
താരങ്ങളുടെ ജീവിതം പലപ്പോഴും സിനിമയെ പോലും വെല്ലുന്ന സംഭവവികാസങ്ങളാൽ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും പതിവായ സെലിബ്രിറ്റി ലോകത്ത്, കുടുംബബന്ധങ്ങളുടെ കുരുക്കുകൾ കൊണ്ട് ഏറെ ചർച്ചയായ ഒരു കഥയുണ്ട്. അച്ഛന്റെ മുൻഭാര്യയുടെ അമ്മയെ മകൻ വിവാഹം കഴിച്ചതോടെ, കുടുംബബന്ധങ്ങളുടെ നിർവചനങ്ങൾ തന്നെ മാറിപ്പോയ ഒരു സംഭവമാണിത്. ഈ വിചിത്ര കുടുംബകഥയുടെ കേന്ദ്രകഥാപാത്രം പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാൻഡായ 'ദ റോളിംഗ് സ്റ്റോൺസ്'-ന്റെ മുൻ ബാസിസ്റ്റ് ബിൽ വൈമാൻ ആണ്. 1962 മുതൽ 1993 വരെ ബാൻഡിന്റെ ഭാഗമായിരുന്ന അദ്ദേഹം നിരവധി ഹിറ്റ് ആൽബങ്ങളുടെ സൃഷ്ടിയിൽ പങ്കാളിയായി.
1959-ൽ ഡയാൻ കോറിയെ വിവാഹം ചെയ്ത ബിൽ വൈമന് 1962-ൽ സ്റ്റീഫൻ വൈമാൻ എന്ന മകൻ ജനിച്ചു. പിന്നീട് ദമ്പതികൾ വേർപിരിയുകയും 1969-ൽ വിവാഹമോചനം നേടുകയും ചെയ്തു. തുടർന്ന് വിവിധ ബന്ധങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ബിൽ വൈമന്റെ ജീവിതം വലിയ വിവാദങ്ങളിലേക്ക് വഴിമാറിയത് രണ്ടാം വിവാഹത്തോടെയായിരുന്നു.
1990-ൽ, 52-ാം വയസ്സിൽ, വെറും 18 വയസ്സുള്ള മാൻഡി സ്മിത്തിനെ അദ്ദേഹം വിവാഹം ചെയ്തു. ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസവും മാൻഡി പ്രായപൂർത്തിയാകുന്നതിന് മുൻപേ തുടങ്ങിയ ബന്ധവും അന്ന് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മാൻഡിക്ക് 14 വയസുള്ളപ്പോൾ മുതൽ അവരുമായി ശാരീരിക ബന്ധം നിലനിർത്തിയിരുന്നതായി വൈമാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിവാഹം രണ്ട് വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. പിന്നീട് ഇരുവരും വിവാഹമോചിതരായി.
തുടർന്ന് 1993-ൽ മോഡലായ സുസെയ്ൻ അക്കോസ്റ്റയെ ബിൽ വൈമാൻ വിവാഹം ചെയ്തു. അതേ വർഷം തന്നെയാണ് കുടുംബത്തെ വീണ്ടും വാർത്തകളിൽ നിറച്ച മറ്റൊരു സംഭവം അരങ്ങേറിയത്.
ബിൽ വൈമന്റെ മകൻ സ്റ്റീഫൻ വൈമാൻ പിതാവിന്റെ മുൻഭാര്യ മാൻഡി സ്മിത്തിന്റെ അമ്മയായ പാറ്റ്സി സ്മിത്തിനെ വിവാഹം കഴിച്ചു. വിവാഹസമയത്ത് പാറ്റ്സിക്ക് 46 വയസ്സായിരുന്നു. സ്റ്റീഫന് 30 വയസും.
ഈ വിവാഹത്തോടെ കുടുംബബന്ധങ്ങൾ അസാധാരണമായ ഒരു രൂപം കൈവരിച്ചു. ബിൽ വൈമന്റെ മുൻ അമ്മായിയമ്മ അദ്ദേഹത്തിന്റെ മരുമകളായി മാറി. അതേസമയം മാൻഡി സ്മിത്ത് ഒരുകാലത്ത് ബിൽ വൈമന്റെ ഭാര്യയായിരുന്നതോടൊപ്പം പിന്നീട് അദ്ദേഹത്തിന്റെ മരുമകളുടെ മകളെന്ന നിലയിലും ബന്ധപ്പെട്ടു. അച്ഛൻ മകനെ എന്ത് വിളിക്കും, അമ്മയും മകളും തമ്മിലെ ബന്ധം എങ്ങനെയാകും തുടങ്ങിയ ചോദ്യങ്ങൾക്കും ചർച്ചകൾക്കും ഈ വിവാഹം വഴിതുറന്നു.
കുടുംബവൃക്ഷത്തെ തന്നെ ആശയക്കുഴപ്പത്തിലാക്കിയ ഈ സംഭവം ലോകമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. സിനിമാക്കഥകളെ പോലും വെല്ലുന്ന ഈ കുടുംബബന്ധങ്ങളുടെ വിചിത്രത ഇന്നും സെലിബ്രിറ്റി ലോകത്തെ ഏറ്റവും അസാധാരണമായ കുടുംബകഥകളിലൊന്നായി ഓർമ്മിക്കപ്പെടുന്നു.










