
ദോഹ: കഴിഞ്ഞ 40 ദിവസമായി പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് താൽക്കാലിക ആശ്വാസം. ഇരുവിഭാഗവും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതോടെ മേഖലയിൽ സമാധാനത്തിനുള്ള വഴിതുറന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിത ഗതാഗതത്തിനായി തുറന്നു നൽകാമെന്ന് ഇറാൻ സമ്മതിച്ചതാണ് ഈ നിർണ്ണായക നീക്കത്തിന് പിന്നിൽ.ഗൾഫ് മേഖലയിൽ നിന്നുള്ള 20 ശതമാനത്തോളം ഇന്ധനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ അംഗീകരിക്കുകയായിരുന്നു. ഇതോടെ ആഗോള എണ്ണ വിപണിയിലുണ്ടായ ആശങ്കകൾക്ക് നേരിയ ആശ്വാസമായി.ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.സംഘർഷം ലഘൂകരിക്കാനുള്ള പ്രാരംഭ നടപടിയായി ഇതിനെ കാണുന്നുവെന്നും, അന്താരാഷ്ട്ര നാവിക സുരക്ഷ ഉറപ്പാക്കുന്നത് ആഗോള വിതരണ ശൃംഖലയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ശാശ്വതമായ സമാധാനത്തിനായുള്ള ചർച്ചകൾക്ക് ഈ അവസരം ഉപയോഗിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.വെല്ലുവിളികളെ അതിജീവിച്ച് രാജ്യം സുരക്ഷിതമാണെന്ന് യു.എ.ഇ അറിയിച്ചു.ഇറാനുമായി വെടിനിർത്തലിന് ധാരണയായെങ്കിലും ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ ആക്രമണങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലെബനൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം ഇന്നും ആക്രമണം തുടരുകയാണ്.വെള്ളിയാഴ്ച പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ചാണ് ഔദ്യോഗിക സമാധാന ചർച്ചകൾ ആരംഭിക്കുന്നത്. ഇറാന്റെ പത്തിന സമാധാന നിർദ്ദേശങ്ങൾ മുൻനിർത്തിയായിരിക്കും ചർച്ചകൾ. ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ സമാധാന ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ വാർത്ത പുറത്തുവന്നതോടെ ടെഹ്‌റാനിലും ഇറാഖിലും ജനങ്ങൾ തെരുവിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.











