08:56pm 10 November 2026
NEWS
ആദ്യരാത്രിക്ക് മുന്നേ മദ്യപിക്കുന്ന യുവതികളുടെ കഥ
09/08/2025  06:55 PM IST
nila
ആദ്യരാത്രിക്ക് മുന്നേ മദ്യപിക്കുന്ന യുവതികളുടെ കഥ

വിവാഹവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങളെ കുറിച്ച് അറിയുമ്പോൾ ഇതൊക്കെ ഈ ഭൂമിയിൽ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നാറുമുണ്ട്. നമ്മുടെ നാട്ടിൽ അടുത്തകാലത്തായി വിവാഹങ്ങളിൽ ചില ന്യൂജെൻ പരിഷ്കാരങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. വധുവരന്മാർ വെള്ളമടിക്കുന്നതും വധു മുണ്ടുമടക്കി കുത്തി ഡാൻസ് ചെയ്യുന്നതുമൊക്കെ ന്യൂജെൻ പിള്ളേരുടെ ഫാഷനായി മാറിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പൊതുജനത്തിന് അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളും ഉണ്ടാകാറുണ്ട്. 

പറഞ്ഞുവരുന്നത് വിവാഹത്തിന്റെ ആഘോഷത്തെ കുറിച്ചും ആചാരത്തെ കുറിച്ചുമാണ്. ഇന്ത്യയിൽ വർണശബളമായ ആഘോഷങ്ങളും ആചാരങ്ങളും വിവാഹത്തിൽ കാണാൻ കഴിയുന്നത് രാജസ്ഥാനിലെ വിവാഹങ്ങളിലാണ്.  രാജകീയ ശൈലി, വർണ്ണാഭമായ പാരമ്പര്യങ്ങൾ, ആഴത്തിൽ വേരൂന്നിയ ആചാരങ്ങൾ എന്നിവയുടെ സമ്മിശ്ര രൂപമാണ് രാജസ്ഥാനിലെ രജപുത്ര വിവാഹങ്ങൾ. എന്നാൽ, ഈ രജപുത്രർക്കിടയിലെ ചില വിഭാ​ഗങ്ങളിൽ വധുവിനെ വരന്റെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്യുന്നത് മദ്യം നൽകിയാണ്. അതെ, രണ്ട് പെ​ഗ് അടിച്ചിട്ട് വേണം യുവതി ആദ്യമായി തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് കാലെടുത്ത് വെക്കാൻ.

ചിലയിടങ്ങളിൽ വരന്റെ വീടിന്റെ പ്രധാന വാതിലിന് മുന്നിൽവെച്ച് നിപ്പനടിച്ച് വേണം യുവതികൾ വിവാഹ ജീവിതം ആരംഭിക്കാൻ. എന്നാൽ, മറ്റു ചിലയിടങ്ങളിൽ നവവധുവിന് വെള്ളമടിക്കാനുള്ള പ്രത്യേക വേദി തയ്യാറാക്കുകയും ടച്ചിം​ഗ്സും മദ്യവും ​ഗ്ലാസുമെല്ലാം ഒരുക്കി വെക്കുകയും ചെയ്യും. അവിടെയിരുന്ന് സാവധാനം വെള്ളമടിയൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് പ്രവേശിച്ചാൽ മതി. ഇത്തരം വേദികളിൽ വരന്റെ വീട്ടിലെ മറ്റു സ്ത്രീകളും വെള്ളമടിക്കാൻ നവവധുവിനൊപ്പം കൂടും. 

പ്യാല അല്ലെങ്കിൽ മാൻവാർ പാരമ്പര്യം എന്നാണ് ഈ പഴയ രജപുത്ര ആചാരം അറിയപ്പെടുന്നത്. വധു വരന്റെ വീട്ടിലേക്ക് എത്തുമ്പോൾ സ്വാഗതത്തിന്റെ ഭാഗമായി, അവളുടെ ഭർതൃവീട്ടുകാർ മദ്യം നിറച്ച ഒരു കപ്പ് യുവതിക്ക് നൽകുന്നു, സാധാരണയായി പ്രാദേശിക മദ്യമോ വിസ്കിയോ ആകും നൽകുക. ചില യുവതികൾ മദ്യം കുടിക്കുമ്പോൾ മറ്റു ചില യുവതികൾ ബഹുമാനസൂചകമായി അവൾ കപ്പിൽ തൊടുകയോ മദ്യത്തിൽ വിരൽ തൊട്ട് നെറ്റിയിൽ തൊടുകയോ ചെയ്യും. എന്നാൽ, ചില പ്രദേശങ്ങളിൽ യുവതിക്ക് വേണ്ടി കുടുംബത്തിലെ മുതിർന്ന സ്ത്രീകളാകും ഈ മദ്യം അകത്തക്കുക.


രാജസ്ഥാനിൽ എല്ലായിടത്തും ഈ ആചാരമില്ല കേട്ടോ. ഉദയ്പൂർ, ജോധ്പൂർ, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ പരമ്പരാഗത രജപുത്ര കുടുംബങ്ങളിലാണ് ഈ ആചാരം കൂടുതലും കാണപ്പെടുന്നത്. ബിക്കാനീർ, ജയ്സാൽമീർ പോലുള്ള നഗരങ്ങളിൽ ഇപ്പോൾ ഈ ആചാരം വളരെ അപൂർവമായി മാത്രമേ ആചരിക്കുന്നുള്ളൂ.

എന്നാൽ കാലം മാറുന്നതിനനുസരിച്ച് പ്യാല പാരമ്പര്യവും മാറുകയാണ്. പല ആധുനിക കുടുംബങ്ങളിലും മദ്യത്തിന് പകരം പഴച്ചാറുകൾ, പനിനീർ, തേങ്ങാവെള്ളം, സർബത്ത്, അല്ലെങ്കിൽ സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഉപയോഗിക്കാറുണ്ട്. ജോധ്പൂരിൽ നിന്നുള്ള ഒരു കുടുംബം ഇപ്പോൾ മദ്യത്തിന് പകരം റോസ് സിറപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. അതിനാൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

 ഈ ആചാരം രജപുത്രരുടെ യുദ്ധ പാരമ്പര്യത്തിൽ നിന്ന് ഉടലെടുത്തതാണ് എന്നാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത്. പഴയകാലത്ത് യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തുന്ന യോദ്ധാക്കൾ ധൈര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായി മദ്യം പങ്കിടാറുണ്ടായിരുന്നു. കാലക്രമേണ, ഈ ആചാരം വിവാഹങ്ങളിലേക്കും കുടുംബജീവിതത്തിലേക്കും വ്യാപിക്കുകയായിരുന്നു. എന്തായാലും കാലം മാറുന്നതിനനുസരിച്ച് രാജസ്ഥാനിലെ ഈ വിചിത്ര ആചാരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു എന്നു തന്നെയാണ് അവിടെ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img