01:59pm 16 October 2026
NEWS
മരുഭൂമിയിലെ മണൽത്തരികളിൽ ആവേശത്തിന്റെ കുളമ്പടിയൊച്ച;മൂന്നാമത് തദ്ദേശീയ റേസിന് ദോഹയിൽ തുടക്കം
16/10/2026  01:00 PM IST
nila
മരുഭൂമിയിലെ മണൽത്തരികളിൽ ആവേശത്തിന്റെ കുളമ്പടിയൊച്ച;മൂന്നാമത് തദ്ദേശീയ റേസിന് ദോഹയിൽ തുടക്കം

 


ദോഹ:മരുഭൂമിയുടെ വന്യതയും പാരമ്പര്യത്തിന്റെ പ്രൗഢിയും ഒത്തുചേരുന്ന പരമ്പരാഗത കായികമേളയ്ക്ക് ഖത്തറിന്റെ മണ്ണിൽ ആവേശകരമായ തുടക്കം.ക്യാമൽ റേസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-2027 സീസണിലെ മൂന്നാമത് തദ്ദേശീയ ഒട്ടകപ്പന്തയ മത്സരത്തിനാണ് മണൽത്തരികളെ ആവേശത്തിലാഴ്ത്തി തുടക്കമായത്. പാരമ്പര്യത്തിന്റെ വീറും വാശിയും നെഞ്ചിലേറ്റുന്ന ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തിയാണ് പന്തയക്കളത്തിൽ അറേബ്യൻ ഒട്ടകങ്ങൾ കാറ്റ വേഗത്തിൽ കുതിച്ചുപാഞ്ഞത്.
​ഒക്ടോബർ 26 വരെ നീണ്ടുനിൽക്കുന്ന പന്തയ മാമാങ്കത്തിൽ തുടർച്ചയായി 13 ദിനങ്ങൾ പ്രഭാതങ്ങളിൽ പോരാട്ടങ്ങൾ അരങ്ങേറും. രാജകുടുംബാംഗങ്ങളുടെ (ഷെയ്ഖുമാരുടെ) ഒട്ടകങ്ങൾ മാറ്റുരയ്ക്കുന്ന 5 ദിനങ്ങൾക്ക് ശേഷം, ഗോത്ര വിഭാഗങ്ങളുടെ (സൺസ് ഓഫ് ദി ട്രൈബ്‌സ്) കരുത്തുറ്റ ഒട്ടകങ്ങൾ ഏറ്റുമുട്ടുന്ന 8 ദിനങ്ങൾക്കും മരുഭൂമി വേദിയാകും.ആദ്യദിനത്തിൽ 'ഹഖായുംഗ്' വിഭാഗത്തിൽ (Haqayiq) 3 കിലോമീറ്റർ ദൂരത്തിൽ നടന്ന 18 ആവേശപ്പോരാട്ടങ്ങൾ ആരാധകർക്ക് ദൃശ്യവിരുന്നായി. പെൺ ഒട്ടകങ്ങളുടെ (ഹഖായുംഗ് ബക്കാർ) ഓപ്പൺ വിഭാഗത്തിലെ ആദ്യ പോരാട്ടത്തിൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹമദ് ബിൻ ഖാലിദ് ബിൻ അഹമ്മദ് അൽ ഥാനിയുടെ ഉടമസ്ഥതയിലുള്ള 'മഹ്ദബ' എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തി. 4 മിനിറ്റും 35:95 സെക്കൻഡും കൊണ്ടാണ് മഹ്ദബ ലക്ഷ്യസ്ഥാനം തൊട്ടത്. അൽ ഗരാഫ കാമൽസിന്റെ 'ബഹ്ജ' രണ്ടാം സ്ഥാനവും ഷെയ്ഖ് ജാസിം ബിൻ സൗദ് അൽ ഥാനിയുടെ 'ഹമാസ്' മൂന്നാം സ്ഥാനവും നേടി.
​ആൺ ഒട്ടകങ്ങളുടെ (ഹഖായുംഗ് ഖദാൻ) വിഭാഗത്തിൽ ഷെയ്ഖ് അബ്ദുൽ അസീസിന്റെ തന്നെ 'സഹാബ്' 4 മിനിറ്റും 31:16 സെക്കൻഡും കൊണ്ട് റേസിലെ മിന്നുന്ന വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഷെയ്ഖ് ഥാനി ബിൻ അലി അൽ ഥാനിയുടെ 'ലഹൂബ്' രണ്ടാം സ്ഥാനത്തും ഷെയ്ഖ് ജാസിം ബിൻ സൗദിന്റെ 'അൽ അസദ്' മൂന്നാം സ്ഥാനത്തുമെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img