03:44am 17 September 2026
NEWS
രാഹുൽ ​ഗാന്ധിയുടെ കുടുംബത്തിൽ ബിജെപി നേതാക്കളുണ്ടായ കഥ
08/08/2025  03:41 PM IST
nila
രാഹുൽ ​ഗാന്ധിയുടെ കുടുംബത്തിൽ ബിജെപി നേതാക്കളുണ്ടായ കഥ
HIGHLIGHTS

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനന്തരാവകാശിയായി സഞ്ജയ് ഗാന്ധി എത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.

ഒരുകാലത്ത് ഇന്ത്യയെ നിയന്ത്രിച്ചിരുന്നത് നെഹ്റു കുടുംബമായിരുന്നു. ഇന്ന് പൊതുവെ ​ഗാന്ധി കുടുംബം എന്നാണ് അറിയപ്പെടുന്നതെങ്കിലും വാസ്തവത്തിൽ രാഹുൽ ​ഗാന്ധിയുടെ കുടുംബം നെഹ്റു കുടുംബമാണ്. ജവഹർലാൽ നെഹ്റുവും, നെഹ്റുവിന്റെ മകൾ ഇന്ദിരാ​ഗാന്ധിയും ഇന്ദിരയുടെ മകൻ രാജീവ് ​ഗാന്ധിയും ഇന്ത്യയുടെ പ്രധാനമന്ത്രമാരായിരുന്നു. ഇവരെല്ലാം കോൺ​ഗ്രസിനെ നയിക്കുകയും ചെയ്തു. രാജീവ് ​ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ കുറച്ചുനാളത്തേക്ക് കോൺ​ഗ്രസിന്റെ നേതൃത്വവും നിയന്ത്രണവും നെഹ്റു കുടുംബത്തിന് നഷ്ടമായിരുന്നു. പിന്നീട് രാജീവ് ​ഗാന്ധിയുടെ ഭാര്യ സോണിയ ​ഗാന്ധി പാർട്ടി അധ്യക്ഷപദവി ഏറ്റെടുത്തു. എന്നാൽ, അപ്പോഴും രാജ്യാധികാരം നെഹ്റു കുടുംബത്തിന് ലഭിച്ചില്ല. ഇന്നും കോൺ​ഗ്രസിന്റെ അവസാന വാക്ക് നെഹ്റു കുടുംബമാണ്. സോണിയ ​ഗാന്ധിയും മക്കളായ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും കോൺ​ഗ്രസിന്റെ ഉന്നത നേതാക്കളാണ്. രാഹുൽ ​ഗാന്ധിയാകട്ടെ ലോക്സഭാ പ്രതിപക്ഷ നേതാവും. ഇന്ന് നാം ചർച്ച ചെയ്യുന്ന വിഷയം രാഹുൽ ​ഗാന്ധിയുടെ പാരമ്പര്യമോ അധികാരമോ ഒന്നുമല്ല. മറിച്ച് നെഹ്റു കുടുംബത്തിലെ ബിജെപി നേതാക്കളുടെ ജനനം സംബന്ധിച്ചാണ്. രാജ്യത്തെ കോൺ​ഗ്രസിന്റെ മുഖവും ആത്മാവുമായ നെഹ്റു കുടുംബത്തിൽ രണ്ട് പ്രമുഖ ബിജെപി നേതാക്കളുണ്ട്. ആ നേതാക്കളെ കുറിച്ചും അവരെങ്ങനെ ബിജെപിയായി എന്നതിനെ കുറിച്ചുമാണ് ഇന്നു നാം ചർച്ച ചെയ്യുന്നത്. 

ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണെങ്കിലും അതിലുമുപരി ഒരു അമ്മായിയമ്മ - മരുമകൾ പോരിന്റെ കഥയാണ് എന്നു പറയാം. ലോകത്തിന് മുന്നിൽ ശക്തയായ ഭരണാധികാരിയായിരുന്ന ഇന്ദിര സ്വന്തം വീട്ടിൽ കേവലം ഒരു അമ്മായിയമ്മയായി മാറിയോ എന്ന് ആരും ചോദിച്ചു പോകുന്ന കഥ. ശരിക്കും കഥയെന്ന് പറയാൻ പറ്റില്ല. ചരിത്ര സംഭവം എന്നു തന്നെ പറയേണ്ടി വരും. നെഹ്റുവിന് പിന്നാലെ രാജ്യത്തിന്റെയും പാർട്ടിയുടെയും അധികാരം മകൾ ഇന്ദിരാ​ഗാന്ധി കയ്യാളുന്ന സമയത്താണ് നെഹ്റു കുടുംബത്തിൽ ബിജെപി നേതാക്കൾ ജന്മം കൊണ്ടത്. കൃത്യമായി പറഞ്ഞാൽ  1982 മാർച്ച് 28 ന്റെ പാതിരാത്രിയിലാണ് നെഹ്റു കുടുംബത്തിലും ബിജെപി നേതാക്കളുണ്ടാകാനിടയായ ആ സംഭവമുണ്ടാകുന്നത്. അത് ഒരു യുവതിയുടെ പകയുടെ കഥകൂടിയാണ്..

അക്കാലത്ത് ഡൽഹിയിലെ സഫ്ദർജംഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലായിരുന്നു ഇന്ദിരാ​ഗാന്ധിയും രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും താമസിച്ചിരുന്നത്. രാജീവ് ​​ഗാന്ധി - സോണിയ ദമ്പതികൾക്ക് 1970 ജൂൺ 19നാണ് രാ​ഹുൽ ​ഗാന്ധി ജനിച്ചത്. സഞ്ജയ് ​ഗാന്ധി മനേക ദമ്പതികൾക്ക് 1980 മാർച്ച് 13 ന് വരുൺ ​ഗാന്ധിയും ജനിച്ചു. 1980ലാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണം വരെ ആ കുടുംബം സന്തോഷത്തോടെയാണ് കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ കുടുംബത്തിൽ ഐക്യമുണ്ടെന്നായിരുന്നു പുറംലോകവും വിശ്വസിച്ചിരുന്നത്. സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ  ഭാര്യ മനേക ഗാന്ധിക്ക് കഷ്ടിച്ച് 25 വയസ് മാത്രമായിരുന്നു പ്രായം. മനേക ​ഗാന്ധിയും ഇന്ദിരാ​ഗാന്ധിയും തമ്മിൽ അത്ര രസത്തിലായിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ ആ അകൽച്ച വളരെ വലുതാകുകയും ചെയ്തു. അതിന് പല കാരണങ്ങളും ഇന്നും പറയപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഊഹാപോഹങ്ങൾ മാത്രമായി നിലകൊള്ളുന്നു എന്നതാണ് സത്യം. 

വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ അമേഠിയിൽ നിന്നുള്ള ലോക്സഭാം​ഗമായിരുന്നു സഞ്ജയ് ഗാന്ധി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനന്തരാവകാശിയായി സഞ്ജയ് ഗാന്ധി എത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. സർക്കാരിലും പാർട്ടിയിലും അത്രത്തോളം സ്വാധീനവും അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിത വന്ധ്യംകരണത്തിലേക്ക് നയിച്ച വിവാദപരമായ ജനന നിയന്ത്രണ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. നഗരവികസന ശ്രമങ്ങളുടെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിന്റെ പേരിലുമെല്ലാം സഞ്ജയ് ഗാന്ധി വാർത്തകളിൽ നിറഞ്ഞുനിന്നു. തന്റെ മുപ്പത്തിമൂന്നാം വയസ്സിലാണ് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം പാർട്ടിയിൽ ആ സ്ഥാനം തനിക്ക് ലഭിക്കും എന്നായിരുന്നു മനേക ​ഗാന്ധി കരുതിയിരുന്നത്. എന്നാൽ, നടന്നത് മറ്റൊന്നായിരുന്നു.

സഞ്ജയ് ഗാന്ധിയുടെ പൈതൃകം രാജീവ് ഗാന്ധിക്ക് കൈമാറാനായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിക്ക് താത്പര്യം. 1981ൽ സഞ്ജയ് ​ഗാന്ധിയുടെ സിറ്റിം​ഗ് മണ്ഡലമായ അമേഠിയിൽ  ഉപതെരഞ്ഞെടുപ്പ് നടന്നു. അതുവരെ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന രാജീവ് ഗാന്ധിയെ ഇന്ദിര അമേഠിയിൽ സ്ഥാനാർത്ഥിയാക്കി. തൻ്റെ ഭർത്താവിൻ്റെ രാഷ്ട്രീയ പിൻഗാമിയായി അമേഠിയിൽ നിന്നും മത്സരിക്കാനുള്ള മനേക ഗാന്ധിയുടെ മോഹങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു അത്.

ഇതോടെ മനേകയും ഇന്ദിരയും തമ്മിലുള്ള അകൽച്ച വർധിച്ചു.  പ്രശസ്ത എഴുത്തുകാരൻ ഖുശ്വന്ത് സിംഗ് തൻ്റെ ആത്മകഥയിൽ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ദിവസം ചെല്ലുംതോറും ഇരുവരും തമ്മിലുള്ള അകൽച്ച വർധിക്കുകയും ഇരുവർക്കും ഒരുമിച്ച് ഒരു വീട്ടിൽ ജീവിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്തുവെന്നാണ് ഖുശ്വന്ത് സിം​ഗ് എഴുതിയിട്ടുള്ളത്. 1982 മാർച്ച് 28 ന്, മാധ്യമപ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മുന്നിൽ, മനേക വരുൺ ഗാന്ധിയോടൊപ്പം പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് പുറത്തിറങ്ങി. ഇതാണ് പുറംലോകത്തിന് അറിയാവുന്നത്. മനേക ​ഗാന്ധി ആ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് ആ വീടിനുള്ളിൽ എന്താണ് നടന്നത് ?. അത് കേവലം ഒരു അമ്മായിയമ്മ - മരുമകൾ പോര് മാത്രമായിരുന്നില്ല. മറിച്ച് കോൺ​ഗ്രസ് പാർട്ടിയിലെ അധികാര തർക്കം കൂടിയായിരുന്നു. 

കോൺ​ഗ്രസിനുള്ളിൽ വലിയൊരു ആരാധക വൃന്ദവും അനുചരന്മാരും സഞ്ജയ് ​ഗാന്ധിക്കുണ്ടായിരുന്നു. എന്നാൽ, തന്റെ ഭർത്താവ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കോൺ​ഗ്രസിൽ ആ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടും എന്ന മനേക ​ഗാന്ധിയുടെ കണക്കുകൂട്ടൽ പിഴച്ചു. രാജീവ് ​ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയാണ് മനേകയോട് ഇന്ദിര പ്രതികാരം ചെയ്തത്. തനിക്ക് പാർട്ടിയിലും രാജ്യാധികാരത്തിലും ലഭിക്കേണ്ടിയിരുന്ന പരി​ഗണനകൾ ഭർതൃസഹോദരൻ കയ്യടക്കുന്നത് കണ്ടിരിക്കാൻ മനേക തയ്യാറായിരുന്നില്ല. അങ്ങനെയാണ് സഞ്ജയ് ​ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അക്ബർ അഹമ്മദിനെ മുന്നിൽ നിർത്തി മനേക ​ഗാന്ധി ലഖ്നൗവിൽ ഒരു കൺവൻഷൻ വിളിച്ചു ചേർത്തത്. പതിനായിരത്തോളം കോൺ​ഗ്രസ് പ്രവർത്തകരെത്തിയ ആ സമ്മേളനത്തിൽ മനേക ​ഗാന്ധി തീപ്പൊരി പ്രസം​ഗം നടത്തുമ്പോൾ ഇന്ദിര ലണ്ടനിലായിരുന്നു. കോൺ​ഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ വെല്ലുവിളിക്കാൻ തന്റെ വീട്ടിൽ നിന്നുതന്നെ ഒരാൾ തയ്യാറായതോടെ ഇന്ദിരക്ക് സഹിക്കാനായില്ല. തന്റെ പാർട്ടിയേയും പാരമ്പര്യത്തേയും വെല്ലുവിളിക്കുന്ന മരുമകളെ പാഠം പഠിപ്പിക്കാനുറച്ച് തന്നെയാണ് ഇന്ദിര എന്ന അമ്മായിയമ്മ ലണ്ടനിൽ നിന്നും വിമാനം കയറിയത്. 

രാജ്യത്തെ ചെറു നിശ്വാസങ്ങൾ പോലും മനസ്സിലാക്കുകയും ശത്രുരാജ്യങ്ങളെ വിറപ്പിക്കുകയും അമേരിക്കയോട് പോലും വിരൽചൂണ്ടി സംസാരിക്കുകയും ചെയ്തിരുന്നത്ര ശക്തയായ ഭരണാധികാരിയായിരുന്നു അന്ന് ഇന്ദിര ​ഗാന്ധി. എന്നാൽ, ലണ്ടനിൽ നിന്നും  സഫ്ദർജം​ഗ് റോഡിലെ ഒന്നാം നമ്പർ വസതിയിലേക്ക് അന്നെത്തുമ്പോൾ കേവലമൊരു അമ്മായിയമ്മായി അവർ മാറി. 

വീട്ടിലെത്തിയ ഇന്ദിരാ ​ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ മനേക ​ഗാന്ധി മുറിവിട്ട് പുറത്തുവന്നു. എന്നാൽ, മനേകയെ ഇന്ദിര മൈൻഡ് ചെയ്തില്ല. നമുക്ക് പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞ് ഇന്ദിരാ ​ഗാന്ധി തന്റെ മുറിയിലേക്ക് പോയി. മനേക ​ഗാന്ധി തന്റെ മുറിയിലേക്കും. തന്റെ മുറിയിൽ ഏകയായി ഇരുന്ന മേനക ​ഗാന്ധിക്ക് അന്ന് ഭക്ഷണം കഴിക്കാനുള്ള വിളിയെത്തിയില്ല. പകരം ഭക്ഷണം മുറിയിലേക്ക് ഒരു പരിചാരകൻ എത്തിച്ചുനൽകി. ഈ വീട്ടിലുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ സാന്നിധ്യം പ്രധാനമന്ത്രി ആ​ഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ ഇന്ദിരാ​ഗാന്ധി തന്നെ ചുമതലപ്പെടുത്തി എന്നും ആ ജോലിക്കാരൻ മനേകയോട് പറഞ്ഞു. ഞെട്ടിത്തരിച്ചെങ്കിലും മനേക മറുത്തൊന്നും പറഞ്ഞില്ല. ഒരു മണിക്കൂറിന് ശേഷം വീണ്ടും അതേ ജോലിക്കാരൻ മനേകയുടെ മുറിയിലെത്തി. പ്രധാനമന്ത്രി വിളിക്കുന്നു എന്നറിയിച്ചു. 

സിറ്റിംഗ് റൂമിൽ ആരും ഉണ്ടായിരുന്നില്ല. വിരൽനഖങ്ങൾ കടിച്ച് മനേക ​ഗാന്ധി അവിടെ കാത്തുനിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ യുവതിക്കരുകിലേക്ക് കൊടുങ്കാറ്റു പോലെ ഇന്ദിരാ ​ഗാന്ധിയെത്തി.  നീ ഉടൻ ഈ വീട്ടിൽ നിന്നും പുറത്തുപോകണം എന്ന് വിൽചൂണ്ടി ആക്രോശിച്ചായിരുന്നത്രെ ഇന്ദിര സിറ്റിം​ഗ് റൂമിലേക്കെത്തിയത്. ലഖ്നൗവിൽ സംസാരിക്കരുതെന്ന് ഞാൻ നിന്നോട് പറഞ്ഞു, പക്ഷേ നീ തന്നിഷ്ടം ചെയ്തു.  എന്നോട് അനുസരണക്കേട് കാണിച്ചു! നിൻ്റെ ഓരോ വാക്കുകളിലും വിഷം ഉണ്ടായിരുന്നു. എനിക്ക് അത് കാണാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇവിടെ നിന്ന് പോകൂ! ഇപ്പോൾ തന്നെ ഈ വീട് വിടൂ! നിന്റെ അമ്മയുടെ വീട്ടിലേക്ക് പോകൂ.. മറുപടി പറയാൻ പോലും മനേകക്ക് അവസരം നൽകാതെ ഇന്ദിര ആജ്ഞാപിച്ചുകൊണ്ടേയിരുന്നു..

മനേക ഗാന്ധി തൻ്റെ സഹോദരി അംബികയെ വിളിച്ച്  വിളിച്ചു വരുത്തി. സഹോദരി മേനകയുടെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ, ഇന്ദിര മുറിയിലേക്ക് എത്തി വീണ്ടും പൊട്ടിത്തെറിച്ചു. ഇപ്പോൾ തന്നെ ഇവിടം വിടണമെന്നും ഇവിടെ നിന്നും ഒരു കടുമണി പോലും കൊണ്ടുപോകാൻ പാടില്ലെന്നും അവർ ​ഗർജ്ജിച്ചു. ഇതോടെ മനേകയുടെ സഹോദരി അംബിക ഇടപെട്ടു. മനേക ഇവിടുന്ന് എങ്ങോട്ടും പോകില്ലെന്നും അവൾക്ക് കൂടി അവകാശപ്പെട്ട വീടാണെന്നും ഇന്ദിരയോട് പറഞ്ഞു. രോഷം നിറഞ്ഞ കണ്ണുകളോടെ, അതിലേറെ പരിഹാസത്തോടെ ഇന്ദിരാ​ഗാന്ധി ആ യുവതിയോട് പറഞ്ഞു: “ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ വീടാണ്!”

തന്റെ സഹോദരിയെ ഇന്ദിരയുമായി തർക്കിക്കുന്നതിൽ നിന്നും വിലക്കിയ മനേക ഈ രാത്രിയിൽ പതിനൊന്ന് മണി കഴിഞ്ഞ സമയം രണ്ടു വയസ് മാത്രം പ്രായമുള്ള മകനുമായി സഫ്ദർജംദ് മാർ​ഗിലെ ഒന്നാം നമ്പർ വസതിയുടെ പടിയിറങ്ങി. നെഹ്റു കുടുംബത്തെയും ഇന്ദിരാ​ഗാന്ധിയേയും രാജീവ് ​ഗാന്ധിയേയും ശത്രുക്കളായി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. 

 1984-ൽ  അമേഠിയിൽ രാജീവ് ഗാന്ധിയോട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു. 1988-ൽ ജനതാദൾ പാർട്ടിയിൽ ചേർന്ന മേനക 1989-ൽ ജനതാദൾ ടിക്കറ്റിൽ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി. 1989-ലെ വി.പി.സിംഗ് പ്രധാനമന്ത്രിയായ കേന്ദ്ര മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. 1991-ൽ പിലിഭിത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിന്ന് ലോക്സഭാംഗമായി എങ്കിലും 1998-ൽ ജനതാദൾ വിട്ട മനേക 1998-ലും 1999-ലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വീണ്ടും ലോക്സഭാംഗമായി.

1998-1999, 1999-2004 വർഷങ്ങളിൽ നിലവിലിരുന്ന രണ്ട്, മൂന്ന് വാജ്പേയി മന്ത്രിസഭകളിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്ന മനേക ​ഗാന്ധി. 2004-ൽ ആണ് മനേക ​ഗാന്ധി ബിജെപിയിൽ ചേരുന്നത്. 2004, 2009, 2014, 2019 വർഷങ്ങളിൽ ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായ അവർ 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2024-ൽ സുൽത്താൻപൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും സമാജ്വാദി പാർട്ടിയുടെ രാം ബുവൽ നിഷാദിനോട് പരാജയപ്പെട്ടു.

മനേകയുടെ മകൻ വരുൺ ​ഗാന്ധിയും അമ്മയുടെ പാത പിന്തുടർന്ന് ബിജെപി നേതാവായി. പാർലമെന്റം​ഗവുമായി. ബിജെപി ചേരിയിലെത്തി എംപിയും കേന്ദ്രമന്ത്രിയുമായെങ്കിലും ഇന്നും ആ പാതിരാവിൽ പടിയിറങ്ങേണ്ടി വന്ന വീടിനോടുള്ള പക മനേക കെടാതെ സൂക്ഷിക്കുന്നുണ്ട് എന്നുതന്നെയാണ് അവരുടെ നിലപാടുകളിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img