12:18am 03 July 2026
NEWS
തെറ്റിനോട് ‘നോ’ പറയാനുള്ള കരുത്ത് വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ആർജിക്കണം: ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത
01/07/2026  08:51 PM IST
nila
തെറ്റിനോട് ‘നോ’ പറയാനുള്ള കരുത്ത് വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ആർജിക്കണം:  ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത


ചെങ്ങന്നൂർ: സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വായന പോലുള്ള സർഗാത്മക പ്രവർത്തനങ്ങളിലേക്ക് അവരെ തിരികെ നയിക്കുക എന്ന ലക്ഷ്യത്തോടെ മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ് കഴിഞ്ഞ വർഷം ആരംഭിച്ച ‘വായനയാണ് ലഹരി’ ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന് ചെങ്ങന്നൂർ എം.എം.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

ക്യാംപെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത വിദ്യാർത്ഥികൾ ശരിയും തെറ്റും വിവേചിച്ചറിയുകയും തെറ്റിനോട് ധൈര്യത്തോടെ ‘നോ’ പറയാനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും പറഞ്ഞു. ഒരു തെറ്റിനും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും, ശരിയായ ലഹരിയിലേക്ക് എത്തിച്ചേരുമ്പോഴാണ് ജീവിതം അർത്ഥവത്താകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ വായനയെ ലഹരിയായി തെരഞ്ഞെടുക്കണമെന്നും, ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ആർജിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ അധ്യക്ഷത വഹിച്ചു.  ‘വായനയാണ് ലഹരി’ കാംപെയിൻ അവതരണ ഗാനം  പ്രകാശനം ചെയ്തു . ഗാനരചയിതാവായ ഷാജി എ. തമ്പിയെ ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ മാനേജർ റവ. റെനി കെ. എബ്രഹാം, എം.എം.എ.ആർ. സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വിജി ജേക്കബ്, എം.എം.എ.ആർ. സ്കൂൾ പ്രിൻസിപ്പൽ എൽസി ഏലി ചാക്കോ, കാർഡ് അസിസ്റ്റന്റ് ഡയറക്ടർ റവ. ഷൈൻ എൻ. ജേക്കബ്, ട്രഷറർ വിക്ടർ ടി. തോമസ് എന്നിവർ പ്രസംഗിച്ചു. സ്റ്റീഫൻസൺ ജേക്കബ് പരിപാടി ഏകോപിപ്പിചു.

തുടർന്ന് കാർഡ് ടീമംഗങ്ങൾ അവതരിപ്പിച്ച ‘അക്ഷര ലഹരി’ നാടകവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.

രണ്ടാം ഘട്ട ക്യാംപെയിൻ  ക്വിസ് മത്സരം, ഒപ്പ് ശേഖരണം, പരിശീലന പരിപാടികൾ, ശിൽപശാലകൾ, വായന ക്ലബുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.  കാർഡിന്റെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവർത്തന മേഖലകളിലും ക്യാംപെയിൻ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. 

വായനാശീലം വളർത്തുക, സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്നിവയാണ് ക്യാംപെയിന്റെ പ്രധാന ലക്ഷ്യങ്ങൾ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img