03:13am 17 September 2026
NEWS
എത്ര കഠിനഹൃദയനായ പുരുഷനെയും ദുർബലനാക്കിയ ചാരസുന്ദരിയുടെ കഥ
09/07/2025  07:57 PM IST
nila
എത്ര കഠിനഹൃദയനായ പുരുഷനെയും ദുർബലനാക്കിയ ചാരസുന്ദരിയുടെ കഥ

ജ്യോതി മൽഹോത്ര എന്ന ചാരസുന്ദരിയാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെ വൻ ചർച്ചാവിഷയം. കേരളത്തിലെ ടൂറിസം വകുപ്പ് ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തിയതും, ബിജെപി നേതാക്കൾ ജ്യോതിക്കൊപ്പം ട്രെയിൻ യാത്ര ന‌ടത്തിയതുമൊക്കെയാണ് ഇപ്പോൾ വലിയ വിവാദമാകുന്നത്. ലോകത്ത് എല്ലാകാലത്തും ചാരവൃത്തിക്കായി സുന്ദരികളായ യുവതികളെ ഉപയോ​ഗിച്ചിട്ടുണ്ട്. ലോകത്ത് എല്ലാകാലത്തെയും ഏറ്റവും വലിയ ചാര സുന്ദരിയായി കണക്കാക്കുന്നത് ആരെയാണ് എന്നറിയാമോ? ആ സുന്ദരിയുടെ ജീവിതത്തിലേക്കാണ് ഇന്ന് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്. 

 തെരുവിൽനിന്നും വന്ന് ലോകത്തെ വൻ ഭരണകൂടങ്ങളെ പോലും വിറപ്പിച്ചവൾ എന്ന് മാതാഹരിയെ നിർവചിക്കാം. തന്റെ സൗന്ദര്യം കൊണ്ടവൾ പൗരുഷങ്ങൾക്ക് വിലപറഞ്ഞു. എത്ര കഠിനഹൃദയനായ പുരുഷനും ആ സൗന്ദര്യത്തിന് മുന്നിൽ ദുർബലനായി മാറി. വെറും 41 വർഷത്തെ ജീവിതം കൊണ്ട് മതാഹരി എന്ന യുവതി ലോകക്രമത്തെ തന്നെ മാറ്റുന്ന പ്രവർത്തനങ്ങൾ നടത്തി. അക്ഷരംതെറ്റാതെ പുരുഷ ലമ്പട എന്ന് വിളിക്കാവുന്ന ഒരു സ്ത്രീയുടെ കഥയാണിത്. 

1876 ഓഗസ്റ്റ് 7നാണ് നെതർലാൻഡ്‌സിലെ തൊപ്പിക്കച്ചവടക്കാരനായിരുന്ന ആദം സെല്ലേയ്ക്ക് ഒരു മകൾ ജനിക്കുന്നത്. അദ്ദേഹം അവൾക്ക് മാർഗരീറ്റ എന്ന പേര് നൽകി. മാർ​ഗരീറ്റ ജനിക്കുന്ന സമയത്ത് പിതാവ് സമ്പന്നനായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പാപ്പരായി. സമ്പത്ത് നഷ്ടമായതോടെ ഭാര്യയുമായി വിവാഹമോചനം നേടേണ്ടി വന്നു. വിവാഹമോചനം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ മാർ​ഗരീറ്റയുടെ അമ്മ മരിച്ചു. പതിനാലാം വയസ്സിലാണ് മാർ​ഗരീറ്റ ആദ്യമായി ഒരു പുരുഷനെ അറിയുന്നത്. അവളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററുമായിട്ടായിരുന്നു ആദ്യ ലൈം​ഗികബന്ധം. അത് പ്രണയമായിരുന്നു എന്നും അതല്ല ബലാത്സം​ഗമായിരുന്നു എന്നും രണ്ടു വാദങ്ങൾ ഇന്നുമുണ്ട്. ഈ സംഭവത്തോടെ മാർ​ഗരീറ്റയെ സ്കൂളിൽ നിന്നും പുറത്താക്കി. 

പുരുഷന്മാർ മൊത്തം ലൈം​ഗികാസക്തിയോടെ ജീവിക്കുന്നവരാണ് എന്ന ചിന്ത ഇതോടെ ആ പെൺകുട്ടിയുടെ മനസ്സിൽ വേരുറച്ചു. പത്തൊൻപതാം വയസിൽ കാംബെൽ മക്ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ അവൾ വിവാഹം കഴിച്ചു. തന്നെക്കാൾ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ളയാളായിരുന്നു മാർ​ഗരീറ്റയുടെ ഭർത്താവ്. മക്ലിയോഡ് അമിത മദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. മാർ​ഗരീറ്റയെ ഇയാൾ നിരന്തരം ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ആ ദാമ്പത്യത്തിൽ രണ്ടു കുട്ടികൾക്ക് യുവതി ജന്മം നൽകിയെങ്കിലും ഇവരുടെ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇതോടെ മാനസികമായി തകർന്ന മാർ​ഗരീറ്റ വിവാഹബന്ധം വേർപെടുത്തി, മകളെ നെതർലാൻഡ്സിലെ ബന്ധുക്കളെ ഏൽപ്പിച്ച് പാരീസിലേക്ക് പോയി.

പാരീസിലെത്തുന്നതോടെയാണ് മാർ​ഗരീറ്റയുടെ ജീവിതം പുതിയ ചക്രവാളങ്ങൾ തേടിത്തുടങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള ഒരു ദേവദാസിയെന്നാണ് പാരീസിൽ ഈ യുവതി സ്വയം പരിചയപ്പെടുത്തിയത്. ഒരു ഇന്ത്യൻ സുന്ദരിക്കുള്ള എല്ലാ അഴകളവുകളും ഒത്തിണങ്ങിയ രൂപമായിരുന്നു  മാർ​ഗരീറ്റയുടേത്. സർക്കസിലടക്കം പലയിടത്തു ജോലി ചെയ്തെങ്കിലും ഒന്നും ക്ലച്ച് പിടിച്ചില്ല. അവസാനം അവൾ തനിക്കുള്ള വശ്യ സൗന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കാൻ ആ യുവതി തീരുമാനിക്കായിരുന്നു. പുലരിയുടെ കണ്ണ് എന്നർത്ഥം വരുന്ന മാതാഹരി എന്ന പേരും അവൾ സ്വയം സ്വീകരിച്ചു. പിന്നീട് ചരിത്രം ആ സ്ത്രീ സൗന്ദര്യത്തിന്റെ ചുറ്റിനുമായിരുന്നു. 

നൃത്തത്തിലുടെയാണ് മാതാഹരി പ്രശസ്തയായത്. ചുവടുകൾ മുറുകുമ്പോൾ ഒന്നൊന്നായി വസ്ത്രം ഉപേക്ഷിച്ച് അവസാനം നൂൽബന്ധമില്ലാതെയുള്ള ആ നൃത്തം യൂറോപ്പിൽ ഹരമായി. അലങ്കാരപ്പണികളുള്ള മാർവസ്ത്രവും, ആഭരണങ്ങളുമൊക്കെയായി പൂർണ്ണമായും വസ്ത്രം ധരിച്ച് എത്തിയശേഷം, നൃത്തം ചെയ്യുമ്പോൾ അത് ഒന്നൊന്നായി ഉപേക്ഷിക്കയായിരുന്നു മാതാഹരിയുടെ രീതി. പക്ഷേ നൃത്തത്തിന്റെ വേഗത്തിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്നതെന്ന് തോന്നിക്കുന്ന രീതിയിലാണ് ഈ വിവസ്ത്രയാകൽ. അതുകൊണ്ട് തന്നെ ഒരു സ്വാഭാവികത ഈ നൃത്തരൂപത്തിനുണ്ടായിരുന്നു. മാതാഹരിയുടെ നൃത്തം ഒരിക്കൽ കണ്ടവരെല്ലാം ആ സൗന്ദര്യത്തിന് അടിമകളായി മാറി. 
‌ആരെയും മയക്കുന്ന സർപ്പസൗന്ദര്യമായിരുന്നു മാതാഹാരിയുടേത് എന്ന് അന്തിപത്രങ്ങൾ സാക്ഷ്യം പറഞ്ഞു. 

പാരീസിലെ തെരുവീഥികളിൽ ന​ഗ്നനൃത്തമാടിയ മാതാഹാരിക്ക് അവിടത്തെ സമ്പന്നന്മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായിരുന്നു. മോണ്ടികാർലോ, ബർലിൻ, മാഡ്രിഡ് എന്നിവിടങ്ങളിലെ സമ്പന്നന്മാരെ അവൾ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജർമ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രൺസ്വിക്ക് പ്രഭു തുടങ്ങിയവർ കിടപ്പറയിൽ മാതാഹരിക്ക് മുന്നിൽ അനുസരണയോടെ നിന്നു. 1914 ആഗസ്റ്റിൽ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജർമ്മൻ പൊലീസ് മേധാവി മാതാഹരിക്കൊപ്പം കാറിൽ ബർലിൻ നഗരത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു 

യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ ജർമ്മനിയിൽ നിന്നും തന്റെ ജന്മനാടായ നെതർലൻഡ്സിലേക്ക് പോയി. പക്ഷേ അതിനിടെ ജർമ്മൻ സൈനികർ ആ യുവതിയെ കൊള്ളയടിച്ചിരുന്നു. നെതർലൻഡ്സിലെത്തിയ മാതാഹരിക്ക് അവളുടെ പഴയൊരു കാമുകൻ അഭയം നൽകി. എന്നാൽ, തന്റെ കാമുകരുമായി സന്ധിക്കാൻ വേണ്ടി അവൾ ഇംഗ്ലണ്ട് വഴി പാരീസിലേക്ക് ചെന്നു. ജർമ്മൻ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. അപ്പോഴേക്കും ബ്രിട്ടീഷ് രഹസ്യപ്പൊലീസിന്റെ സംശയദൃഷ്ടി മാതാഹരിക്കുമേൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു ജർമ്മൻ ചാരയാണ് എന്ന സംശയത്തിന്റെ പുറത്ത് നിരന്തര നിരീക്ഷണത്തിന്റെ നിഴലിലായി മാതാഹരി.

പാരീസിൽ ചെലവിട്ട അൽപ്പസമയം കൊണ്ടുതന്നെ, യുദ്ധത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഒരു റഷ്യൻ ക്യാപ്റ്റനുമായി മാതാഹരി പ്രണയത്തിലാകുന്നുണ്ട്. ആ ഓഫീസറുമായുള്ള സമാഗമങ്ങൾക്കായി ആശുപത്രിയിൽ ചെന്ന സമയത്താണ് ഫ്രഞ്ച് രഹസ്യപ്പൊലീസിലെ ഒരു ഓഫീസർ അവളെ സമീപിക്കുന്നത്. ബ്രിട്ടീഷ് ചാരസംഘത്തിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ആ സമാ​ഗമം. അങ്ങനെ നല്ലൊരു തുകക്ക് ഫ്രാൻസിനു വേണ്ടി ചാരവൃത്തി നടത്താൻ ആ യുവതി തയ്യാറായി. 

ജർമ്മൻ സൈനികരിൽ നിന്ന് സൈനിക രഹസ്യങ്ങൾ ചോർത്തി ഫ്രാൻസിന് നൽകുക എന്നതായിരുന്നു മാതാഹരിയെ ഏൽപ്പിച്ച ദൗത്യം. ജർമ്മൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്താനുറപ്പിച്ച് മാതാഹരി യൂറോപ്പിലൂടെ സഞ്ചാരം തുടങ്ങി. ആ ദൗത്യത്തിൽ മാതാഹരി വിജയിച്ചെന്നാണ് പറയപ്പെടുന്നത്.  ജർമ്മനിയിൽവെച്ച് ഇന്ത്യൻ വിപ്ലവകാരി ചെമ്പകരാമൻ പിള്ളയെ വശീകരിച്ച് പിടിക്കാനുള്ള ദൗത്യവും മാതാഹരി ഏറ്റെടുത്തെങ്കിലും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി എന്നും പറയപ്പെടുന്നു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന ചരിത്ര രേഖകളൊന്നുമില്ല എന്നതാണ് വാസ്തവം. 

പക്ഷേ ഇംഗ്ളണ്ടിൽ വെച്ച് മാതാഹരി പിടിയിലായി. ചോദ്യം ചെയ്യലിനിടെ തന്റെ ഫ്രഞ്ച് കണക്ഷൻ മാതാഹരി വെളിപ്പെടുത്തുന്നുണ്ടെങ്കിലും, ആ ഉദ്യോഗസ്ഥൻ അതെല്ലാം നിഷേധിക്കുകയായിരുന്നു. ഒടുവിൽ മാഡ്രിഡിൽ കുടുങ്ങിപ്പോയ മാതാഹരി മാഡ്രിഡിലെ ജർമ്മൻ അറ്റാഷെയെ വശത്താക്കിയാണ് അവിടെ നിന്നും രക്ഷപെട്ട് പാരീസിലേക്ക് തിരികെ എത്തിയത്. നിർണായക ഘട്ടങ്ങളില്ലെല്ലാം സ്വന്തം ശരീരം കൊടുത്താണ് മാതാഹരി രക്ഷപെട്ടതെന്നാണ് പറയപ്പെടുന്നത്.

തന്റെ പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട് പാരീസിലേക്ക് തിരിച്ചെത്തിയ മാതാഹരിക്ക് തന്നെ ജോലിയേൽപ്പിച്ച ഫ്രഞ്ചുചാരനെ കണ്ടെത്താൻ  കഴിഞ്ഞില്ല. എന്നാൽ, തന്റെ പ്രവൃത്തികളെപ്പറ്റി വീരസ്യം പറയുന്ന അവളുടെ സ്വഭാവം, ഫ്രഞ്ച് രഹസ്യപ്പൊലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ മാതാഹാരിക്ക് വിനയായി. പറഞ്ഞ കഥകളിൽ ആകെ വൈരുദ്ധ്യം പ്രകടമായിരുന്നു. ഒടുവിൽ ജർമ്മൻ സൈന്യത്തിൽ നിന്നും പണം സ്വീകരിച്ചിരുന്നു എന്ന് അവർക്കു മുന്നിൽ മാതാ ഹരിക്ക് വെളിപ്പെടുത്തേണ്ടി വരുന്നു. അതോടെ ഡബിൾ ഏജന്റാണ് അവർ എന്ന വാദം ഉയർന്നു. 

മാതാഹാരിയുടെ കേസ് കോടതിയിൽ വിചാരണയ്ക്ക് വന്നപ്പോഴാണ് കോടതിയെ പോലും ഞെട്ടിക്കുന്ന പ്രസ്താവന മാതാഹരി നടത്തിയത്. 
‘ എന്നെ നിങ്ങൾ ഒരു വേശ്യയെന്ന് വിളിച്ചാൽ ഞാനത് വേണമെങ്കിൽ സമ്മതിക്കും. പക്ഷേ, ഞാൻ ഒരിക്കലും ചാരവനിത അല്ല. ഞാൻ എന്നും ജീവിച്ചിട്ടുള്ളത്, പ്രണയത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണ്..’ – മാതാഹരി പൊട്ടിത്തെറിച്ചപ്പോൾ കോടതിപോലും ഒരു വേള നിശബ്ദമായിപ്പോയി.

യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ വെടിവച്ചു കൊല്ലാനാണ് കോടതി ഉത്തരവിട്ടത്. 1917 ഒക്ടോബർ 15 പുലർച്ചെയാണ് മാതാഹരിയുടെ വധശിക്ഷ നടപ്പാക്കുന്നത്. നാൽപ്പത്തിയൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാൻ അണിഞ്ഞൊരുങ്ങി.  വിൻസെന്നയിലെ റൈഫിൾ റെയ്ഞ്ചിൽ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിങ് സ്‌ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാൽ വെയപ്പുകളോടെ അവൾ ഉദ്യോഗസ്ഥർ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. അതുകണ്ട് സൈനികൾ പോലും അമ്പരുന്നുവെന്നാണ് പിൽക്കാലത്ത് മാധ്യമങ്ങൾ എഴുതിയത്. കാരണം പേടിച്ച് ജീവഛവമായും, അലറിക്കരഞ്ഞുമൊക്കെയാണത്രേ പലരും ഇങ്ങോട്ട് എത്തുക.

ശിക്ഷ നടപ്പാക്കുന്നതിനു മുൻപായി പ്രതിക്ക് നൽകാറുള്ള മദ്യവും വാങ്ങിക്കുടിച്ച മാതാഹരി ചില നിർദ്ദേശങ്ങൾ ജയിൽ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽവെച്ചു. തന്നെ ബന്ധനസ്ഥയാക്കി വധശിക്ഷക്ക് വിധേയമാക്കരുത് എന്നായിരുന്നു ആ നിർദ്ദേശം. ജയിലധികൃതർ ആ യുവതിയുടെ ധൈര്യം കണ്ട് അമ്പരന്നു. കൈകാലുകൾ ബന്ധിക്കാതെ തന്നെ ആ സുന്ദരിയെ ഫയറിങ് സ്‌ക്വാഡിന് അഭിമുഖമായി നിർത്തി. ആ ഫയറിങ് സ്‌ക്വാഡിന്റെ നേർക്ക് അവൾ തന്റെ അന്ത്യചുംബനങ്ങൾ പറത്തിവിട്ടു. തുടർന്ന് തന്റെ ബ്ലൗസിന്റെ കുടുക്കുകൾ ഓരോന്നോരോന്നായി അഴിച്ചു. തന്നെ കൊല്ലാൻ നിൽക്കുന്ന പട്ടാളക്കാർക്കും തന്റെ ന​ഗ്നമാറിടം കാട്ടിക്കൊടുത്താണ് ആ ചാരസുന്ദരി വെടിയുണ്ടകളെ സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img