10:46pm 18 April 2026
NEWS
പ്രവചനത്തിലൂടെ ലോകത്തെയാകെ ഭയത്തിലാഴ്ത്തിയ റിയോ തത്സുകിയുടെ കഥ
05/07/2025  07:26 AM IST
nila
പ്രവചനത്തിലൂടെ ലോകത്തെയാകെ ഭയത്തിലാഴ്ത്തിയ റിയോ തത്സുകിയുടെ കഥ

ഇന്ന് ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്നാണ് റിയോ തത്സുകി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തത്സുകിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ചാവിഷയം. ഇന്ന് സുനാമി ഉണ്ടായാലും ഇല്ലെങ്കിലും റിയോ തത്സുകി ലോകത്ത് വലിയ പ്രശസ്തി നേടിക്കഴിഞ്ഞു. തത്സുകിയുടെ പ്രവചനത്തിന് അടിസ്ഥാനമില്ലെന്ന് അധികൃതരും ജ്യോതിഷികളും ആവർത്തിച്ച് പറയുമ്പോഴും തത്സുകിയുടെ പ്രവചനത്തെ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാ​ഗം ആളുകളുണ്ട്. 

ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 വയസ്സുകാരി റിയോ തത്സുകി മുമ്പ് പ്രവചിച്ച പല കാര്യങ്ങളും സത്യമായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ആരാണീ റിയോ തത്സുകി എന്ന് നമുക്കൊന്ന് അറിഞ്ഞുവരാം. അതിന് മുമ്പ് അവർ നേരത്തേ നടത്തിയ ചില പ്രവചനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. "ദി ഫ്യൂച്ചർ ഐ സോ" എന്ന പുസ്തകത്തിലൂടെയാണ് തത്സുകി പ്രശസ്തയാകുന്നത്. തന്റെ സ്വപ്നങ്ങളെയാണ് തത്സുകി ഒരു പുസ്കമാക്കി മാറ്റിയത്. ഞാൻ കാണുന്ന ഭാവി എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം വളരെ പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുത്തത്.

2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയതായാണ് ജപ്പാനിലെ നല്ലൊരു വിഭാ​ഗം ജനങ്ങളും വിശ്വസിക്കുന്നത്. 1999-ൽ പ്രസിദ്ധീകരിച്ച ഫ്യൂച്ചർ ഐ സോയുടെ കവർ പേജിൽ തന്നെ 2011 മാർച്ചിലെ ഭൂകമ്പവും തുടർന്നുള്ള സുനാമിയും രേഖപ്പെടുത്തിയിരുന്നു. ഈ ദുരന്തത്തിൽ ഏകദേശം 16,000 പേർ മരിക്കുകയും ഫുകുഷിമ ഡൈചി ആണവ ദുരന്തത്തിന് കാരണമാവുകയും ചെയ്‌തിരുന്നു. താൻ പ്രവചിച്ച അതേ വർഷം അതേ സമയത്താണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്നാണ് തത്സുകിയുടെ അവകാശവാദം.

സ്വപ്നങ്ങളുടെ ചിത്രീകരണങ്ങളും മുൻകാല സംഭവങ്ങൾ പ്രവചിച്ചതായി അവകാശപ്പെടുന്നതുമാണ് ഈ പുസ്തകം. 1954 ൽ ജനിച്ച അവർ 1978 ൽ തന്റെ സ്വപ്നങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി, അത് പിന്നീട് അവരുടെ മാംഗയുടെ അടിസ്ഥാനമായി. 2011 ലെ തോഹോകു ഭൂകമ്പത്തിനും സുനാമിക്കും ശേഷം അവരുടെ കൃതികൾ ശ്രദ്ധ നേടിയെങ്കിലും, 1995 ലെ കോബി ഭൂകമ്പം, ഫ്രെഡി മെർക്കുറിയുടെ മരണം തുടങ്ങിയ അവരുടെ ചില മുൻകാല പ്രവചനങ്ങളും അവരുടെ പ്രവചന കഴിവുകളുടെ തെളിവായി ചൂണ്ടിക്കാട്ടുന്നു. 2025 ജൂലൈയിൽ ഉണ്ടാകാൻ സാധ്യതയുള്ള മെഗാ-സുനാമിയെക്കുറിച്ചുള്ള തത്സുകിയുടെ സമീപകാല മുന്നറിയിപ്പുകളാണ് ഇപ്പോൾ ലോകം ആശങ്കയോടെ കാത്തിരിക്കുന്നത്. 

ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18 സംഭവിക്കും എന്നാണ് തത്സുകിയുടെ പ്രവചനം. ഇത് ഭൂകമ്പമാണോ സുനാമിയാണോ ലാവാ പ്രവാഹമാണോ അതോ ബോംബ് സ്ഫോടനമാണോ എന്നൊക്കെയുള്ള ചർച്ചകൾ ലോകത്തിന്റെ പല ഭാ​ഗത്തും നടക്കുന്നുണ്ട്. 

സൂനാമിദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലെ ടൂറിസം വ്യവസായത്തിന് തിരിച്ചടി നേരിട്ടു. ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 83ശതമാനം കുറവുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്താൽ പലരും യാത്രകൾ ഒഴിവാക്കി. ശക്തമായ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. 

ജപ്പാന്റെ തെക്കൻ മേഖലയിലെ ചെറിയ ദ്വീപിൽ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അടുത്തിടെ നിരവധി ചെറു ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2011 മാർച്ച് 11ന് ടോഹോക്കു  ഭൂകമ്പവും സൂനാമിയും സംഭവിച്ചതോടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾക്ക് ലോകമെമ്പാടും ശ്രദ്ധ ലഭിച്ചത്. പല പ്രവചനങ്ങളും യാഥാർഥ്യമായതായി പ്രചരണമുണ്ടായി.

 ‘ദ് ഫ്യൂച്ചർ ഐ സോ’ എന്ന കൃതി ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനമായി കണക്കാക്കപ്പെട്ടു. പുസ്തകത്തിന്റെ പുതിയ പതിപ്പിൽ 2025 ജൂലൈയിൽ വലിയ ദുരന്തം സംഭവിക്കും എന്ന ഒരു പുതിയ മുന്നറിയിപ്പ് കൂടി തത്സുകി ഉൾപ്പെടുത്തിയതോടെയാണ് ആശങ്ക ഉയർന്നത്.തെക്കൻ ജപ്പാനിലെ ഒരു വിദൂര ദ്വീപസമൂഹത്തിൽ ശനിയാഴ്‌ച മുതൽ 470ലധികം ഭൂകമ്പങ്ങൾ ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായിരിക്കുകയാണ്. ഏതായാലും ഇന്നത്തെ ദിവസം റിയോ തത്സുകിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img