12:10am 27 August 2026
NEWS
വഴിവിട്ട മോഹം വരുത്തിയ വിന...


15/02/2026  05:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വഴിവിട്ട മോഹം വരുത്തിയ വിന...
HIGHLIGHTS

അഡ്വ: കെ. മഹേഷ്‌കുമാർ  (റിട്ട: ഡിവൈഎസ്പി.)

പോലീസ്‌സേനയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ക്രിമിനലുകളുടെ പേടിസ്വപ്നമായിരുന്നു മഹേഷ്‌കുമാർ എന്ന പോലീസ് അധികാരി. താൻ ഏറ്റെടുക്കുന്ന കേസുകൾ വളരെ സൂക്ഷ്മതയോടെ പഠിച്ച് യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അതിനിപുണനായിരുന്നു ഇദ്ദേഹം. അടിമാലി സ്റ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടറായി ജോലി ചെയ്തിരുന്ന കാലത്ത് നടന്ന സംഭവ ബഹുലമായ ഒരു പീഡനക്കേസിന്റെ നടുക്കുന്ന വിവരങ്ങളാണ് ഈ ലക്കം പോലീസ് സ്റ്റോറിയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്.

സെക്‌സ് എന്നത് നിർവചിക്കാൻ പറ്റാത്ത ഒരനുഭൂതിയാണ് എന്ന് പൗരാണിക ഗ്രന്ഥങ്ങളിൽ പോലും പറയുന്നുണ്ട്. സെക്‌സിനോട് താല്പര്യമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അഥവാ അങ്ങനെ ഇല്ലെങ്കിൽ അവർ ഇംപൊട്ടൻസ് ആയിരിക്കും.
സെക്‌സിനെപ്പറ്റി വാത്സ്യായനന്റെ കാമശാസ്ത്രത്തിൽ  പറയുന്നത് സ്ത്രീപുരുഷ ബന്ധത്തിന്റെ പരമപ്രധാനമായ ഒരു ഒത്തുചേരലിന്റെ സമ്മോഹന മുഹൂർത്തമെന്നാണ്. എന്നുവച്ചാൽ ഇണചേരലിന്റെ സ്വർഗീയ അനുഭൂതി നുകരുന്ന നിമിഷങ്ങൾ എന്നു സാരം.
പക്ഷെ, ആ സെക്‌സ് പലപ്പോഴും മനുഷ്യനെ മൃഗമാക്കി മാറ്റിയാലോ? അത്തരം മൃഗീയതകൾ നിറഞ്ഞ സെക്‌സ് അനുഭവങ്ങൾ പലരും സ്വന്ത അനുഭവങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവുമൊത്ത് നിറമുള്ള സ്വപ്നങ്ങളുമായി അന്തിയുറങ്ങാൻ ചെല്ലുന്ന ഭാര്യയെ കാമവെറിപൂണ്ട ഭർത്താവ് ഒരു സാഡിസ്റ്റിനെപ്പോലെ അവളുടെ ശരീരത്തിൽ കാമപൂരണം നടത്തി തൃപ്തി കണ്ടെത്തി അവളിൽനിന്നും അകന്നു മാറി വെറുമൊരു ഭോഗവസ്തുവായി ഭാര്യയെ കാണുന്ന പലരും നമുക്കിടയിലുണ്ട്. പാവം, പല സ്ത്രീകളും അതൊന്നും പുറത്തു പറയാതെ ഉള്ളിലൊതുക്കി പുറമെ പുഞ്ചിരി തൂകി നടക്കുന്നവരാകും. കുടുംബബന്ധത്തിന്റെ ഭദ്രതയെ കാംക്ഷിച്ച് അവർ സ്വയം എരിഞ്ഞടങ്ങാൻ വിധിക്കപ്പെടുന്നു.

ഇനി മറ്റു ചിലരുണ്ട്.

സ്വന്തം ഭാര്യയുടെ മുന്നിൽ ഭയങ്കര വിശ്വസ്തത അഭിനയിച്ചു കൊണ്ട് അവളുടെ അനുജത്തിയേയോ ഭാര്യാ മാതാവിനേയോ പ്രാപിക്കാൻ തക്കം പാർത്തുകഴിയുന്ന പകൽ മാന്യന്മാരായ മഹത്‌വ്യക്തികൾ.
ഇവർക്കൊക്കെ സ്ത്രീ എന്നത് വെറുമൊരു ഭോഗ ഉപകരണം മാത്രമാണ്. അവർ പൊതു സമൂഹത്തിൽ സത്രീസമത്വത്തിനു വേണ്ടിയും സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയും വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കും. പ്രവൃത്തി നേർ വിപരീതവുമായിരിക്കും. സ്ത്രീ പുരുഷ ബന്ധത്തിന്റെ ഊഷ്മളത എന്തെന്ന് മനസ്സിലാകാത്തവരാണ് സമൂഹത്തിൽ ഇരുപതു ശതമാനത്തോളം ആളുകൾ. കുടുംബം, കുടുംബബന്ധം, ഭാര്യാഭർത്തൃബന്ധം ഇവ എത്രത്തോളം ഒരു കുടുംബത്തിന്റെ കെട്ടുറപ്പിന് ദൃഢതയേകുമെന്ന് മനസ്സിലാക്കി ജീവിച്ചാൽ പല അസ്വാരസ്യങ്ങളും അപമൃത്യുകളും കൊലപാതകങ്ങളുമൊക്കെ ഇല്ലാതായെന്നു വരും.

ഇത്രയും എഴുതാൻ കാരണം ഞാൻ അടിമാലി സ്റ്റേഷനിൽ സി.ഐ ആയിരുന്നപ്പോൾ അന്വേഷിച്ച ഒരു കേസിന്റെ നേർ ചിത്രങ്ങൾ ഇപ്പോഴും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതു കൊണ്ടാണ്. ആ അനുഭവകഥ ഞാനിവിടെ കുറിക്കാം. ഇതെഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചതും നിർബന്ധിച്ചതും എന്റെ സുഹൃത്തും 'കേരളശബ്ദം' പ്രസിദ്ധീകരണത്തിന്റെ കൊച്ചി ബ്യൂറോ ചീഫുമായ മൈക്കിൾ വർഗീസ് ചെങ്ങാടക്കരിയാണ്.
അപ്രതീക്ഷിതമായിരുന്നു എന്റെ മൂന്നാറിലേക്കുള്ള സ്ഥലം മാറ്റം. അവിടെയെത്തി സർക്കിൾ ഇൻസ്‌പെക്ടറായി ചുമതലയേറ്റപ്പോഴാണ് അറിയുന്നത് അടിമാലി സ്റ്റേഷനിലെ സി.ഐ മാറ്റം വാങ്ങിപ്പോയി എന്ന കാര്യം. അതിനാൽ അടിമാലി സ്റ്റേഷന്റെ ചുമതലകൂടി എനിക്ക് ഏറ്റെടുക്കേണ്ടി വന്നു.മൂന്നാർ സ്റ്റേഷൻ പരിധിയിൽ ചില്ലറ ക്രൈമുകൾ ഒക്കെ റിപ്പോർട്ടു ചെയ്യുമെങ്കിലും അടിമാലി സ്റ്റേഷൻ സറവുണ്ടിംഗിൽ അത്തരം അനിഷ്ട സംഭവങ്ങളൊന്നും ഉള്ളതായി കണ്ടില്ല. പൊതുവെ ശാന്തമായിരുന്നു അവിടം. മൂന്നാർ ഒരു ടൂറിസ്റ്റ് സങ്കേതമായതിനാൽ എപ്പോഴും പോലീസിന്റെ ശ്രദ്ധ അവിടെ അവശ്യമായിരുന്നു.

പ്ലാന്റേഷൻ പ്രവിശ്യയായതുകൊണ്ടും തേയിലത്തോട്ടങ്ങൾ നിറയെ ഉള്ളതിനാലും തമിഴരുടെ ഒരു സങ്കേതമായിരുന്നു അവിടം. എങ്കിലും അവർ ശല്യക്കാരായിരുന്നില്ല. രാവിലെ ജോലിക്ക് പോയാൽ വൈകിയേ കുടികളിലെത്തൂ. പിന്നെ ഭക്ഷണം പാകം ചെയ്ത് അത് കഴിച്ച് കിടന്നുറങ്ങും.മറ്റൊന്നും അവരുടെ ലോകത്തില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ ഒരു മദ്ധ്യവയസ്‌ക്കനും അയാളുടെ ഭാര്യയും സ്റ്റേഷനിൽ വന്നു.അവർ എന്നെ കാണാനാണെത്തിയത്. അടിമാലിയിൽ നിന്നുമാണ് അവർ വന്നത്. എന്നെ കണ്ടാൽ മതിയെന്ന് ആരോ പറഞ്ഞ പ്രകാരമാണ് അവർ വന്നത്. വേലായുധൻ എന്നാണ് അയാളുടെ പേര്.ഭാര്യ മീനാക്ഷി. വളരെ വ്യാകുലതയോടും ആകുലതയോടുമായിരുന്നു അവരുടെ പെരുമാറ്റവും സംസാരരീതിയും. പറയാനുള്ള വിവരം അവർ വിശദമായി എന്നോടു പറഞ്ഞു. ഹോസ്പിറ്റലിൽ അഡ്മിറ്റാകാതെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങി നേരെ തന്നെക്കാണാൻ സ്റ്റേഷനിലേക്ക് വരികയായിരുന്നു!  അവരുടെ സങ്കീർണവും സങ്കടകരവുമായ കഥ അവർ ഇങ്ങനെ തുടങ്ങി...

അടിമാലിയിൽ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലാണ് അവരുടെ വീട്.വേലായുധൻ ഒരു പ്ലാന്ററാണ്. കുറച്ചു തേയിലത്തോട്ടവുണ്ട്. ഒരു മകൾ. പേര് കനക. കനകം പോലെ സുന്ദരിയാണവൾ. കോളേജ് വിദ്യാഭ്യാസം ഇടയ്ക്ക് വച്ച് നിറുത്തി അവളെ വിവാഹം കഴിപ്പിച്ചയച്ചു.
കനകയെക്കാൾ സുന്ദരിയാണ് അവളുടെ അമ്മ. അതിസുന്ദരി. നാട്ടിലെ പലരും അവരെ കണ്ണുവച്ചിരുന്നെങ്കിലും ഭർത്താവാകാനുള്ള ഭാഗ്യം സിദ്ധിച്ചത് വേലായുധനായിരുന്നു.

ഭാഗ്യവും സമ്പത്തും ഒത്തു ചേർന്ന അവർ സൗഭാഗ്യത്തോടെയാണ് കഴിഞ്ഞു വന്നത്. കാണാൻ സുമുഖനും മോശമല്ലാത്ത ധനസ്ഥിതിയുമുള്ള ഒരു ചെറുപ്പക്കാരനുമായായിരുന്നു കനകയെ വിവാഹം കഴിപ്പിച്ചയച്ചത്. പ്ലാന്റേഷനുകളിൽനിന്നും യൂക്കാലിപ്റ്റസ് മരങ്ങൾ ഉൾപ്പെടെയുള്ള പാഴ്മരങ്ങൾ വാങ്ങി പൾപ്പാക്കാനായി പേപ്പർക്കമ്പനികളിലേക്ക് കയറ്റി അയയ്ക്കുന്ന ബിസിനസ്സായിരുന്നു മരുമകനായ ഹരീന്ദ്രന് ഉണ്ടായിരുന്നത്.വേലായുധന്റെ വീട്ടിൽനിന്നു ഏകദേശം മൂന്നു മൂന്നര കിലോമീറ്റർ അകലമേ ഹരീന്ദ്രന്റെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. നേരിട്ടറിയാവുന്നത് കൊണ്ടും ദുശ്ശീലങ്ങളൊന്നുമില്ലാതിരുന്നതു കൊണ്ടുമാണ് പ്രൊപ്പോസൽ വന്നപ്പോൾ പൂർണ സമ്മതത്തോടെ കെട്ടിച്ചുവിട്ടത്. ഭാര്യവീട് അടുത്തായതു കൊണ്ട് ഹരീന്ദ്രൻ അടിക്കടി അവിടെ വരികയും ഭാര്യാസമേതം താമസിക്കുകയും ചെയ്യുമായിരുന്നു.

കനകയോട് ഹരീന്ദ്രന് ആത്മാർത്ഥമായ സ്‌നേഹം തന്നെയായിരുന്നു. അവൾ എന്ത് പറഞ്ഞാലും അവൻ സാധിച്ചു കൊടുക്കും. ഭാര്യയോട് ഒരു കാര്യത്തിലും പിണങ്ങുക പോലുമില്ല. അത്രയ്ക്ക് നിഷ്‌കളങ്കനും സൽസ്വഭാവിയുമായി ആ വീട്ടിൽ അവൻ കഴിഞ്ഞിരുന്നെങ്കിലും അവന്റെ മനസ്സിലിരിപ്പ് മറ്റൊന്നായിരുന്നു. എത്ര നല്ലവനായി നടിക്കുന്നവന്റേയും മനസ്സിൽ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ടാകുമെന്നു പറയും പോലെ ഹരീന്ദ്രന്റെ മനസ്സിലുമുണ്ടായിരുന്നു അത്തരമൊരു വിഷലിപ്തമായ ചിന്താഗതി. അതവനിൽ പെട്ടെന്നുളവായ ഒരു ചിന്തയായിരുന്നില്ല. മറിച്ച് കനകയെ വിവാഹം കഴിക്കാൻ അവനെ പ്രേരിപ്പിച്ചതു തന്നെ ആ മോഹം വച്ചു കൊണ്ടായിരുന്നു. അവന്റെ മനസ്സിൽ ഉടക്കിയ ആ രൂപം മായ്ച്ചു കളയാൻ അവന് ആകുമായിരുന്നില്ല. അത്രക്ക് അവനിലേയ്ക്ക് അത് ആഴ്ന്നിറങ്ങിയിരുന്നു.

വിവാഹം കഴിഞ്ഞ് പല നാളുകൾ പിന്നിട്ടു. പക്ഷെ, അവന്റെ മനസ്സിലെ ആ ആഗ്രഹം ആ വ്യക്തിയോടു പറയാൻ അവനു കഴിയാതെ വന്നു. ഒരു ഭ്രാന്തമായ ആവേശമായിരുന്നു അവന്റെ മനസ്സിൽ തളച്ചിട്ട ആ രൂപത്തെ കാണുമ്പോഴൊക്കെ അവനുണ്ടാവുക.
ഒടുവിൽ അവൻ തീരുമാനമെടുത്തു. തന്റെ മനസ്സിലുള്ളത് ആ വ്യക്തിയോടു തുറന്നു പറയാൻ...
അങ്ങിനെ ആ ദിവസം അവന്റെ ഭാര്യയും അവളുടെ അച്ഛനുമൊന്നുമില്ലാത്ത സമയം നോക്കി അവൻ തന്റെ മനസ്സിലെ വീർപ്പുമുട്ടലിന്റെ കാര്യം അവന്റെ അമ്മായിഅമ്മയോടു തുറന്നു പറഞ്ഞു. അവന് അവരെ പ്രാപിക്കണമെന്ന് ... അവരുടെ മകളെ കല്യാണം കഴിച്ചതു തന്നെ അതിനു വേണ്ടിയാണെന്നവൻ അവരോട് തുറന്നു പറഞ്ഞു.

മരുമകന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ആ മാതാവിന്റെ ഉള്ളിൽ ഒരു തീയാളി. സ്വന്തം മകനെപ്പോലെ കരുതി പരിപാലിച്ചു പോന്ന മരുമകന്റെ വായിൽ നിന്നു വീണ ആ വാർത്ത അവരെ തളർത്തിക്കളഞ്ഞു. എന്തു പറയണമെന്നോ എന്ത് ചെയ്യണമെന്നോ അവർക്കറിയില്ലായിരുന്നു. അവർ വേഗം വീടിനു പുറത്തേയ്‌ക്കോടി. അവർ വിറയ്ക്കുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം. വീട്ടിലേക്ക് കയറാൻ ഭയമായി. മരുമകൻ കയറിപ്പിടിച്ചാലോ? ഒരു ദുർബല നിമിഷത്തിൽ അവൻ തന്നെ കീഴ്‌പ്പെടുത്തിയാലോ?

ഭർത്താവ് വരുന്നതുവരെ അവർ പുറത്തു തന്നെ നിന്നു. ആത്മ സംയമനം പാലിച്ച് അവർ ആരോടും നടന്ന സംഭവം പറയാതെ ഒരുവിധം കഴിച്ചുകൂട്ടി. കുടുംബഭദ്രതയ്ക്ക് അതല്ലാതെ മറ്റു വഴിയില്ലല്ലോ. അന്നു തന്നെ അവർ മരുമകനെ വിളിച്ച് അവർ ഉപദേശിച്ചു.
അവനെ സ്വന്തം മകനെപ്പോലെയേ കണ്ടിട്ടുള്ളൂ എന്നും എപ്പോഴും തനിക്കങ്ങിനെയേ കഴിയൂ എന്നും പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല, മകളുടെ ഭർത്താവാണവനെന്നും താനവളുടെ അമ്മയാണെന്ന കാര്യം മറക്കരുതെന്നും ഉപദേശിച്ചു.

അപ്പോഴവൻ എല്ലാം കേട്ട് നിശബ്ദനായി പോയി. പക്ഷെ, അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ അവന് കഴിയുമായിരുന്നില്ല. അത് ആ കാട്ടാളരൂപം പൂണ്ട് അവനെക്കൊണ്ട് അരുതാത്തത് ചെയ്യിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ ആ ഭാര്യാമാതാവ് അവനിൽ നിന്നും തന്ത്രപരമായി വഴുതി മാറിക്കൊണ്ടിരുന്നു. ആരെയും അറിയിയ്ക്കാതെ...ഒരു ദിവസം അവർ പശുവിനെയും കൊണ്ട് തൊട്ടടുത്തുള്ള പുൽക്കാട്ടിലേക്ക് പോയി. പശുവിനെ പുല്ലുള്ള ഭാഗത്ത് കെട്ടിയ ശേഷം തിരിഞ്ഞപ്പോൾ തൊട്ടു മുന്നിൽ മരുമകൻ ഹരീന്ദ്രൻ... എന്തെങ്കിലും ഒന്നു പറയാനായി നാവു പൊന്തുന്നതിനു മുൻപ് അവൻ അവരുടെ വായ് പൊത്തിപ്പിടിച്ചു. നിമിഷനേരം കൊണ്ടവരെ അവൻ കീഴ്‌പ്പെടുത്തി. അവന്റെ ബലിഷ്ടമായ കരവലയത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അവൻ അവരെ തന്റെ കാമവെറിക്കിരയാക്കി. കടിച്ചുകീറി. ഒരു വേട്ടപ്പട്ടിയെപ്പോലെ... ഒന്നല്ല ... പല പ്രാവശ്യം അവൻ തന്റെ കാമപൂരണത്തിനവരെ ഇരയാക്കി. തികച്ചും പൈശാചികവും മൃഗീയവുമായി... സ്വന്തം മരുമകന്റെ ചെയ്തികളെപ്പറ്റി പൊട്ടിക്കരഞ്ഞുകൊണ്ട് അവരത് പറഞ്ഞപ്പോൾ ഞാനാകെത്തകർന്നു പോയി.

മരുമകന്റെ കാമപ്പേക്കൂത്തിനിരയായ അവർ നടന്ന വിവരങ്ങൾ ഭർത്താവിനോടു പറഞ്ഞു. അദ്ദേഹം അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അഡ്മിറ്റ് ചെയ്യാമെന്നു ഡോക്ടർ പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. അവിടെ നിന്നുമാണ് അവർ സ്റ്റേഷനിലേക്കുവന്നത്. ഞാൻ അവരെ ആശ്വസിപ്പിച്ചു. പ്രാഥമിക അന്വേഷണം ആശുപത്രിയിൽ മീനാക്ഷിയമ്മയെ പരിശോധിച്ച ഡോക്ടറിൽ നിന്നാകാമെന്നു കരുതി. ഡോക്ടറുടെ മൊഴിയെടുത്തു. അതിക്രൂരവും പൈശാചികവുമായ ബലാൽസംഗമായിരുന്നു അതെന്നാണ് ഡോക്ടറുടെ മൊഴി. ഒരു ഡോക്ടറെന്ന നിലയിൽ തന്റെ ആദ്യ അനുഭവമാണ് ഇത്രയും ക്രൂരമായ ഒരു റേപ്പ് കാണേണ്ടി വന്നതെന്ന് ഡോക്ടർ മൊഴി നല്കി. ആ സ്ത്രീയെ ഒരു തവണയല്ല, പല തവണ തന്റെ ആഗ്രഹ സഫലീകരണത്തിനായി പ്രതി ഉപയോഗിച്ചു എന്നാണ് ഡോക്ടർ പറഞ്ഞത്.

ഞാനും എന്റെ കൂടെവന്ന പോലീസ്‌സേനയും അവനെത്തേടി കാടായ കാടെല്ലാം തെരയാൻ തുടങ്ങി.പോലീസ് അവനെ പിൻതുടരുന്നു എന്നു മനസ്സിലാക്കിയ അവൻ താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. ഞങ്ങൾ ഊണും ഉറക്കവുമുപേക്ഷിച്ച് മൂന്നു നാൾ കാട്ടിൽ അവന്റെ താവളം തേടി നടന്നു. ഒടുവിൽ പിടിക്കും എന്നവന് ബോദ്ധ്യമായപ്പോൾ അവൻ മറ്റുവഴിയില്ലാതെ ഉൾക്കാട്ടിലെ ഒരു മരക്കൊമ്പിൽ തന്റെ ജീവിതമവസാനിപ്പിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും മാനസികത്തകർച്ച നേരിട്ട മറ്റൊരു കേസും ഞാൻ വിരമിക്കുന്നതു വരെ കൈകാര്യം ചെയ്തിട്ടില്ല. ഇന്നും മീനാക്ഷി എന്ന ആ അമ്മയുടെ കണ്ണീരിൽ കുതിർന്ന മുഖം എന്റെ മുന്നിൽ തെളിഞ്ഞു നിൽപുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.