03:47am 18 September 2026
NEWS
റഷ്യയിൽ സോവിയറ്റ് യൂണിയൻ പൂർണമായും ഇല്ലാതായിട്ടില്ല
06/08/2025  06:00 PM IST
nila
റഷ്യയിൽ സോവിയറ്റ് യൂണിയൻ പൂർണമായും ഇല്ലാതായിട്ടില്ല

റഷ്യയും അമേരിക്കയും തമ്മിലുള്ള സംഘർഷ സാഹചര്യമാണ് ഇപ്പോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നത്. റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതോടെയാണ് ആശങ്കകൾ വർധിച്ചിരിക്കുന്നത്.. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ട്രംപ് ഉത്തരവിടുകയായിരുന്നു. അവ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്. റഷ്യൻ നേതാവ് സോവിയറ്റ് യൂണിയനെ ഓർമ്മപ്പെടുത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത് എന്ന് പറഞ്ഞല്ലോ. സോവിയറ്റ് യൂണിയൻ തകരുകയും റഷ്യയുടെ ഭരണം പൂർണമായും വ്ലാഡ്മിർ പുടിന്റെ കൈകളിലാകുകയും ചെയ്തിട്ട് പതിറ്റാണ്ടുകളായി. എന്നാൽ, ഇന്നും റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമാണ്. ശക്തമായ പ്രതിപക്ഷമാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. സോവിയറ്റ് യൂണിയൻ തകർന്നിട്ടും റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തകരാതെ നിൽക്കുന്നതിന് ഒരു കാരണമുണ്ട്. ആ കാരണത്തിലേക്കാണ് ഇന്നു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത്.  

റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനപിന്തുണ വർധിക്കുന്നതിന് പിന്നിൽ ലെനിൻ ഫാം എന്ന സോവിയറ്റ് കമ്മ്യൂണാണ് എന്ന് നിങ്ങൾക്കറിയാമോ?. സോവിയറ്റ് യൂണിയൻ തകർന്നിട്ടും തകരാതെ നിൽക്കുന്ന ലെനിൻ ഫാം എന്ന കൂട്ടുകൃഷിക്കളത്തിലെ ജനതയുടെ വാർഷിക വരുമാനം ശരാശരി റഷ്യക്കാരന്റെ വാർഷിക വരുമാനത്തിലും ഇരട്ടിയാണ്. സ്വർ​ഗതുല്യമായ ഒരു സോഷ്യലിസ്റ്റ് സമൂഹം ഇനിയും രാജ്യത്ത് സാധ്യമാണ് എന്ന് കാട്ടിക്കൊടുക്കുകയാണ് പാവേൽ ഗ്രൂഡിനിൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്.

പ്രസിഡന്റ് വ്ലാദ്മിർ പുടിന്റെ ക്രെംലിൻ കൊട്ടാരത്തിനരിലാണ് ഇനിയും മരിച്ചുവീഴാത്ത ‘കമ്യൂണിസ്റ്റ് ദ്വീപ്’ എന്ന് വാഴ്ത്തപ്പെടുന്ന ലെനിൻ കൂട്ടുകൃഷിക്കളം. നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ ഫാം സ്ഥിതി ചെയ്യുന്നത് 2000 ഹെക്ടർ സ്ഥലത്താണ്. നൂറുവർഷംമുമ്പ് രൂപവത്കരിച്ച ഈ പ്രദേശം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സംരക്ഷണത്തിലാണുള്ളത്. മുന്നൂറോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിച്ച് പണിയെടുക്കുന്ന കൂട്ടുകൃഷിക്കളം എല്ലാനിലയ്ക്കും സ്വയംപര്യാപ്തമാണ്. സൗജന്യവിദ്യാഭ്യാസംമുതൽ ചുരുങ്ങിയ ചെലവിലുള്ള താമസംവരെ എല്ലാം ഒരുക്കുന്നത് ലെനിൻ കമ്യൂണാണ്. പാവേൽ ഗ്രൂഡിനിൻ 2018-ലെ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് ലെനിൻ കൂട്ടുകൃഷിക്കളം ലോകശ്രദ്ധനേടുന്നത്. 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാവൽ ഗ്രുഡിനിൻ പുടിനെതിരെ മത്സരിച്ചപ്പോൾ 8.5 ദശലക്ഷത്തിലധികം വോട്ടുകൾ നേടിയിരുന്നു.
റഷ്യയിലെ അവസാനത്തെ സോവിയറ്റ് സ്മാരകമായി ഈ കൂട്ടുകൃഷിക്കളം കരുതപ്പെടുന്നു.

തലസ്ഥാനമായ മോസ്കോ നഗരത്തിൽനിന്ന്‌ 30 കിലോമീറ്റർ അകലെയാണ് ഈ കമ്യൂണിസ്റ്റ് ദ്വീപ്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനെത്തുടർന്ന് 27,000-ത്തോളം വരുന്ന റഷ്യയിലെ പൊതുമേഖലാ കൂട്ടുകൃഷിക്കളങ്ങളാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുനൽകിയത്. ലെനിൻ കൂട്ടുകൃഷിക്കളം സ്വകാര്യവത്കരിക്കാനും കോടതിവിധിച്ചിരുന്നു. വെറും കൃഷിയും കൃഷിക്കാരും മാത്രം അടങ്ങുന്നതല്ല ലെനിൻ കമ്മ്യൂൺ. ഇവിടെ ശ്രദ്ധേയമായ അടിസ്ഥാന സൗകര്യങ്ങൾ സമഗ്ര മെഡിക്കൽ ക്ലിനിക്-യൂറോപ്യൻ രീതിയിലുള്ള വിദ്യാഭ്യാസം എന്നിവയും ഇവിടെ ഉറപ്പാണ്. ഇവിടെയുള്ള തൊഴിലാളികൾ പ്രതിവർഷം 77,000 റുബിളുകൾ സമ്പാദിക്കുന്നു – ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ഇത്.

അടിസ്ഥാനപരമായി ഗ്രുഡിനിൻ ഒരു കർഷകനാണ്. അദ്ദേഹത്തിന്റെ കുടുംബം ലെനിൻ ഫാമിലേക്ക് എത്തപ്പെടുകയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ പിതാവ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനും അമ്മ അക്കൗണ്ടന്റുമായി സേവനം ചെയ്തു. 1982 ൽ മോസ്കോ സ്റ്റേറ്റ് അഗ്രോ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, ഗ്രുഡിനിൻ ഫാമിലേക്ക് മടങ്ങിയെത്തി. 1995-ൽ, അദ്ദേഹം അതിന്റെ ഡയറക്ടറായി. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം രാജ്യത്തുടനീളമുള്ള കൂട്ടുകൃഷിയിടങ്ങൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടപ്പെട്ടപ്പോഴാണ് ലെനിൻ ഫാമിനെ ഗ്രുഡിനിൻ തന്റെ ഇച്ഛാശക്തികൊണ്ട് നിലനിർത്തിയത്.

മറ്റ് പലർക്കും സംഭവിച്ച വിധിയിൽ നിന്ന് ലെനിൻ ഫാമിനെ രക്ഷിക്കാനായി ഗ്രുഡിനിൻ ഫാമിന്റെ ഒരു വലിയ ഭാഗം മാൾ മാഗ്നറ്റ് അരസ് അഗലറോവിന് വിറ്റു. അതിനുശേഷം, ഒരു മിതമായ ഫാമിൽ നിന്ന് ഉയർന്ന വിപണികളിലേക്ക് ഉൽപന്നങ്ങൾ വിൽക്കുന്ന അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കേന്ദ്രമായി ലെനിൻ ഫാം വികസിച്ചു. കഴിഞ്ഞ വർഷം, അത് 4 ബില്ല്യൺ റൂബിൾസ് ആയിരുന്നു ഇവിടുത്തെ വരുമാനം.

58 ശതമാനം റഷ്യക്കാരും സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ ഇപ്പോൾ ഖേദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ലെനിൻ ഫാമിലെ ജനങ്ങളുടെ ഉയർന്ന ജീവിത നിലവാരമാണ്. ഗ്രുഡിനിന് ഒരുപക്ഷേ റഷ്യയിലേക്ക് ഒരു പുതിയ സോഷ്യലിസം തിരിച്ചുവരാനുള്ള അടിത്തറ പാകാനുള്ള സാധ്യതയുണ്ട് എന്ന് ജനം വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img