02:02am 30 April 2026
NEWS
'ന്യൂട്രൽ' നേതാക്കളുടെ മൗനം വേദനാജനകം- കർണാടക ബിജെപി അധ്യക്ഷൻ
07/02/2025  12:51 PM IST
വിഷ്ണുമംഗലം കുമാർ
ന്യൂട്രൽ നേതാക്കളുടെ മൗനം വേദനാജനകം- കർണാടക ബിജെപി അധ്യക്ഷൻ

2021-ൽ മുതിർന്ന നേതാവ് യദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതോടെയാണ് കർണാടകത്തിലെ ബിജെപിയുടെ തകർച്ച ആരംഭിച്ചത്. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത നേതാവാണ് യദിയൂരപ്പ. പാർട്ടിയിലെ ഒട്ടുമിക്ക നേതാക്കളും അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അണികൾക്കിടയിൽ അതിവിപുലമായ സ്വാധീനമുള്ള നേതാവാണ് യദിയൂരപ്പ. മുൻ കേന്ദ്രമന്ത്രി ബസന ഗൗഡ പാട്ടീൽ യത് നാൽ മാത്രമെ പാർട്ടിയ്ക്കുള്ളിൽ നിന്ന്          യദിയൂരപ്പയെ വിമർശിച്ചിരുന്നുള്ളൂ. അതാകട്ടെ വ്യക്തിപരമായ കാരണത്താലായിരുന്നു താനും. ലിങ്കായത്തുകാർ യദിയൂരപ്പയ്ക്ക് നൽകിപ്പോന്ന പിന്തുണ തട്ടിയെടുക്കുകയായിരുന്നു അതേ സമുദായക്കാരനും കടുത്ത ഹിന്ദുത്വവാദിയുമായ യത് നാളിന്റെ ലക്ഷ്യം. യത് നാളിനെ നിയന്ത്രിക്കാൻ അമിത് ഷാ ശ്രമിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹം യദിയൂരപ്പയെ വിമര്ശിക്കുന്നത് ആസ്വദിക്കുകയും ചെയ്തു. യദിയൂരപ്പയുടെ അധീശത്വം അവസാനിപ്പിച്ച് പാർട്ടിയുടെ കർണാടക ഘടകത്തെ പൂർണ്ണമായി ദേശീയ നേതൃത്വത്തിന്റെ വരുതിയിൽ കൊണ്ടുവരാനാണ് അമിത് ഷാ കരുക്കൾ നീക്കിയത്. പ്രായം എഴുപത്തിയഞ്ച് പിന്നിട്ടു എന്ന ഒറ്റകാരണത്താൽ യദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കും മുമ്പേ മാറ്റിയത് അതിനുവേണ്ടിയായിരുന്നു. ഭരണരംഗത്ത് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉള്ളുലയ്ക്കുന്ന വേദനയോടെയാണ് യദിയൂരപ്പ മുഖ്യമന്ത്രിക്കസേര വീട്ടിറങ്ങിയത്. പകരം മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മായ് ആണ് 2023 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. വൻപരാജയമാണ് പാർട്ടി ഏറ്റുവാങ്ങിയത്. ആറുമാസത്തേക്ക് സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുക്കാൻ പോലും ദേശീയ നേതൃത്വത്തിന് സാധിച്ചില്ല. പാർലമെന്ററി ബോർഡ് അംഗമായ യദിയൂരപ്പയെതന്നെ കർണാടകത്തിൽ പാർട്ടിയുടെ ചുമതല ഏൽപ്പിക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട യദിയൂരപ്പയ്ക്ക് പഴയ പ്രതാപമോ സ്വാധീനമോ നിലനിർത്താനായില്ല. അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം പാർട്ടിയ്ക്കകത്ത് വർധിച്ചിരുന്നു. മകനും യുവനേതാവുമായ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനാക്കിയതോടെ വിമതപ്രവർത്തനം ശക്തിപ്പെട്ടു. വിജയേന്ദ്രയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് യത് നാൽ, രമേഷ് ജാർക്കിഹോളി തുടങ്ങിയ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചു. വിജയേന്ദ്രയെ മാറ്റാനുള്ള ശ്രമമാണ് ഏതാനും മാസങ്ങളായി വിമതർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ദേശീയ നേതൃത്വം വിമതരുടെ ആവശ്യങ്ങൾക്ക് ചെവി കൊടുക്കുന്നില്ല. ഈ മാസം തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. വിമത നേതാക്കൾ യദിയൂരപ്പയെ കടന്നാക്രമിക്കുന്നതിൽ വിജയേന്ദ്ര അതീവ ദുഖിതനാണ്. പക്ഷം പിടിക്കാതെ മാറിനിൽക്കുന്ന( ന്യൂട്രൽ) നേതാക്കൾ മൗനം അവലംബിക്കുന്നതാണ് വിജയേന്ദ്രയ്ക്ക് ഏറെ സങ്കടം.  "എന്റെ നേതൃത്വം അംഗീകരിക്കുന്നില്ലെങ്കിൽ വേണ്ട, പാർട്ടി കെട്ടിപ്പടുത്ത, വന്ദ്യവയോധികനായ യദിയൂരപ്പയെ പരസ്യമായി അധിക്ഷേപിക്കുന്നത് ചോദ്യം ചെയ്യേണ്ടതല്ലേ? വിജയേന്ദ്ര ചോദിക്കുന്നു. യദിയൂരപ്പയ്ക്കെതിരെ പോസ്കോ കേസ് അടക്കം രജിസ്റ്റർ ചെയ്ത് കോൺഗ്രസ്സ് ഗവണ്മെന്റ് ബിജെപിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ആ സാഹചര്യം മുതലാക്കുകയാണ് വിമതർ. യദിയൂരപ്പയാകട്ടെ പ്രതികരിക്കുന്നില്ല. കർണാടക ബിജെപിയിൽ ഒരു പൊട്ടിത്തെറി ആസന്നമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img