05:28pm 06 November 2026
NEWS
ഹോർമുസ് കടലിടുക്ക്: ഇറാന്റെ തുറുപ്പുചീട്ട്
14/08/2026  11:01 AM IST
കല്ലമ്പലം അൻസാരി
ഹോർമുസ് കടലിടുക്ക്: ഇറാന്റെ തുറുപ്പുചീട്ട്
HIGHLIGHTS

ഇപ്പോൾ ഹോർമുസ് കടലിടുക്കിലും അതിലൂടെയുള്ള ചരക്ക് ഗതാഗതത്തിലും ചുറ്റിപ്പറ്റിയാണ് സംഘർഷം കൊടുമ്പിരിക്കൊള്ളുന്നത്.

മദ്ധ്യേഷ്യയിലെ ഇറാൻ, ഇസ്രായേൽ, അമേരിക്കൻ സംഘർഷം മാസങ്ങൾ പിന്നിട്ടിട്ടും അറുതിയില്ലാതെ തുടരുകയാണ്. ഇറാന്റെ ന്യൂക്ലിയർ സംവിധാനങ്ങളെ തകർക്കാനെന്ന പേരിലാണ് ഇസ്രായേൽ അമേരിക്കൻ പിന്തുണയോടെ ഇറാനിൽ ആക്രമണമാരംഭിച്ചത്. ഇറാന്റെ ന്യൂക്ലിയർശേഷി പരിപൂർണ്ണമായി തുടച്ചുനീക്കിയെന്ന് പലതവണ ട്രംപ് ആവർത്തിക്കുകയുണ്ടായി. എന്നിട്ടും അന്യോന്യമുള്ള ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഹോർമുസ് കടലിടുക്കിലും അതിലൂടെയുള്ള ചരക്ക് ഗതാഗതത്തിലും ചുറ്റിപ്പറ്റിയാണ് സംഘർഷം കൊടുമ്പിരിക്കൊള്ളുന്നത്. ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം യാതൊരു തടസ്സവുമില്ലാതെ ഇറാൻ അനുവദിക്കുകയാണെങ്കിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ പിൻവലിക്കാൻ ഇപ്പോൾ ട്രംപ് ഏതാണ്ട് തയ്യാറാണ്. എന്നാൽ ഹോർമുസിന്റെ നിയന്ത്രണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. അമേരിക്കയ്ക്ക് അഴിക്കാൻ പറ്റാത്ത കുരുക്കായി ഹോർമുസ് കടലിടുക്ക് മാറുമ്പോൾ ഇറാനെ സംബന്ധിച്ചിടത്തോളം ആരെയും മുട്ടുകുത്തിക്കാൻ പോന്ന പിടിവള്ളിയാണ് ഹോർമുസിലൂടെയുള്ള ചരക്ക് ഗതാഗതം.

ഈയടുത്ത കാലത്ത് നിരവധി തവണയാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് കരാറുണ്ടാക്കിയെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ദിവസങ്ങൾക്കകം ഉടമ്പടികൾ തകരുകയും, വീണ്ടും സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഈ സമാധാന സന്ധികളെല്ലാം തകർന്ന് തരിപ്പണമായത് ഹോർമുസ് കടലിടുക്കിൽ ഇടിച്ചാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പരിപൂർണ്ണമായി ഒഴിയണമെന്നാണ് ട്രംപിന്റെ പക്ഷം. എന്നാൽ തങ്ങളുടെ നിയന്ത്രണത്തിലും, കപ്പം നൽകിയും മാത്രമേ ചരക്ക് ഗതാഗതം അനുവദിക്കൂ എന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന യാനങ്ങൾക്ക് മേലുള്ള നിയന്ത്രണം ഒമാനുമായി പങ്ക് വയ്ക്കും. എന്നാൽ കടലിടുക്ക് കടന്ന് പോകുന്ന കപ്പലുകളുടെ നിയന്ത്രണം പരിപൂർണ്ണമായി തങ്ങൾക്കാണെന്ന നിലപാടാണ് ഇറാന്റേത്. ഇസ്രായേലും, അമേരിക്കയും എത്രയൊക്കെ ബോംബുകൾ വർഷിച്ച് ഇറാനെ തകർത്ത് തരിപ്പണമാക്കുന്നുവെങ്കിലും ഹോർമുസിലെ സുഗമമായ ചരക്ക് ഗതാഗതം തടസ്സപ്പെടുത്തി ഇറാൻ നൽകുന്ന മറുപടിയാണ് അമേരിക്കയെ കുഴയ്ക്കുന്നത്.

നിരന്തരമായ ഇസ്രായേൽ, അമേരിക്കൻ ആക്രമണത്തിന് ശേഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിൽ ഇറാൻ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ ഇറാന്റെ മുന്നിൽ നിരവധി പോംവഴികളുണ്ട്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമായ വാണിജ്യ നീക്കങ്ങൾക്ക് ഉപാധിയില്ലാതെ തുറന്നുകൊടുക്കുക എന്നതാണ് ഇതിൽ ഫലപ്രധാനമായ കാര്യം. രണ്ടാം ഘട്ടത്തിൽ ഇറാന്റെ അണ്ടർ പദ്ധതികൾ പൂർണ്ണമായും നിർവീര്യമാക്കിക്കൊണ്ട് അന്താരാഷ്ട്ര ന്യൂക്ലിയർ പരിശോധനകൾക്ക് വിധേയമാകുക എന്നതാണ് ഇറാന്റെ മുന്നിലുള്ള മറ്റൊരു പോംവഴി. ഈ രണ്ട് ആവശ്യങ്ങളാണ്  അമേരിക്കൻ പ്രസിഡന്റ് ട്രംപ് കർശനമായ ഉപാധിയായി വച്ചിരിക്കുന്നത്. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചാൽ ഇറാന് വലിയ കേടുപാട് കൂടാതെ സംഘർഷം അവസാനിപ്പിക്കാം. എന്നാൽ രാഷ്ട്രീയമായി ഇത് ഇറാന്റെ ഭരണാധികാരികൾക്ക് വലിയ തിരിച്ചടി ആകും. യാതൊരു ഉപാധികളും ഇല്ലാതെ ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്താൽ പിന്നെ തങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ കവചമാണ് നഷ്ടമാകുന്നതെന്ന ബോധ്യം ഇറാനുണ്ട്. 

തങ്ങളുടെ മിസൈലുകളെക്കാളും കടുത്ത പ്രഹരശേഷിയുള്ള ആയുധമാണ് ഹോർമുസ് കടലിടുക്ക് എന്ന് ഇറാൻ തിരിച്ചറിഞ്ഞിരിക്കുന്നത് കൊണ്ട് അതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ലോകത്തെ ഏതാണ്ട് മൊത്തമായി സാമ്പത്തിക കെണിയിൽ കൊണ്ടെത്തിക്കാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രകൃതിവാതക, എണ്ണ നീക്കങ്ങൾ തടസ്സപ്പെടുത്തിയാൽ മാത്രം മതിയെന്ന് ഇറാൻ ഉറപ്പിച്ചിരിക്കുന്നു. ആണവ പദ്ധതികളിൽ ചില വിട്ടുവീഴ്ചകൾക്ക് ഇറാൻ തയ്യാറാണെങ്കിലും പദ്ധതി ഉപേക്ഷിക്കാൻ കഴിയില്ലെന്ന നിലപാടാണ്. കൂടാതെ ഇറാനുവേണ്ടി പ്രോക്‌സി യുദ്ധം നയിക്കുന്ന ലബനനിലെ ഹിസ്ബുള്ളയേയും, യെമനിലെ ഹൂതികളെയും, ഇറാക്കിലെ ഷിയാഗ്രൂപ്പുകളെയും കൈയൊഴിയാൻ പറ്റില്ലെന്ന നിലപാടും ഭരണകൂടത്തിലെ യാഥാസ്ഥിതിക വിഭാഗത്തിനുണ്ട്.

ഇറാനിൽ മാത്രം ഒതുങ്ങുന്ന ഇപ്പോഴത്തെ സംഘർഷ സ്ഥിതിയെ മദ്ധ്യേഷ്യയിൽ ആകമാനം വ്യാപിപ്പിക്കുക എന്നൊരു കടുത്ത വഴിയും ഇറാന് മുന്നിൽ തുറന്ന് കിടപ്പുണ്ട്. ഈ മേഖലയിലെ അമേരിക്കൻ സഖ്യരാജ്യങ്ങളെ തുറന്ന് ആക്രമിക്കുക, അവിടുത്തെ അമേരിക്കൻ മിലിറ്ററി ബേസുകളെ ഉന്നം വയ്ക്കുക, ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളെയും, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും തകർക്കുക അങ്ങനെ അമേരിക്കയേയും സഖ്യകക്ഷികളെയും സമാധാനചർച്ചയുടെ മേശയ്ക്ക് ചുറ്റും എത്തിക്കുക എന്ന പദ്ധതി സൈനികമായി വലിയ അപകടസാദ്ധ്യത ഉള്ളതാണ്. തൊട്ടടുത്ത ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാൻ തുനിഞ്ഞാൽ അത് യുദ്ധം ഇറാന്റെ അതിർത്തികളുടെ പടിവാതിൽക്കലേക്ക് വഴിച്ചിഴച്ച് കൊണ്ടുവരുന്നതിന് തുല്യമാകുമെന്ന് ഇറാനറിയാം.

മുകളിൽ പ്രതിപാദിച്ച രണ്ട് പോംവഴികളെയും ഒഴിവാക്കി ഹോർമുസ് കടലിടുക്കിനെ പരിചയാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്ന നിലപാടാണ് ഇറാൻ ഇപ്പോൾ അവലംബിച്ചിരിക്കുന്നത്. നാവിക ഗതാഗതത്തെയും തടസ്സപ്പെടുത്തി അതുവഴി ഒരു എനർജി ക്രൈസിസ് സൃഷ്ടിച്ച് ലോകത്തെ വരുതിയിലാക്കുക എന്ന വലിയ ചേതമില്ലാത്ത തന്ത്രമാണത്. ഇറാനിലെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം വലിയ കേടുപാടുകൾ കൂടാതെ മുന്നോട്ടുപോകാൻ ഈയൊരൊറ്റ വഴിയേയുള്ളൂ. അമേരിക്കയെയും മദ്ധ്യേഷ്യയിലെ അവരുടെ സഖ്യകക്ഷികളുടേയും സൈനിക ശക്തിയെ നേരിട്ട് എതിർത്ത് തോൽപ്പിക്കാതെതന്നെ നീണ്ടകാലം അതിജീവിച്ച് നിൽക്കുക എന്നതുതന്നെ ഇറാനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. യുദ്ധക്കളത്തിൽ ഇറങ്ങിയ ട്രംപിന് ഇങ്ങനെ പിടിച്ചുനിൽക്കാൻ അധികകാലം കഴിയില്ലെന്ന വസ്തുതയുണ്ട്. എന്നാൽ ഉപരോധങ്ങളുടെയും യുദ്ധക്കെടുതികളുടെയും സാമ്പത്തിക ഞെരുക്കത്തിന്റെയും നടുവിൽ അധികകാലത്തെ അതിജീവനം ഇറാനും ദുർഘടമാണ്.

ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാൻ ഇറാൻ മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ നിരവധിയാണ്. ഇറാന്റെ തുറമുഖങ്ങൾക്കെതിരെയും കപ്പലുകൾക്കെതിരെയും ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ നാവിക ഉപരോധം പൂർണ്ണമായും പിൻവലിക്കണമെന്നാണ് ഒരു പ്രധാന ആവശ്യം. ഇറാന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ ശതകോടി ഡോളറുകൾ വിട്ടുനൽകുകയും, സാമ്പത്തിക ഉപരോധങ്ങളിൽ അയവ് വരുത്തുകയും വേണം. ഹോർമുസ് കടലിടുക്കിലെ സുരക്ഷയിലും, ഗതാഗതത്തിലും ഇറാന്റെ പരമാധികാരവും മുൻഗണനയും അംഗീകരിക്കണം. അന്താരാഷ്ട്ര കപ്പലുകൾക്ക് ഒരു നിശ്ചിത പാത മാത്രം അനുവദിക്കുക, അവിടെ കപ്പം പിരിക്കാനുള്ള അവകാശം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന്റെ കാര്യത്തിൽ അമേരിക്കയുമായി ചർച്ച ചെയ്യേണ്ട കാര്യം ഇറാനില്ലെന്നാണ് അവരുടെ പക്ഷം. അതിന് പകരം ഒമാന്റെ മദ്ധ്യസ്ഥതയിലൂടെ ഒരു താൽക്കാലിക കപ്പൽ പാത അനുവദിക്കുന്നതിനാണ് ഇറാൻ പ്രാധാന്യം നൽകുന്നത്.

ഹോർമുസ് കടലിടുക്കിനെ ഒരു തുറുപ്പുചീട്ടായി വച്ച് കളിക്കുമ്പോഴും ഇറാൻ വലിയ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്നത് ഭരണതലത്തിൽ തന്നെയാണ്. സുപ്രിം ലീഡറായിരുന്ന അയത്തൊള്ള അലി ഖമൈനിയെ ഇസ്രായേൽ വധിച്ചതിനുശേഷം അധികാരത്തിന്റെ കടിഞ്ഞാൺ ആർക്കാണെന്ന് ഒരു വ്യക്തതയുമില്ല. അദ്ദേഹത്തിന്റെ മകൻ മൊജ്ത്തബയെ സുപ്രിം ലീഡറായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതിച്ഛായയോ, പ്രവർത്തന മികവോ പ്രത്യക്ഷത്തിൽ പ്രകടമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന്റെ ആക്രമണം ഭയന്ന് ഒളിവിലാണ് അദ്ദേഹം. സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പോലും പങ്കെടുക്കാൻ മൊജ്ത്തബയ്ക്ക് കഴിഞ്ഞില്ല. ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന് ഇപ്പോഴത്തെ സംഘർഷത്തിന് അറുതിവരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തത്വാധിഷ്ഠിതമായ വിശ്വാസങ്ങൾക്ക് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് തീവ്രമതവിഭാഗം അനുവദിക്കില്ല. ഇറാന്റെ മിസൈൽ പ്രോഗ്രാമിനെയും, പ്രാദേശിക സഖ്യങ്ങളെയും ഹോർമുസ് കടലിടുക്കിനെ വച്ചുള്ള പകിടകളിയെയും ദുർബലപ്പെടുത്താൻ റവല്യൂഷണറി ഗാർഡ് എന്ന ശക്തമായ ഇറാൻ സൈന്യവും താൽപ്പര്യപ്പെടുന്നില്ല.

ഹോർമുസ് കടലിടുക്കിലെ യാത്രാപാത ഒഴിവാക്കി ഏദൻ ഉൾക്കടലിലെ ബാബ അൽമൻന്ദബ് പാത ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമമുണ്ട്. എന്നാൽ ഇറാൻ അവിടെയും ചെക്ക് വച്ചിരിക്കുകയാണ്. തങ്ങളുടെ അനുഭാവികളായ യെമനിലെ ഹൂതികളെ രംഗത്തിറക്കിയാണ് ഇറാന്റെ പയറ്റ്. സൗദി അറേബ്യയെ നേരിട്ട് ആക്രമിക്കുകയും, ചെങ്കടലിൽ വലിയ ഉപരോധം സൃഷ്ടിക്കുകയും ചെയ്യുകയാണ് ഹൂതികൾ. ചരക്കുകപ്പലുകൾക്ക് നേരെ ഹൂതികളുടെ ഭാഗത്തുനിന്നും ആക്രമണവുമുണ്ടായി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം സുഗമമാക്കാൻ ഇറാന്റെ പിന്തുണയില്ലാതെ യാതൊരു നിവൃത്തിയും ഇല്ലെന്ന യാഥാർത്ഥ്യം പ്രസിഡന്റ് ട്രംപ് തിരിച്ചറിയുന്നുണ്ട്. പലവിധ സമാധാന നീക്കങ്ങൾക്കും ട്രംപ് പച്ചക്കൊടി കാണിക്കുന്നത് ഈ ഗതികേടിൽ നിന്നാണ്. ഒമാനും, ഇറാനും തമ്മിൽ ഒരു കടലിടുക്ക് നിയന്ത്രണ പദ്ധതി അംഗീകരിക്കാനുള്ള സാധ്യതയുണ്ട്. ഖത്തർ ആണ് ഇതിന് മധ്യസ്ഥം വഹിക്കുന്നത്. അതിന് തുല്യം ചാർത്താൻ ട്രംപും നിർബന്ധിതമാകും. ഇപ്പോഴത്തെ അരക്ഷിതാവസ്ഥയ്ക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img