
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണം എല്ലാ ദിവസവും നടക്കുന്ന ഫ്ലൈയിങ്ങ് ഡിസ്പ്ലേയാണ്. യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് വിവിധ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ആകാശത്തിൻ്റെ വിരിമാറ് ലക്ഷ്യമിട്ട് ചീറിപ്പായുന്നത് കാഴ്‌ച ആരെയും കോൾമയിർ കൊള്ളിക്കും. ഇന്നത്തെ ഡിസ്പ്ലേയും വ്യത്യസ്തമായിരുന്നില്ല.
ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പത്ത് പോർവിമാനങ്ങളാണ് ഇന്നത്തെ ഫ്ലൈയിങ്ങ് ഡിസ്പ്ലേയിൽ പങ്കെടുത്തത്. യുഎസ് എയർഫോഴ്സിൻ്റെ എഫ് - 16, റഷ്യയുടെ എസ് യു - 57 എന്നിവയ്ക്ക് പുറമെ ഇന്ത്യൻ എയർഫോഴ്‌സിൻ്റെ ഒൻപത് ഹോക്ക് വിമാനങ്ങളുടെ പറക്കലും പ്രത്യേകതയായിരുന്നു. വ്യോമസേനയുടെ പരിശീലക എയർക്രാഫ്റ്റാണ് ഹോക്ക്. ആകാശത്ത് പ്രകടനം നടത്താൻ വ്യോമസേനയുടെ സൂര്യകിരൺ ടീം ഉപയോഗിക്കുന്നത് ഈ എയർക്രാഫ്റ്റുകളാണ്.വ്യോമസേനയുടെ എസ് യു (സുഖോയ് )- 30 എം കെ ഐ പോർവിമാനവും ഇന്നത്തെ ഡിസ്പ്ലേയി പങ്കെടുത്തു. റഷ്യൻ നിർമ്മാതാക്കളായ സുഖോയിയുമായി ചേർന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഇവ നിർമ്മിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച് ), ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ എം കെ - ഒന്ന് എ), എച്ച്റ്റിറ്റി 40, ഐ ജെറ്റി എയർക്രാഫ്റ്റ്, മോണോ പ്ലെയ്ൻ വിഭാഗത്തിൽപ്പെടുന്ന ഹൻസ, ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത എഫ് ടി ബി എന്നിവയും ഇന്നത്തെ ഡിസ്പ്ലേയിൽ പങ്കെടുത്തു.എയ്റോ ഇന്ത്യയുടെ അവസാനത്തെ രണ്ടു ദിവസങ്ങളായ 13നും 14 നും പൊതുജനങ്ങൾക്ക് ഫ്ലൈയിംഗ് ഡിസ്പ്ലേ കാണാൻ അവസരമുണ്ടായിരിക്കും. രണ്ടു ദിവസവും എയർ ഡിസ്പ്ലേ രണ്ടു തവണയായി നടക്കും.











