
മലയാളികളായ നെറ്റിസൺസിന് സുപരിചിതയാണ് നാഗസൈരന്ധ്രി. സ്വയം പ്രഖ്യാപിത സന്ന്യാസിനിയാണെങ്കിലും നാഗസൈരന്ധ്രിയുടെ തെറി പറച്ചിലാണ് ഇവരെ വൈറലാക്കുന്നത്. ഈ യുവതി തെറി പറയാനായി മനപൂർവം പ്രകോപിപ്പിക്കുന്നവരും കുറവല്ല. എങ്ങനെയാണ് ഒരു യുവതി ഇത്തരത്തിൽ എത്തപ്പെട്ടത് എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ, നാഗസൈരന്ധ്രിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പഠിക്കാൻ മിടുക്കിയായിരുന്ന, ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു ദിവ്യ രാജൻ എന്ന നാഗസൈരന്ധ്രി എന്നാണ് കുറിപ്പിൽ പറയുന്നത്. ശാസ്ത്രഞ്ജയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി ; വിധിക്ക് മുന്നിൽ തോറ്റുപോയ ദിവ്യ രാജൻ എന്ന പെൺകുട്ടിയുടെ കഥ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. എന്നാൽ, വാസ്തവത്തിൽ തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നാഗസൈരന്ധ്രി തന്നെ മുമ്പ് തുറന്നു പറഞ്ഞിട്ടുണ്ട്. മെയിൻ സ്ട്രീം വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ആ തുറന്നുപറച്ചിൽ. നാഗസൈരന്ധ്രിയുടെ വാക്കുകൾ അറിയും മുമ്പ് ഇപ്പോൾ പ്രചരിക്കുന്ന കുറിപ്പ് എന്തെന്ന് നമുക്ക് നോക്കാം..
സൈബർ ലോകത്ത് ഇപ്പോൾ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്:
ശാസ്ത്രഞ്ജയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി ; വിധിക്ക് മുന്നിൽ തോറ്റുപോയ ദിവ്യ രാജൻ എന്ന പെൺകുട്ടിയുടെ കഥ!
പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേർത്ത് നടന്നൊരു നാട്ടിൻപുറത്തുകാരി സുന്ദരി പെൺകുട്ടിയുണ്ടായിരുന്നു; പേര് ദിവ്യ രാജൻ. BA പൊളിറ്റിക്സ് ബിരുദധാരിയായ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയിൽ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
വിശപ്പിന്റെ വിളിക്ക് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് എന്ത് വിലയാണുള്ളത്? ജീവിക്കാൻ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, മെഴുകുതിരി തൊഴിലാളിയായും അവർ ഓടിനടന്നു. ഒടുവിൽ ദാരിദ്ര്യവും ഒറ്റപ്പെടലും ചുറ്റുമുള്ളവരുടെ അവഗണനയും കൂടി ആ മനസ്സിന്റെ താളം തെറ്റിച്ചു.
സമൂഹം അവരെ വിളിച്ച പേര് 'കോമാളി' എന്നായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താങ്ങാനാവാതെ വന്നപ്പോൾ, എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, അവർ കണ്ടെത്തിയ അഭയമാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'നാഗ സൈരന്ധ്രി' എന്ന വേഷം. സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ കണ്ട് നമ്മൾ ചിരിക്കുമ്പോൾ, ട്രോളുമ്പോൾ ഓർക്കുക... ആ വിചിത്രമായ വേഷത്തിനും സംസാരത്തിനും പിന്നിൽ, ജീവിതത്തോട് പൊരുതിത്തോറ്റ, വിധിയുടെ ക്രൂരതയേറ്റ് തകർന്നുപോയ ഒരു പെൺകുട്ടിയുടെ നിലവിളിയുണ്ട്.
അതൊരു തമാശയല്ല, ഉള്ളുപൊള്ളിക്കുന്ന നോവാണ്. നമ്മൾ ചിരിക്കുന്നത് ഒരു പാവം സ്ത്രീയുടെ വേദന കണ്ടിട്ടാണ്. ഇനിയെങ്കിലും ഇവരെ കാണുമ്പോൾ പരിഹസിക്കാതിരിക്കുക. കാരണം, തിരിച്ച് വരാൻ കൊതിക്കുന്നദിവ്യ രാജൻ എന്ന ആ മിടുക്കി പെൺകുട്ടി ഇന്നും ആ കണ്ണുകളിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്..!!
തന്റെ ജീവിതത്തെ കുറിച്ച് നാഗസൈരന്ധ്രി തന്നെ കുറച്ചുനാൾ മുമ്പ് മെയിൻ സ്ട്രീം വൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ:
നാഗ സൈരന്ധ്രി ദേവി, ആത്മാനന്ദ ദേവി എന്ന പേരുകൾ ഞാൻ തന്നെ എനിക്ക് ഇട്ടതാണ്. സൈരന്ദ്രി എന്ന പേര് അമ്മ എനിക്ക് കുട്ടിക്കാലത്ത് ഇട്ടതാണ്. മഹാഭാരതത്തിൽ സൈരന്ദ്രി എന്നൊരു കഥാപാത്രമുണ്ട്. ആ കഥാപാത്രം പോലെ തന്നെയാണ് ഞാനും. സൈരന്ദ്രിക്ക് അഞ്ച് ഭർത്താക്കന്മാരുണ്ടെന്ന് പറയുന്നുണ്ട്. അതുപോലെ എനിക്കും ഒരുപാട് കാമുകന്മാരുണ്ടായിരുന്നു. കുന്തിയേയും എനിക്ക് ഇഷ്ടമായിരുന്നു. കുന്തി ദേവിക്കും കുറേ ഭർത്താക്കന്മാരുണ്ടല്ലോ. എന്നാലും മറ്റുള്ളവരേക്കാൾ എനിക്ക് എന്നെ തന്നെയാണ് ഏറ്റവും ഇഷ്ടം നാഗ സൈരന്ദ്രി പറഞ്ഞ് തുടങ്ങുന്നു.
പന്തളം കോളേജിലാണ് ഞാൻ പഠിച്ചത്. ബിഎ പൊളിറ്റിക്സായിരുന്നു. പക്ഷെ പഠിക്കുന്നതൊന്നും തലയിൽ കയറുമായിരുന്നില്ല. മനശാസ്ത്രം പഠിക്കാനായിരുന്നു എനിക്ക് ആഗ്രഹം. കുട്ടിക്കാലം മുതൽ ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചിരുന്നു. സിനിമ നടി, ചിത്രകാരി, ശിൽപി, ഫാഷൻ ഡിസൈനർ, പൊതുപ്രവർത്തക എന്നിങ്ങനെയൊക്കെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശാസ്ത്രജ്ഞയാകാൻ ആഗ്രഹിച്ചു.
പിന്നീട് ശാസ്ത്രം എന്താണെന്ന് ഞാൻ മനസിലാക്കി. മനുഷ്യന്റെ ഉള്ളിലാണ് ശാസ്ത്രം ഉടലെടുക്കുന്നത്. കോളേജ് കാലത്ത് ഞാൻ ഒരു സ്റ്റാറായിരുന്നു. ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. ക്ലാസ് ലീഡറായിരുന്നു. ഞാൻ മിടുക്കിയായിരുന്നു. കഥയും കവിതയും എല്ലാം എഴുതുമായിരുന്നു. ടീച്ചർമാർക്കും എന്നെ ഇഷ്ടമായിരുന്നു. കൂട്ടുകാർക്കിടയിൽ ഞാൻ ഒച്ചയും ബഹളവും വെച്ച് നടന്നിരുന്നയാളാണ്. പക്ഷെ പുറത്തേക്കിറങ്ങിയാൽ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടിയായിരുന്നു.
എല്ലാവർക്കും പ്രിയപ്പെട്ടവളുമായിരുന്നു. എന്റെ കോളേജിലെ പിള്ളേരെ സിനിമയ്ക്ക് കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. കാരണം എനിക്ക് മാത്രമെ ധൈര്യം ഉണ്ടായിരുന്നുള്ളു. അവർ എനിക്ക് ടിക്കറ്റെടുത്ത് തരും. കോളേജിൽ പഠിക്കുമ്പോൾ ക്ലാസിൽ കയറാറില്ലായിരുന്നു. ലൈബ്രറി, അമ്പലം, പള്ളി, പ്രഭാഷണങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് സമയം ചിലവഴിച്ചിരുന്നത്.
ക്ലാസിൽ കയറിയാലും ചിത്ര വരയോ കവിത എഴുതുകയോ മറ്റോ ചെയ്ത് കൊണ്ടിരിക്കും. എല്ലാവരുടെ ഉള്ളിലും ആത്മീയതയുണ്ട്. കുട്ടിക്കാലം മുതൽ ജോലി ചെയ്യുന്നയാളാണ് ഞാൻ. കൊയ്ത്ത്, ചവിട്ട്, മെതി, അഡ്വക്കറ്റ് ക്ലർക്ക്, തയ്യൽ, മെഴുകുതിരി നിർമ്മാണം, ചിത്രരചന പഠിപ്പിക്കൽ, ബാലെ തുടങ്ങിയ ജോലികളെല്ലാം ചെയ്തിട്ടുണ്ട്. വയ്യാതെ കടക്കുന്നവരെ ശുശ്രൂഷിക്കാനും പോയിട്ടുണ്ട്. ഓർമ കുറവ് വന്നതോടെയാണ് ജോലി ചെയ്യുന്നത് നിർത്തിയത്.
എന്നെ വിഷമിപ്പിക്കുന്ന സംഭവങ്ങൾ നടന്നാലും ഞാൻ അതെല്ലാം പോസിറ്റീവാക്കി മാറ്റും. ഇന്ന് നിങ്ങൾ കാണുന്ന നാഗ സൈരന്ദ്രിയായി ഞാൻ മാറിയതിന് കാരണം എന്റെ ചിന്തകളാണ്. ഒരു സമയം വരെ അയൽവാസികൾക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. പിന്നീട് ഇടക്കാലത്ത് അവർ എന്നെ കാരണമില്ലാതെ വെറുത്തു. എനിക്ക് ഭ്രാന്താണെന്നൊക്കെയാണ് പറഞ്ഞത്. അത് കേട്ടപ്പോൾ സങ്കടമായി. എന്നെ വീട്ടിൽ കേറി വെട്ടണം കൊല്ലണം എന്നൊക്കെ പറയുമായിരുന്നു.
എല്ലാവരും കൂട്ടം കൂടിയാണ് ഇതിനെല്ലാം വന്നതും പ്ലാനിട്ടതും. പോലീസ് കേസും വഴക്കുമെല്ലാമായി. കുടുംബത്തെ വരെ ബാധിച്ചു. ഞാൻ എപ്പോഴും എന്നിൽ മാത്രം ചുറ്റിപറ്റി നിൽക്കുന്നയാളാണ് അതുകൊണ്ടാണ് കുടുംബത്തെ കുറിച്ചൊന്നും സംസാരിക്കാത്തത്.











