരിക്കുമ്പോൾ ഇടിത്തീ പോലെയായിരുന്നു പിണറായി എന്ന തെയ്യത്തിന്റെ ഇറക്കം.

പിണറായി- വി.എസ് പോർമുഖങ്ങൾ

പാർട്ടിക്കുള്ളിൽ ഗ്രൂപ്പിലായാലും പുറത്തായാലും വ്യവസ്ഥ വച്ചുമാത്രം സഹായിക്കുന്നതാണ് ആലപ്പുഴ മുതലുള്ള വി.എസിന്റെ ശീലം. അവയലബിൾ പി.ബി കൂടിയാണ് തീരുമാനം എടുക്കുന്നതെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ എതിർക്കാൻ ആളെ ഏർപ്പാടാക്കാറുണ്ട് വി.എസ്. നായനാരെ മുഖ്യമന്ത്രിയാക്കിയപ്പോഴും വി.എസ് വ്യവസ്ഥകൾ വച്ചിരുന്നു. എന്നാൽ പ്രൈവറ്റ് സെക്രട്ടറി മുരളീധരൻ നായർ അനുസരിക്കാറുണ്ടായിരുന്നെങ്കിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി അന്ന് ഈ ഉത്തരവുകൾ അനുസരിച്ചിരുന്നില്ല.
പിണറായി സെക്രട്ടറിയായപ്പോൾ വി.എസിന്റെ വ്യവസ്ഥ പ്രകാരം പിണറായിക്ക് തൃശൂരിന് തെക്കോട്ട് ജില്ലകളിൽ ഇടപെടുന്നതിന് വിലക്കുണ്ടായിരുന്നു. എറണാകുളത്തെ എം.എം. ലോറൻസിനെയും കെ.എൻ. രവീന്ദ്രനാഥിനെയും കോട്ടയത്തു വൈക്കം വിശ്വനെയും പാർട്ടിയിൽ നിന്ന് പുറത്തുപോകാതെ രക്ഷിക്കാനാണ് പിണറായി വ്യവസ്ഥകൾ ലംഘിച്ചുതുടങ്ങിയത്.
2001 ൽ പോരാടി വി.എസ്. മലമ്പുഴ സീറ്റുവാങ്ങി. 2006 ൽ മുഖ്യമന്ത്രിയായെങ്കിലും പാർട്ടി സെക്രട്ടറിയേറ്റും പി.ബിയും മന്ത്രിസഭയും പിണറായിക്ക് പൂർണ്ണസ്വന്തമായിരുന്നു.

2011 മുതൽ യു.ഡി.എഫ് ഭരണമായി. 2016 ൽ പിണറായി മന്ത്രിസഭാകാലത്ത് വി.എസിനെ ഭരണപരിഷ്‌ക്കാരക്കമ്മീഷൻ ചെയർമാനാക്കി.
മലപ്പുറം സമ്മേളനത്തോടെ വി.എസിന്റെ പാർട്ടിയിലെ ചിറകുകളെല്ലാം അരിഞ്ഞുവീഴ്ത്തപ്പെട്ടു. മതികെട്ടാൻമല കയറ്റത്തിൽ ജനമുന്നേറ്റ പരിപാടികളിലൂടെ വി.എസ് വിജയം വരിച്ചു. ലക്ഷക്കണക്കായ ജനാവലികളുടെ ആരവത്തോടെ ആലപ്പുഴയിലെ വലിയ ചുടുകാട്ടിലസ്തമിച്ച വി.എസ് എന്ന് രണ്ടക്ഷരം ചരിത്രത്തിന്റെ താളുകളിൽ ചുവന്ന ലിപികളായി മാറി. 

അടിയന്തിരാവസ്ഥക്കാലത്തെ മാറ്റങ്ങൾക്ക് മുമ്പാണ് ഞാൻ ആദ്യമായി പിണറായിയെ പരിചയപ്പെടുന്നത്. ഞാൻ സി.ബി.സി വാര്യർ സാറിന്റെ മുറിയിൽ താമസിക്കുന്ന കാലത്ത്. കൂടുതൽ അടുക്കുന്നതും കാണുന്നതും 1977 ലെ ഇലക്ഷൻ കഴിഞ്ഞാണ്. ഞാൻ കുറച്ചുദിവസം സുബ്രഹ്മണ്യഷേണായിയുടെ മുറിയിൽ. പാർലമെന്ററി പാർട്ടി ഓഫീസിന്റെ താക്കോൽ ഓഫീസ് സെക്രട്ടറി ഗംഗാധരൻ പിള്ള ചേട്ടൻ എന്നെ ഏൽപ്പിച്ചു നാട്ടിൽ പോകുമായിരുന്നു. പാർലമെന്ററി പാർട്ടിയിലെ വരുമാനം കൊണ്ടാണ് പാളയത്തെ സ്റ്റേറ്റ് കമ്മിറ്റി പ്രവർത്തിച്ചുകൊണ്ടിരുന്നത്. അന്ന് ഞങ്ങളൊക്കെ കടം വാങ്ങിയിരുന്നത് ഓഫീസിലെ ബാലകൃഷ്ണൻ സഖാവിൽ നിന്നാണ്.

ഞാൻ എൽ.എൽ.ബി ആദ്യവർഷം പഠിക്കുകയാണ്. കുറച്ചുകാലം ഇൻഡ്യൻ സ്‌ക്കൂളിലെ ചെറിയ പ്രോജക്ട് വരുമാനമുണ്ടായിരുന്നു. എന്നെക്കൂടി അവിടെ നിർത്താൻ ഗംഗാധരൻ പിള്ള ചേട്ടൻ ശ്രമിച്ചെങ്കിലും സാമ്പത്തികം കാരണം പാർട്ടി സമ്മതിച്ചില്ല.
പരീക്ഷകൾക്ക് പഠിക്കാനാണ് പിണറായിയുടെ മുറിയിൽ കൂടിയത്. അന്നത്തെ അദ്ദേഹത്തിന്റെ സ്വഭാവരീതിയിൽ പ്രത്യക്ഷത്തിൽ എന്തെങ്കിലും വ്യത്യാസം എനിക്ക് അനുഭവപ്പെട്ടില്ല. പുറത്തൊന്ന് അകത്ത് വേറെ എന്നും എനിക്ക് തോന്നിയിട്ടില്ല.
രാവിലെ ധരിക്കുന്ന ഷർട്ടും മുണ്ടും ഫാനിന്റെ കീഴിൽ തൂക്കിയിട്ട് ഉണക്കി പിന്നെ തേച്ചപോലെയാക്കാൻ മടക്കി തലയണയുടെ കീഴിൽ വച്ച് കിടന്നുറങ്ങി പ്രസ് ചെയ്ത് വീണ്ടും ധരിക്കുന്ന ആളായിരുന്നു എഴുപതുകളിലെ പിണറായി. അത്യാവശ്യം ആളുകളെ കളിയാക്കുകയും ചെയ്യുന്ന പിണറായി സത്യനേശനെപ്പോലുള്ളവരെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു.  ചാലയിലെ കേത്തലിന്റെ ഹോട്ടലിൽ പോകുമ്പോൾ അന്നത്തെ മുതലാളിയുടെ കോഴികരയുമ്പോലുള്ള ശബ്ദം അദ്ദേഹം ആസ്വദിക്കുമായിരുന്നു.

എം.എൽ.എ ക്വാർട്ടേഴ്‌സിൽ വെജിറ്റേറിയൻ കാന്റീൻ നടത്തിയിരുന്ന പാലക്കാടൻ സ്വാമി എല്ലാവർക്കും സുപരിചിതനാണ്. എം.എൽ.എമാർ ചെല്ലുമ്പോൾ ആറടി പൊക്കമുള്ള സ്വാമിയുടെ ചാടിയെഴുന്നേറ്റുനിന്നുള്ള കുമ്പിടിലീനെ നിർത്തുന്നതും പിണറായിക്ക് ഹരമായിരുന്നു.
ഒരിക്കൽ 'കേരളശബ്ദം' ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിക്കൊപ്പം വി.എസിന്റെ പടമെടുക്കാൻ പോയപ്പോൾ എ.കെ.ജി സെന്ററിൽ വച്ചുകണ്ടുമുട്ടിയ പിണറായി പറഞ്ഞു: ഇപ്പോൾ പോയാൽ നല്ല പടം കിട്ടും. ഞങ്ങൾ ചെന്നപ്പോൾ വി.എസ് ചിക്കൻപോക്‌സ് വന്ന് വീട്ടിൽ കിടപ്പാണ്. ഫോട്ടോ എടുക്കാൻ പറ്റിയ പരുവം എന്നെ ഞാൻ പറഞ്ഞുള്ളൂ എന്ന് മറുപടി.

പിണറായിയെ മാറ്റിയത് പാർട്ടിയോ? കുടുംബമോ?

പിണറായി ആദ്യം മാറിയത് ഗ്രൂപ്പ് മത്സരക്കാലത്ത്. ഏത് നെറികെട്ടവനെയും ഗ്രൂപ്പിന്റെ പേരിൽ സംരക്ഷിച്ചു. ആഡംബരങ്ങൾ അരങ്ങേറി. മണിച്ചന്മാരുടെ തേർവാഴ്ച.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരു താക്കീതായിരുന്നു. അത് അറിഞ്ഞ് പിണറായിക്ക് ഒന്നു മാറിനിൽക്കാമായിരുന്നു. ബേബിയും ഗോവിന്ദനും പി.ബിയും നെല്ലിപ്പലക കാണാൻ കാത്തിരുന്നു. കേരളം മുഴുവൻ വച്ച ഫ്‌ളക്‌സ് ബോർഡുകൾ ജനങ്ങളുടെ മനസ്സിൽ അധികാരമോഹത്തിന്റെ അഹങ്കാരച്ചിഹ്നങ്ങളായി. ജനങ്ങൾ തെറ്റിദ്ധരിച്ചു. കൂടെക്കൂടിയ മന്ത്രിമാരും എം.എൽ.എമാരും വീണ്ടുമൊരഞ്ചുകൊല്ലം സ്വപ്നം കണ്ടു.
തെരഞ്ഞെടുപ്പ് ദിവസക്കാഴ്ചകൾ അതിഭീകരമായിരുന്നു. ഹരിപ്പാട് വോട്ട് ചെയ്ത് എം.സി. റോഡുവഴി ഞാൻ തിരുവനന്തപുരത്തിന് മടങ്ങുകയായിരുന്നു. വെള്ളം നിറച്ചബോട്ടിലുകളുമായി സ്ത്രീകളുടെയും പുരുഷന്മാരുടെയും നീണ്ട ക്യൂ ആടിത്തിമർക്കുന്നു. രാത്രി 11 മണിക്കുമപ്പുറം ആ ക്യൂ നീളുന്നു. ഭരണഭീകരതയ്‌ക്കെതിരെ ജനങ്ങളുടെ ഒരു തേർവാഴ്ച. ഭരണമാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ അഭിവാഞ്ഛ തിരിച്ചറിഞ്ഞില്ല. ഫ്‌ളക്‌സിലൊന്നും ജനങ്ങൾ തൊട്ടില്ല. പാർട്ടിയും മുന്നണിയും ഉറങ്ങട്ടെ. അവർ ഏപ്രിൽ നാലിന് ഞെട്ടിയുണരട്ടെ എന്നും ജനം പ്രത്യാശിച്ചു. പിണറായി ഒന്നുമാറി നിൽക്കട്ടെ എന്ന് എന്തുകൊണ്ട് പി.ബി ഉപദേശിച്ചില്ല? വെറുതെ എന്തിന് ചൊറിഞ്ഞ് എ.കെ.ജി ഭവന്റെ കറണ്ട് ബില്ലും വാട്ടർബില്ലും അടയ്ക്കണം. മീറ്റിംഗുകൾക്ക് കേരളഹൗസിൽ നിന്നുവരുന്ന കട്‌ലറ്റുകളുടെയും വടയുടെയും സാന്റ്‌വിച്ചുകളുടെയും ബില്ലുകൾ സ്വയം കൊടുക്കണം.

കുടുംബവും മക്കളും മഹാഭാരതത്തിന്റെ തുടർക്കഥ. എല്ലാ ധൃതരാഷ്ട്രന്മാർക്കും ഗാന്ധാരിമാർക്കും കാലം കാഴ്ച വയ്ക്കുന്നതാണ് ഈ തിരിച്ചടി.
പിണറായിക്കുണ്ടായത് അനിവാര്യമായ തിരിച്ചടിയാണ്. ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് സ്വയം തിരിച്ചറിയണം. കൂടെ നിന്നവരാണ് പി. ജയരാജനും എം.വി ജയരാജനും ഇ.പി. ജയരാജനും പി.കെ ശ്രീമതിയും കെ.കെ. ശൈലജയും പുത്തലത്ത് ദിനേശനും എല്ലാം. എപ്പോഴും കൂടെ നിന്നവരാണ്. 70 കഴിഞ്ഞ വലിയൊരു തലമുറ ഇനിയും പത്തുകൊല്ലം താണ്ടുമോ? എം.വി. ഗോവിന്ദൻ ഉൾപ്പെടെ 60 കഴിഞ്ഞ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക. പാർട്ടിയെ നന്നാക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img