
കർണാടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പ്രതിപക്ഷ ആരോപണം രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയിരുന്നു. അതിനുള്ള മറുപടിയെന്നോണം മുഖ്യമന്ത്രിയ്ക്ക് അയച്ച തുറന്ന കത്തിൽ, സാമ്പത്തിക കാര്യങ്ങളുടെ തെറ്റായ കൈകാര്യം ചെയ്യൽ, ഫണ്ടുകൾ വകമാറ്റി ചെലവഴിക്കൽ, പരിധി വിട്ട കടമെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ സംസ്ഥാനം സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെയും ബില്ലുകൾ പാസാക്കാതെയും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അന്നന്ന് വഷളാവുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു. "ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളുടെ ആറായിരം രൂപയോളം വരുന്ന വൈദ്യുതി ബില്ലുകൾ അടച്ചിട്ടില്ല. ഗതാഗത വകുപ്പിന് മാത്രം ഏഴായിരം കോടി രൂപ കൊടുക്കാനുണ്ട്.ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ തന്നെ ഗവണ്മെന്റ് ബുദ്ധിമുട്ടുകയാണെന്നത് താങ്കൾ മറച്ചുവെച്ചിട്ട് കാര്യമില്ല" കത്തിൽ വിജയേന്ദ്ര ചൂണ്ടിക്കാട്ടുന്നു. " പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള 25,426 കോടി ഗവണ്മെന്റ് വകമാറ്റി ചെലവഴിച്ചു. ബംഗളുരുവിലെ ഗതാഗത പ്രശ്നം ദൈവത്തിന് പോലും പരിഹരിക്കാനാവില്ലെന്നുള്ള ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന ഗവണ്മെന്റിന്റെ കഴിവുകേടാണ് വിളിച്ചോതുന്നത്. ഭീമമായ തുക കടമെടുത്താണ് ഗവണ്മെന്റ് അത്യാവശ്യ കാര്യങ്ങൾ നിറവേറ്റുന്നത്. ഈ കടം തിരിച്ചടക്കേണ്ട ബാധ്യത ഇനി വരുന്ന ഗവണ്മെന്റുകൾക്കാണ്. അതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ഒരു ധവളപത്രം ഉടനെ പുറപ്പെടുവിക്കണം" ബിജെപി നേതാവ് ആവശ്യപ്പെട്ടു. മാർച്ച് ഏഴിന് തന്റെ പതിനാറാമത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകയുടെ- നാലുലക്ഷം കോടി- ബജറ്റാണ് സിദ്ധരാമയ്യ ഇത്തവണ അവതരിപ്പിക്കുന്നത്.
Photo Courtesy - Google











