ഇസ്രയേൽ കൊല്ലാൻ ശ്രമിക്കുന്ന ഇറാന്റെ പരമോന്നത നേതാവിന്റെ കഥ

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് പിറകിൽ പരമാധികാരിയായ ഒരേയൊരു വ്യക്തിയാണ്. തന്റെ മതവിശ്വാസത്തെ മുറുകെ പിടിക്കുകയും അത് നടപ്പാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന ഒരു നേതാവുണ്ട്, അത്രമേൽ ശക്തിയുള്ള ഒരു നേതാവ്, ഈ മനുഷ്യന്റെ ഒരു വാക്ക് മതി ഈ വംശീയ പോരാട്ടം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാൻ. പക്ഷേ, ഈ മനുഷ്യൻ വെറുമൊരു രാഷ്ട്രീയ നേതാവുമാത്രമല്ല അതിനുമപ്പുറം നെഞ്ചുറപ്പുള്ള പോരാളിയും അടിയുറച്ച ആത്മീയ നേതാവുമാണ്. അതുകൊണ്ട്തന്നെ, തന്റെ കൂട്ടരുടെ ചോരക്ക് പകരം ചോദിക്കാതിരിക്കാൻ സാധിക്കില്ല ഇറാന്റെ പരമോന്നത നേതാവായ ആയത്തൊല്ല അലി ഖമനയി എന്ന സയ്യിദ് അലി ഹുസൈനി ഖമേനിക്ക്.
ഇറാന്റെ പരമോന്നത നേതാവിന്റെ നേതാവിന്റെ ജീവിതം നമുക്കൊന്ന് അറിഞ്ഞുവരാം.
സയ്യിദ് അലി ഹുസൈനി ഖമേനി വെറുമൊരു നേതാവല്ല. ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതാവാണ്. രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളിൽ ഇറാന്റെ അവസാന വാക്ക്. മെഡിറ്ററേനിയൻ തീരങ്ങളിലെയും ഗൾഫ് നാടുകളിലെയും ഷിയാ പ്രസ്ഥാനങ്ങൾക്കും ആത്മീയ ഗുരുവാണ് ഇറാന്റെ പരമോന്നത നേതാവ്. കാരണം ഈ ഷിയാ വിമോചന പോരാളികൾക്ക് ആശയവും ആയുധവും നൽകുന്നത് ഇറാനാണ് എന്നതു തന്നെ.
1939 ഏപ്രിൽ 19 നാണ് സയ്യിദ് അലിയുടെ ജനനം. ഇറാനിലെ ഖുറാസാൻ പ്രവിശ്യയിലെ വിശുദ്ധ നഗരമായ മഷാദിൽ ദരിദ്രനായ ഇസ്ലാമിക പണ്ഡിതനായ സയ്യിദ് ജവാദ് ഖമേനിയുടെ മകനായാണ് സയ്യിദ് അലി ജനിക്കുന്നത്. സയ്യിദ് ജവാദ് ഖമേനി - ഖദീജ മിർദാമാദി ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് സയ്യിദ് അലി. അദ്ദേഹത്തിൻ്റെ പിതാവ് അസർബൈജാനിയും അമ്മ യാസ്ദിൽ നിന്നുള്ള പേർഷ്യൻ വംശജയും ആയിരുന്നു.
നാലാം വയസ്സിൽ സയ്യിദ് അലിയെയും അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മുഹമ്മദിനെയും അക്ഷരമാലയും വിശുദ്ധ ഖുറാനും പഠിക്കുന്നതിനായി അക്കാലത്തെ പരമ്പരാഗത പ്രാഥമിക വിദ്യാലയങ്ങമായ മക്തബിലേക്ക് അയച്ചു. പിന്നീട്, പഠനം തുടരുന്നതിനായി പുതുതായി സ്ഥാപിതമായ ഒരു ഇസ്ലാമിക് സ്കൂളിലേക്ക് മാറ്റി. പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സയ്യിദ് അലി മഷ്ഹദിലെ ദൈവശാസ്ത്ര സെമിനാരിയിൽ പഠനം തുടർന്നു. തന്നെ മതംപഠിപ്പിക്കാൻ തീരുമാനിച്ചത് മാതാപിതാക്കളായിരുന്നു എന്നും കൂടുതൽ താത്പര്യം തന്റെ പിതാവിനായിരുന്നു എന്നും ഖമേനി പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
മതപാഠശാലകളിലും പിതാവിൻ്റെ മേൽനോട്ടത്തിലും ചില മഹത്തായ മതപണ്ഡിതന്മാരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലും യുക്തി, തത്ത്വചിന്ത, ഇസ്‌ലാമിക നിയമശാസ്ത്രം എന്നിവയുൾപ്പെടെ അദ്ദേഹം അഞ്ച് വർഷത്തിനുള്ളിൽ പഠിച്ചു. തുടർന്ന് അദ്ദേഹം ദാർസെ ഖരിജ് എന്ന തൻ്റെ ഉന്നതതല പഠനം ആരംഭിച്ചു. ഗ്രാൻഡ് ആയത്തുള്ള മിലാനിയെപ്പോലുള്ള പ്രമുഖ മതപണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കുന്നത് ഈ കാലത്താണ്.
തന്റെ പതിനെട്ടാം വയസ്സിൽ ഇറാഖിലെ പുണ്യസ്ഥലങ്ങളിലേക്ക് ഒരു തീർത്ഥാടനം നടത്താൻ അദ്ദേഹം തീരുമാനിച്ചു, അങ്ങനെ അദ്ദേഹം 1957-ൽ ഇറാൻ വിട്ട് നജാഫിലേക്ക് പോയി. ആയത്തുല്ല ഹക്കിം, ആയത്തുല്ല ഷാരൂദി തുടങ്ങിയ പ്രമുഖ മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങളിൽ സയ്യിദ് അലി ആകൃഷ്ടനായി. ഇവരിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ നജാഫിൽ തുടരാനായിരുന്നു സയ്യിദ് അലിക്ക് താത്പര്യം. എന്നാൽ, തൻ്റെ മകൻ വിശുദ്ധ നഗരമായ കുമിൽ ഉന്നതപഠനം തുടരാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന പിതാവിൻ്റെ ആഗ്രഹം മാനിച്ച് അദ്ദേഹം 1958-ൽ ഇറാനിലേക്ക് മടങ്ങി.
1958 മുതൽ 1964 വരെ സയ്യിദ് അലി കുമിലെ തൻ്റെ ഉന്നതപഠനങ്ങൾ പിന്തുടർന്നു. ഇറാനിലെ അക്കാലത്തെ ഏറ്റവും പ്രമുഖരായ മതപണ്ഡിതരുടെ ശിഷ്യനാകാൻ ഈ കാലഘട്ടത്തിൽ സയ്യിദ് അലിക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി മുജ്തഹിദായി മാറിയ സയ്യിദ് അലി ചെറുപ്പക്കാരായ സെമിനാരി, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വിവിധ മത വിഷയങ്ങൾ പഠിപ്പിക്കാൻ തുടങ്ങി.
കുമിലെ തന്റെ വിദ്യാഭ്യാസ കാലത്ത് 1962ൽ രാഷ്ട്രീയത്തിലേക്ക് സയ്യിദ് അലി ആകൃഷ്ടനായി. തന്റെ ഗുരുനാഥനും ഇസ്ലാമിക വിപ്ലവത്തിന്റെ ആചാര്യനുമായ ഇമാം ഖൊമേനിയിൽ ആകൃഷ്ടനായാണ് സയ്യിദ് അലി രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അക്കാലത്ത് ഇറാനിലെ ഷാ ഭരണകൂടത്തിൻ്റെ അമേരിക്കൻ അനുകൂല, ഇസ്‌ലാമിക വിരുദ്ധ നയങ്ങളെ എതിർത്ത ഇമാം ഖൊമേനിയുടെ വിപ്ലവ സംഘത്തിൽ സയ്യിദ് അലിയും ഭാഗമായി.
1963 മെയ് മാസത്തിൽ ഇമാം ഖുമൈനി സയ്യിദ് അലിയെ തന്റെ സംഘത്തിന്റെ പ്രചാരകനായി നിയോഗിച്ചു. ഇമാം ഖുമൈനിയുടെ കാഴ്ചപ്പാടുകളുടെ പ്രചാരണത്തിനായി ബിർജന്ദ് നഗരത്തിലേക്ക് പോയ സയ്യിദ് അലി അവിടെവച്ച് ആദ്യമായി അറസ്റ്റിലാവുകയും ഒരു രാത്രി ജയിലിൽ കഴിയുകയും ചെയ്തു. ഇനി പ്രസംഗവേദിയിൽ സംസാരിക്കരുതെന്ന് താഴെ പറയുന്ന അധികാരികൾ അദ്ദേഹത്തോട് ഉത്തരവിട്ടു. 1963 ജൂണിലെ രക്തരൂക്ഷിതമായ കലാപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയും പത്തുദിവസത്തെ കഠിന തടവിന് മഷാദിലേക്ക് മാറ്റുകയും ചെയ്തു.
1964 ജനുവരിയിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. രണ്ട് മാസത്തോളം ഏകാന്ത തടവിൽ കൊടിയ പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നു. ജയിൽ മോചിതനായ ശേഷം, വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനങ്ങളെക്കുറിച്ചും പ്രവാചക പാരമ്പര്യങ്ങളെക്കുറിച്ചും ഇസ്ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ചും മഷ്ഹദിലും ടെഹ്‌റാനിലും അദ്ദേഹം പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. 1967-ൽ അദ്ദേഹം ഒളിവിൽ പോകാൻ നിർബന്ധിതനായി. എന്നാൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
1972 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ മഷ്ഹദിലെ മൂന്ന് വ്യത്യസ്ത പള്ളികളിൽ സയ്യിദ് അലി പ്രഭാഷണങ്ങൾ നടത്തി. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളും ക്ലാസുകളും രാഷ്ട്രീയ ചിന്താഗതിയുള്ള ആയിരക്കണക്കിന് യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിച്ചു.
അദ്ദേഹത്തിൻ്റെ പാഠങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികൾ വിദൂര നഗരങ്ങളിലേക്ക് യാത്ര ചെയ്തു. ഇതെല്ലാം അന്നത്തെ ഇറാൻ ഭരണാധികാരിയായിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ രഹസ്യാന്വേഷണ വിഭാഗമായ സവാകിന്റെ ഏജൻ്റുമാരെ ഭയപ്പെടുത്തി, അങ്ങനെ, 1975 ലെ ശൈത്യകാലത്ത്, അവർ മഷ്ഹദിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിൻ്റെ എല്ലാ പുസ്തകങ്ങളും കുറിപ്പുകളും കണ്ടുകെട്ടുകയും ചെയ്തു.
ടെഹ്‌റാനിലെ കുപ്രസിദ്ധമായ പോലീസ്-സവാക് ജോയിൻ്റ് ജയിലിൽ മാസങ്ങളോളം തടവിലായി. ഇത് അദ്ദേഹത്തിൻ്റെ ഏറ്റവും കഠിനമായ തടവായിരുന്നു.1975 ലെ ശരത്കാലത്തിൽ, അദ്ദേഹത്തെ മോചിപ്പിക്കുകയും മഷ്ഹദിലേക്ക് തിരിച്ചയക്കുകയും ചെയ്തു. സയ്യിദ് അലി ഇനി പ്രഭാഷണം നടത്തുകയോ ചെറുപ്പക്കാരെ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നായിരുന്നു ഭരണകൂടത്തിന്റെ കർശന നിർദ്ദേശം. ഇതോടെ സയ്യിദ് അലിയുടെ പ്രവർത്തനം പൂർണമായും രഹസ്യ സ്വഭാവത്തിലായി.1976 ലെ ശൈത്യകാലത്ത് അദ്ദേഹത്തെ പിടികൂടാനും മൂന്ന് വർഷത്തേക്ക് നാടുകടത്താനും അധികൃതർ തീരുമാനിച്ചു.
1977-ൽ ഉലമാ മുജാഹിദീൻ എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീൻ ആണ്. 1978 ൻ്റെ അവസാനത്തിൽ ഈ പ്രയാസകരമായ കാലഘട്ടം അവസാനിച്ചു, ഇസ്ലാമിക വിപ്ലവത്തിൻ്റെ വിജയത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ആയത്തുള്ള ഖമേനി മഷ്ഹദിലേക്ക് മടങ്ങി. ഇറാനിലുടനീളം ആഭ്യന്തര കലാപങ്ങളുടെയും വിപ്ലവത്തിന്റെയും ഈ സുപ്രധാന കാലഘട്ടത്തിൽ അദ്ദേഹം തൻ്റെ രാഷ്ട്രീയ-മത പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ തുടർന്നു.
വിപ്ലവം മൂർധന്യത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ സയ്യിദ് അലി എന്ന അലി ഖമൈനി റെവല്യൂഷണറി കമാൻഡ് കൗൺസിലിൽ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടർ ആയി ചുമതലയേറ്റു. 1979 ഫെബ്രുവരിയിൽ ഇസ്ലാമിക വിപ്ലവം വിജയം കണ്ടു. ഇറാനിലെ ഷാ രാജവംശത്തിന്റെ ഭരണം അവസാനിച്ചു. ഇമാം ഖമൈനി എന്നറിയപ്പെട്ടിരുന്ന റുഹെല്ല ഖമൈനി ഇറാന്റെ പരമോന്നത നേതാവായി അധികാരത്തിലേറി.
സയ്യിദ് അലി 15 വർഷത്തോളം അനുഭവിച്ച എല്ലാ പീഡനങ്ങൾക്കും അറുതിയായി. താൻ സ്വപ്നം കണ്ട ഇസ്ലാമിക് റിപ്പബ്ലിക് ഇറാനിൽ സാധ്യമായി. പിന്നീട് പ്രതിരോധ കൗൺസിലിൽ വിപ്ലവ കൗൺസിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1981ലും 1986ലും ഇറാന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1981-ൽ 95 ശതമാനം വോട്ടുകൾ നേടിയാണ് ഖമൈനി ഇറാന്റെ പ്രസിഡന്റായത്. 1986-ലെ തെരെഞ്ഞെടുപ്പിൽ 86 ശതമാനം വോട്ടുകൾ നേടി ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
1989 ജൂൺ 3-നാണ് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടത്.ആയത്തുല്ല റുഹെല്ല ഖമൈനി മരണപ്പെട്ടതിനെത്തുടർന്നആണ് ആ സ്ഥാനരോഹണം. 20 മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹത്തെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കുന്നത്. എക്സ്പേർട്സ് അസംബ്ലിയിൽ അറുപതിനെതിരെ 74 വോട്ടുകൾക്കാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് എത്തിയത്. പിന്നീട്ടിങ്ങോട്ട് ഇറാന്റെയും ഇസ്ലാമിക ലോകത്തിന്റെയും കേന്ദ്രബിന്ദുവായി ഈ മനുഷ്യൻ മാറി. അമേരിക്കയുടെയും ഇസ്രായേലിന്റെയും വേട്ടയാടാലുകളെ ഈ നേതാവ് അതിജീവിക്കുമോ എന്ന് കണ്ടറിയണം











