09:47am 02 December 2025
NEWS
ആശാസമരവും പ്രേംകു മാറിന്റെ സ്ഥാനചലനവും - ചില അപ്രിയകാര്യങ്ങൾ
18/11/2025  12:42 PM IST
ഇ.വി പ്രകാശ്
ആശാസമരവും പ്രേംകു മാറിന്റെ സ്ഥാനചലനവും - ചില അപ്രിയകാര്യങ്ങൾ
266 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ആശാ സമരത്തിലെ രക്തസാക്ഷി ആരെന്ന ചോദ്യത്തിന് നമ്മുടെ മുന്നിൽ ഉത്തരമുണ്ട്, ചലച്ചിത്ര അക്കാദമി മുൻ ചെയർപേഴ്‌സൺ പ്രേംകുമാർ. ഈ സമരത്തിന്റെ പേരിൽ ഏറ്റവുമധികം വിലനൽകേണ്ടി വന്നതും അദ്ദേഹത്തിനായിരിക്കും. കഴിഞ്ഞ ദിവസമാണ് പ്രേംകുമാറിനെ അക്കാദമി ചെയർപേഴ്‌സൺ എന്ന ഔദ്യോഗിക സ്ഥാനത്തുനിന്നും  മാറ്റി പകരം വിഖ്യാത ശബ്ദലേഖകനായ റസൂൽ പൂക്കുട്ടിയെ നിയമിക്കുകയായിരുന്നു. എന്നാൽ, തന്നെ മാറ്റുന്ന വിവരം സാംസ്‌കാരിക മന്ത്രിയോ, മറ്റാരെങ്കിലുമോ അറിയിച്ചില്ല എന്ന് പ്രേംകുമാർ പറയുന്നു. 'പുതിയ ചെയർമാനെ നിയമിക്കുന്നത് പറയാമായിരുന്നു; ചുമതലയേൽക്കുന്നകാര്യം ഒന്നറിയിക്കാമായിരുന്നു. രണ്ടുമുണ്ടായില്ല, വിഷമമുണ്ട്. എങ്കിലും പരാതിയില്ല, ആരോടും പരിഭവവുമില്ല'. 
 
പ്രേംകുമാറിന് പരാതി ഇല്ലെന്നു പറയുമ്പോഴും ഇത്ര തിടുക്കത്തിൽ അദ്ദേഹത്തെ അറിയിക്കാതെ പുതിയ ചെയർപേഴ്‌സണേയും ഭരണസമിതിയെയും നിയമിച്ചതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഡിസംബറിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ നടക്കാനിരിക്കേ, പരിചയസമ്പന്നനായ പ്രേംകുമാറിനെ മാറ്റി മറ്റൊരാളെ നിയമിച്ചതിന്റെ യുക്തിയെന്താണ്? ചെയർപേഴ്‌സണായി ഒരു വർഷവും വൈസ് ചെയർപേഴ്‌സണായി രണ്ട് വർഷവും അക്കാദമിയെ ഉത്തരവാദിത്തപൂർവ്വം നയിക്കുകയും IFFK യുടെ സംഘാടനത്തിലും മികവ് തെളിയിയിക്കുകയും ചെയ്ത ആളാണ് പ്രേംകുമാർ. കാലാവധി കഴിഞ്ഞെന്ന ന്യായീകരണത്തിൽ അവസാനിക്കുന്നതല്ല അദ്ദേഹത്തിന്റെ സ്ഥാനചലനം. 2024 ൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട കെ.സച്ചിദാനന്ദന്റെ രാജി സ്വീകരിക്കാതിരുന്നതും, സാം സ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പല അക്കാദമികളുടെയും ഭരണ സമിതികൾ കാലാവധി കഴിഞ്ഞ് മാസങ്ങളും വർഷങ്ങളുമായി പ്രവർത്തിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തിടുക്കത്തിൽ മാറ്റിയതിനു പിന്നിൽ ചില രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. 
 
ഏതാനും മാസങ്ങൾക്ക് മുൻപ്, സാംസ് കാരികവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വിവിധ അക്കാദമികളുടെ പ്രധാന ഭാരവാഹികളുടെ ഒരു യോഗം ചേരുകയുണ്ടായി. യുദ്ധം വിതയ്ക്കുന്ന നാശം, സാംസ്‌കാരിക മുന്നേറ്റം, മാനവികത തുടങ്ങിയവ പ്രതിപാദ്യമാക്കി വലിയൊരു സാംസ് കാരിക സംഗമം സംഘടിപ്പിക്കുവാനുള്ള ആലോചനയാണ് പ്രസ്തുത മീറ്റിംഗിൽ നടന്നത്. അനൗപചാരികമായി നടന്ന യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. നമ്മുടെ കുറേ സഹോദരിമാർ സമരവുമായി  തെരുവിലിരിക്കുമ്പോൾ അത് കാണാതെ സാംസ് കാരിക സംഗമം നടത്തുന്നതിലെ അനൗചിത്യം ആശാസമരത്തിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ ഉന്നയിക്കുകയുണ്ടായി. മന്ത്രിയോ, എം.എ ബേബിയോ പ്രേംകുമാർ ഉന്നയിച്ച പ്രശ്‌നത്തെപ്പറ്റി പരാമർശിച്ചില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ പല മാധ്യമങ്ങളിലും വിഷയം വാർത്തയായി. കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമാണ് പ്രേംകുമാർ അങ്ങനെ പറഞ്ഞത്.  ആശാസമരം ഒത്തുതീർപ്പാക്കുവാൻ ഉത്തരവാദപ്പെട്ട പല വ്യക്തികളോടും പ്രേംകുമാർ സംസാരിക്കുക ഉണ്ടായിട്ടുണ്ട്. 
 
എന്നാൽ, അവരാരും തന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാനിച്ചില്ല. ആശാസമരത്തെ പിൻതുണച്ച് പ്രത്യക്ഷമായി നിലപാടെടുത്ത സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, കേരള കലാമണ്ഡലം ചെയർപേഴ്‌സൺ മല്ലിക സാരാഭായ് അടക്കമുള്ള സാംസ്‌കാരിക രംഗത്തെ പല വ്യക്തിത്വങ്ങളുണ്ട്. പ്രേംകുമാർ ആ രീതിയിലുള്ള പ്രത്യക്ഷ പ്രതികരണമല്ല നടത്തിയത്. മാസങ്ങളായി ആശമാർ തെരുവിലിരുന്ന് സമരം ചെയ്യുന്നത്, എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് കളങ്കമേൽപ്പിക്കുമെന്ന സദുദ്ദേശപരമായ സൂചന നൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാൽ, അതോടുകൂടി സി.പി.എമ്മിന്റെ ഗവൺമെന്റ്, പ്രേംകുമാറിന്റെ പേരിനു താഴെ ചുവന്ന മഷികൊണ്ട് വരച്ചു കഴിഞ്ഞിരുന്നു.
 
രണ്ടാമത്തെ സന്ദർഭം നിലമ്പൂർ ഇലക്ഷനായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും പ്രേംകുമാർ അതിനു തയ്യാറായില്ല. അക്കാദമി ചെയർമാന്റെ ജോലിയല്ല, സ്ഥാനാർത്ഥികൾക്ക് വോട്ട് പിടിക്കുക എന്ന നിലപാടെടുത്ത അദ്ദേഹത്തെ വച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന് സി.പി.എം നേതൃത്വം തീരുമാനിച്ചതിന്റെ ഫലമാണ് ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ എന്ന നിലയിൽ നിന്നുള്ള സ്ഥാനഭ്രംശം. എന്നാൽ, ആർജ്ജവമുള്ള കലാകാരനെന്ന നിലയിൽ പ്രേംകുമാർ ആരുടെയും കാലുപിടിച്ച് തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിച്ചില്ല.'നിയമനവും ഒഴിവാക്കലുമൊക്കെ സർക്കാരിന്റെ വിവേചനാധികാരമാണ്. അക്കാദമിയിൽ വലിയ അദ്ഭുതങ്ങളൊന്നും ഞാൻ കാട്ടിയിട്ടില്ല. മനുഷ്യപക്ഷത്തുനിന്ന് ചിലതുചെയ്തിട്ടുണ്ട്.' എന്നദ്ദേഹം പിന്നീട് പറയുകയുണ്ടായി.
 
അക്കാദമിയിൽ ഇരുന്നുകൊണ്ട് ആരാലും ശ്രദ്ധിക്കാതെ പോയ നിരവധി മനുഷ്യത്വപരമായ പ്രവർത്തികൾ പ്രേംകുമാർ ചെയ്തിട്ടുണ്ട്. പഴയകാല നായക നടൻ രാജ്‌മോഹൻ മരണപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ മൃതശരീരം ഏറ്റെടുക്കുവാൻ ആരും ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽനിന്നും നിയമതടസ്സങ്ങളെല്ലാം മറികടന്ന് രാജ്‌മോഹന്റെ മൃതശരീരം ഏറ്റുവാങ്ങി യഥോചിതം സംസ്‌കരിക്കുവാൻ മുൻകൈ എടുത്തത് പ്രേംകുമാർ ആയിരുന്നു. എല്ലായിടത്തുനിന്നും ബഹിഷ്‌കൃതനായ ടി.പി മാധവൻ എന്ന പ്രശസ്ത കലാകാരനെ ഗാന്ധിഭവനിൽ നിന്നും IFFK വേദിയിലെത്തിച്ച് ആദരിച്ചതും, പൂജപ്പുര രവി, നെയ്യാറ്റിൻകര കോമളം തുടങ്ങിയ കലാകാരന്മാരുടെ വാർദ്ധക്യാവസ്ഥയിൽ അവരെ ആദരിക്കുവാൻ മുൻകൈ എടുത്തതും അക്കാദമി ചെയർപേഴ്‌സണാണെന്ന നിലയിൽ പ്രേംകുമാറാണ്. ചലച്ചിത്രകലയ്ക്ക് ഏതെങ്കിലും അർത്ഥത്തിൽ സംഭാവന ചെയ്ത കലാകാരന്മാർ അന്തരിക്കുമ്പോൾ, വലുപ്പച്ചെറുപ്പം നോക്കാതെ അവിടെ ഓടിയെത്തി അക്കാദമിയുടെ ആദരം അർപ്പിക്കുവാൻ പ്രേംകുമാർ ശ്രദ്ധിക്കുമായിരുന്നു.
 
പ്രേംകുമാർ എന്ന കലാകാരൻ എല്ലാക്കാലവും പുരോഗമനപക്ഷത്ത്, മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരള സർവ്വകലാശാലയിൽ നിന്നും മന:ശാസ്ത്ര ബിരുദവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും തിയറ്റർ ആർട്‌സിൽ ഒന്നാം റാങ്കോടെ ബിരുദം നേടുകയും ചെയ്ത പ്രേംകുമാർ നൂറ്റൻപതോളം സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി പി.എ ബക്കർ സംവിധാനം ചെയ്ത സഖാവ് എന്ന ചലച്ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പ്രേംകുമാർ സിനിമാരംഗത്ത് പ്രവേശിക്കുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇടതുപക്ഷ ആശയങ്ങൾ പ്രേംകുമാറിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്, പി. കൃഷ്ണപിള്ളയുടെ ജീവിതം അടുത്തറിഞ്ഞതിലൂടെ ആയിരുന്നു. പരസ്യചിത്രങ്ങളിലും പകയും വെറുപ്പും വമിപ്പിച്ച് കുടുംബ പരിസരങ്ങളെ മലീമസമാക്കുന്ന സിനിമകളിലും സീരിയലുകളിലും അഭിനയിക്കില്ല എന്ന നിലപാട് അഭിനയജീവിതത്തിന്റെ തുടക്കകാലം മുതൽതന്നെ അദ്ദേഹം ഉയർത്തിപ്പിടിച്ചു.
തന്റെ മകളുടെ ജന്മദിനം ആഘോഷിക്കില്ല എന്നദ്ദേഹം തീരുമാനമെടുക്കുകയുണ്ടായി. ആ നിലപാടിന്റെ കാരണത്തെപ്പറ്റി അദ്ദേഹം എഴുതി. 
'ഓർക്കാനൊരു ജന്മദിനംപോലുമില്ലാത്ത കുഞ്ഞുങ്ങൾ...           
തങ്ങൾക്ക് ഓർക്കാനും - തങ്ങളെ ഓർക്കാനും, ആരുമില്ലാത്ത കുഞ്ഞുങ്ങൾ...
ഓർമകളിൽപ്പോലും ഒരാളുമില്ലാത്ത അനാഥരായ കുഞ്ഞുങ്ങൾ...
ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ...
എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 
ദൈവം കനിഞ്ഞു നൽകിയ 
ഞങ്ങളുടെ കുഞ്ഞിന്റെ 
ഒരു ജന്മദിനംകൂടി 
പതിവുപോലെ 
ഒരാഘോഷവും ആരവങ്ങളുമില്ലാതെ
കടന്നുപോയി...'
 
ആഘോഷിക്കാൻ ഒരവസരവും ലഭിക്കാത്ത, അതിദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികൾ ജീവിക്കുന്ന സമൂഹത്തിൽ തന്റെ കുടുംബത്തിനുമാത്രമായ ആഘോഷം അധാർമ്മികമാണെന്ന തിരിച്ചറിവ്, അത്രമാത്രം സൂക്ഷ്മമായ സാമൂഹ്യബോധത്തിൽ നിന്നുണ്ടാവുന്നതാണ്.
സ്വകാര്യജീവിതത്തിൽ മാത്രമല്ല, ന്യായമായ സമരങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലുമൊക്കെ പ്രേംകുമാർ എന്ന കലാകാരൻ തന്റെ മനുഷ്യഹൃദയംകൊണ്ട് പ്രതികരിച്ചിട്ടുണ്ട്. ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ നിൽപ്പ് സമരം നടത്തിയപ്പോൾ അവരുടെ കൂടെയും, കർഷകസമരത്തെ പിൻതുണച്ച്, എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ, കരിമണൽ ഖനനത്തിനെതിരെ, തൊഴിൽ രഹിതരായ യുവാക്കൾക്കുവേണ്ടി, വിദ്വേഷം പടർത്തുന്ന, സാംസ്‌കാരിക വിഷമായി മാറുന്ന സീരിയലുകൾക്കെതിരെ... അങ്ങനെ മാനവപുരോഗതിക്ക് അനിവാര്യമായ പ്രതിഷേധ ശബ്ദങ്ങൾ, ഐക്യദാർഢ്യ പ്രഖ്യാപനങ്ങൾ, ശക്തമായ ലേഖനങ്ങൾ, IFFK വേദികളിൽ ലോക സിനിമയുമായി ബന്ധപ്പെട്ട, മാനവ സാഹോദര്യം ഉയർത്തിപ്പിടിക്കുന്ന ഗൗരവാവഹമായ പ്രസംഗങ്ങളും സന്ദർഭോചിതമായി പ്രേംകുമാറിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതൊരു ബോധ്യമാണ്. മന:സാക്ഷി പണയം വയ്ക്കാത്ത ഒരു മനുഷ്യന്റെ നിലപാടാണ്. ചലച്ചിത്ര അക്കാദമി ചെയർമാന്റെ കസേരയേക്കാൾ അദ്ദേഹം വിലമതിക്കുന്നത്, അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടുമുള്ള തന്റെ സ്‌നേഹത്തിനാണ്. ചൂഷിതരോടും അടിച്ചമർത്തപ്പെടുന്നവരോടും കൂടെ നിൽക്കാനുള്ള മന:സാക്ഷിയുടെ പ്രേരണയെയാണ്.  ഭൗതികനേട്ടത്തേക്കാൾ ആത്മീയോൽക്കർഷം ആഗ്രഹിക്കുന്നവരെ ആർക്കാണ് തോൽപ്പിക്കാനാവുക? ആശയത്തിന്റെ അജയ്യമായ ഈ ശക്തിയെപ്പറ്റിയാണ്, ഔദ്ധത്യ സിംഹാസനങ്ങളിൽ അമർന്നിരിക്കുന്ന ഭരണാധികാരികൾ മനസ്സിലാക്കാത്തതും.
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img