01:09am 05 September 2026
NEWS
സംസ്ഥാന സർക്കാർ വനനിയമ ഭേദഗതി ഉപേക്ഷിച്ചു

15/01/2025  06:40 PM IST
nila
സംസ്ഥാന സർക്കാർ വനനിയമ ഭേദഗതി ഉപേക്ഷിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വനനിയമ ഭേദഗതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് സർക്കാർ വനനിയമ ഭേദഗതിയിൽ പിന്നോട്ട് പോയത്. എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോരമേഖലയിൽ വസിക്കുന്നവർക്കും എതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വന നിയമഭേദഗതിയുടെ കരട് പുറത്തുവന്നതിനെ തുടർന്ന് മലയോരമേഖലയിൽനിന്നും കർഷകർക്കിടയിൽനിന്നും അതിശക്തമായ എതിർപ്പുയർന്നിരുന്നു. വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് അമിതാധികാരം നൽകുന്നു എന്നതായിരുന്നു പ്രധാന വിമർശനം. ഭേദ​ഗതി നിയമം നടപ്പാക്കിയാൽ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക സിപിഎം നേതൃത്വവും ഉയർത്തി. ഈ സാഹചര്യത്തിലാണ് വനനിയമ ഭേദഗതിയിൽനിന്നു പിന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. വനനിയമ ഭേദഗതിയുടെ ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.

‘‘വനം നിയമ ഭേദഗതിയിൽ സമൂഹത്തിൽ ആശങ്കകൾ ഉണ്ട്. 1963 ലെ കേരള വനനിയമത്തിലെ ഭേദഗതി നിർദേശങ്ങൾ ആരംഭിക്കുന്നത് 2013 യുഡിഎഫ് സർക്കാരിന്റെ കാലത്ത്. ഇതിന്റെ കരട് ബില്ലിൻ മേലായിരുന്നു ഭേദഗതി. അനധികൃതമായി വനത്തിൽ കയറുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഭേദഗതി. ഇപ്പോൾ ഭേദഗതിയിൽ ആശങ്കകൾ ഉയരുന്നുണ്ട്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കർഷകർക്കും മലയോരമേഖലയിൽ വസിക്കുന്നവർക്കും എതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല.

എല്ലാ നിയമങ്ങളും മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യന്റെ നിലനിൽപ്പിനും പുരോഗതിയ്ക്കും അതിലൂടെ പ്രകൃതി സംരക്ഷണത്തിനു പര്യാപ്തമായ നിലപാട് കൈക്കൊള്ളണമെന്നതിൽ തർക്കമില്ല. കേരളത്തിന്റെ ജനസാന്ദ്രത നോക്കിയാൽ 860 ആണ്. അയൽ സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് ഇത്. ഈ ജനസാന്ദ്രതയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ജീവിത രീതികളും കണക്കിലെടുക്കുന്നതാകണം വനനിയമങ്ങളെന്നാണ് ഇടുതപക്ഷ സർക്കാരിന്റെ നിലപാട്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം. പ്രകൃതി സംരക്ഷണം പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ’’ – മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img