
വരാനിരിക്കുന്നത് കെട്ടാൻ പെണ്ണ് കിട്ടാനില്ലാത്ത കേരളമോ? ചിരിക്കാൻ വരട്ടെ. സംഗതിയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അങ്ങനെയും ഒരു കാലം വന്നേക്കാം. ആണും പെണ്ണും തമ്മിലുള്ള വിവാഹ സങ്കൽപ്പത്തിൽ നിന്നും പെണ്ണും പെണ്ണും തമ്മിലും ആണും ആണും തമ്മിലുമുള്ള വിവാഹം കേരളത്തിൽ സാധാരണമാകുകയാണ്. ആണും ആണും തമ്മിലുള്ള വിവാഹത്തെക്കാൾ കൂടുതലാണ് പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയമെന്ന് പറഞ്ഞാലും തെറ്റു പറയാനാകില്ല. ഇത് കേവലം ഒരു കഥയല്ല, സ്വവർഗാനുരാഗത്തിന്റെ ഉള്ളറകളിലേക്കുള്ള ഒരു യാത്രയാണ്..
മലയാളികളുടെ വിവാഹ സങ്കൽപ്പങ്ങളേയും, പ്രകൃതി നിയമങ്ങളേയും തകർത്തെറിഞ്ഞാണ് ആലുവ സ്വദേശിനി ആദില നസ്രിൻ എന്ന 25-കാരിയും, കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറ എന്ന 24-കാരിയും ദാമ്പത്യ ജീവിതം തുടങ്ങിയത്. ദമ്പതികളാകണമെങ്കിൽ ഭാര്യയും ഭർത്താവും വേണ്ടേ എന്നും ആണും പെണ്ണുമല്ലേ വിവാഹം കഴിക്കുക എന്നുമുള്ള കേരളീയ ചിന്തകളാണ് അന്ന് തകർന്നു വീണത്.
'ലെസ്ബിയൻ കപ്പ്ൾ'എന്ന അത്യപൂർവ്വ ദമ്പതിമാരാണ് ഫാത്തിമ നൂറയും ആദില നസ്രിനും! വിവാഹം എന്ന സംജ്ഞയ്ക്കുള്ള വിചിത്ര വ്യഖ്യാനമാണിത് എന്ന് നമുക്ക് തോന്നുമെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ലൈംഗിക ന്യൂനപക്ഷത്തെ ഇന്ന് അംഗീകരിക്കുന്നുണ്ട്. എൽജിബിടിക്യൂ എന്ന സമൂഹം പലയിടങ്ങളിലും സജീവമാണ്. എൽജിബിടിക്യൂ എന്നാൽ എന്താണെന്ന് കൂടി പറഞ്ഞിട്ട് ഫാത്തിമ നൂറയുടെയും ആദില നസ്രിന്റെയും ജീവിതത്തിലേക്ക് വരാം... മിക്ക ആളുകളിൽ നിന്നും വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ ഉള്ള ആളുകൾ LGBTQ+ എന്ന കുടക്കീഴിൽ വരുന്നു. LGBT എന്നത് ലെസ്ബിയൻ , ഗേ , ബൈസെക്ഷ്വൽ , ട്രാൻസ്ജെൻഡർ എന്നിവയെ സൂചിപ്പിക്കുന്ന ഒരു ഇനീഷ്യലിസമാണ് . ലെസ്ബിയൻ എന്നാൽ, സ്ത്രീകളെ പ്രണയിക്കുന്ന സ്ത്രീകൾ. ഗേ എന്നാൽ, പുരുഷനെ പ്രണയിക്കുന്ന പുരുഷൻ. ബൈ സെക്ഷ്വൽ എന്നാൽ ഒരേസമയം സ്ത്രീയോടും പുരുഷനോടും പ്രണയും പുലർത്തുന്നവർ. ക്യൂ എന്നത് ക്വിയർ. അതായത്, മുകളിൽ പറഞ്ഞതും അല്ലാത്തതുമായ ലൈംഗിക ന്യൂനപക്ഷങ്ങളെ പൊതുവെ സൂചിപ്പിക്കുന്ന പദം. അതവിടെ നിൽക്കട്ടെ, നമുക്ക് ഫാത്തിമ നൂറയിലേക്കും ആദില നസ്രിനിലേക്കും വരാം..
യാഥാസ്തിക മുസ്ലിം കുടുംബത്തിലെ, അഭ്യസ്ത വിദ്യരായ രണ്ട് പെൺകുട്ടികൾ പരസ്പരം വിവാഹിതരായതോടെ, വിചിത്രമെന്നും, അസ്വഭാവികമെന്നും തുടങ്ങി പല തരത്തിലായി നിർവ്വചിക്കപ്പെട്ട ഈ ബന്ധത്തെക്കുറിച്ച് കേരളീയ സമൂഹം ഏറെ ചർച്ച ചെയ്തതാണ്. ഒരു സ്വകാര്യ ചാനലിലെ 'ബിഗ്ബോസ്' എന്ന പ്രോഗ്രാമിൽ ഈ 'ലെസ്ബിയൻ ദമ്പതിമാർ' മത്സരാർത്ഥികളായതോടെ ഇവരെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. ഇരുവരുടേയും കുടുംബം സൗദി അറേബ്യയിലായിരുന്നു. അവിടെ പ്ലസ്വൺ പഠന വേളയിലാണ് ഇവർ തമ്മിൽ സൗഹൃദത്തിലാകുന്നത്. ക്രമേണ ഇവരുടെ സൗഹൃദത്തിൽ ഒളിഞ്ഞിരിക്കുന്ന പാകപ്പിഴവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെട്ടു.
രക്ഷിതാക്കൾക്കൊപ്പം നാട്ടിൽ തിരിച്ചെത്തിയ നൂറയെ കാണാൻ ആദില താമരശ്ശേരിയിലുള്ള അവളുടെ വീട്ടിലെത്തുകയും, കോഴിക്കോടിലെ ഒരു സംരക്ഷണ കേന്ദ്രത്തിൽ ഇരുവരും അഭയം തേടുകയും ചെയ്തു. ആദിലയുടെ ബന്ധുക്കൾ അന്വേഷിച്ചെത്തിയതോടെ, വിഷയത്തിൽ ഇടപെട്ട പോലീസ്, തത്ക്കാലികമായി ഇരുവരേയും ആദിലയുടെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. പിന്നീട് നൂറയുടെ രക്ഷിതാക്കൾ ആലുവായിൽ ചെന്ന് അവളെ ബലമായി താമരശ്ശേരിയിലെ സ്വന്തം വീട്ടിലേയ്ക്ക് തന്നെ തിരിച്ച് കൊണ്ട് വന്നു. ഇതോടെ ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തതിനെ തുടർന്ന് നൂറാഫാത്തിമായെ പോലീസ് കോടതിയിൽ ഹാജരാക്കി. പ്രായ പൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് ഇവരുടെ കേസ്സ് പരിഗണിച്ച ജസ്റ്റിസ് വിനോദ്ചന്ദ്രൻ വിധി പുറപ്പെടുവിച്ചതോടെ, ഇവർക്ക് ഇഷ്ടാനുസരണം സ്വതന്ത്രമായി ജീവിക്കുവാനുള്ള നിയമ പിൻബലവും കൈവരികയും ചെയ്തു. യഥാർത്ഥത്തിൽ രണ്ട് പേരുടേയും രക്ഷിതാക്കൾ ഇവരുടെ അസ്വഭാവിക പ്രണയത്തിനെതിരെ ഒരേ നിലപാടിലായിരുന്നു.
മനസ്സ്, മറ്റൊരു മനസ്സിനോട് ചേർന്നലിഞ്ഞ് ഉണ്ടാകുന്ന വികാരമാണ് പ്രണയം. സ്വമേധയാ രൂപമെടുക്കുന്ന ഒരനുഭൂതി ആണത്. മറ്റാരുടേയും സമ്മർദ്ധം കൊണ്ട് ഉണ്ടാകുന്ന ഒരവസ്ഥയല്ല പ്രണയം. അതേസമയം, മാനസികപരമായ ചില പത്യേക കാരണങ്ങളാൽ 'ഒരു കമ്മ്യൂണിറ്റി' പുലർത്തുന്ന ലൈംഗീക വൈവിധ്യത്തിന്റെ ഭാഗമായി രൂപപ്പെടുന്നതാണ് സ്വവർഗ്ഗ പ്രണയവും, രതിയുമെല്ലാം.! സ്വവർഗ്ഗാനുരാഗികളായ പുരുഷൻമാർ കേരളത്തിൽ ധാരാളം ഉണ്ടെങ്കിലും, മലയാളി സമൂഹത്തിൽ തീരെ കുറവുള്ളതാണ് സ്ത്രീ സ്വവർഗ്ഗാനുരാഗികൾ അഥവാ 'ലെസ്ബിയൻ'സ്.
ലോകത്തിലെ പല സംസ്കാരങ്ങൾ പല രീതിയിലാണ് സ്വവർഗ്ഗ ലൈംഗീകതയെ വീക്ഷിക്കുന്നത്. പടിഞ്ഞാറൻ സമൂഹത്തിൽ 6 ശതമാനം മുതൽ 13 ശതമാനം വരെ പേർ സ്വവർഗ്ഗാനുരാഗികളാണെന്നാണ് 2006-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഇസ്ലാം, യഹൂദ, ക്രൈസ്തവ മതങ്ങൾ ഉൾപ്പടെ ഏതാണ്ട് എല്ലാ മത വിഭാഗങ്ങളും സ്വവർഗ്ഗരതിയെ കടുത്ത തെറ്റായിട്ടാണ് അനുശാസിക്കുന്നത്. 'പ്രവാചകൻ ലൂത്തിന്റെ' സ്വവർഗ്ഗാനുരാഗികളായ ജനത താമസിച്ചിരുന്ന ഒരു പ്രദേശമൊന്നാകെ ഭൂമിയെ കീഴ്മേൽ മറിച്ച് കൊണ്ട് ദൈവം ശിക്ഷിച്ച കാര്യം വിശൂദ്ധ ഗ്രന്ഥത്തിൽ പറയുന്നുമുണ്ട്.
കുഞ്ഞ് ജനിയ്ക്കുമ്പോൾ ആ കുഞ്ഞിന്റെ ലൈംഗീക അവയവം നോക്കിയാണ് ആൺ-പെൺ തിരിച്ചറിവ് നടത്തുന്നത്. ഇത് സാമാന്യേന 99.99 ശതമാനവും ശരിയായിരിക്കുമെങ്കിലും, അത്യപൂർവ്വമായി ചിലപ്പോൾ വ്യത്യാസപ്പെട്ടേക്കാം. ഇതാണ് 'ട്രാൻസ്ജെൻഡർ' എന്ന് വിശേഷിപ്പിക്കുന്ന വിഭാഗം.
മാതാവിന്റെ ഗർഭ പാത്രത്തിൽ നേരത്തെ ഉണ്ടായിരുന്ന ഭ്രൂണം ഉൽപ്പാദിപ്പിച്ച ചില പ്രോട്ടീനുകൾക്കെതിരെ, മാതാവിന്റെ ശരീരം ഉത്പ്പാദിപ്പിക്കുന്ന മറു പ്രോട്ടീൻ അഥവാ 'ഹോർമോൺ' അടുത്ത ഗർഭസ്ഥ ശിശുവിൽ ചിലപ്പോൾ പ്രകടമായെന്നിരിക്കാം. അപ്രകാരം ജനിയ്ക്കുന്ന കുഞ്ഞിന് ആൺ ലൈംഗീക അവയവമാണ് ഉള്ളതെങ്കിലും, അതനുസരിച്ചുള്ള ഹോർമോണുകൾ ഉത്പ്പാദിപ്പിച്ചില്ലെങ്കിൽ, അത്തരം കുഞ്ഞുങ്ങൾ വളരുമ്പോൾ വിപരീത ലിംഗത്തിന്റെ സ്വഭാവത്തിലാകുമെന്നാണ് വിദഗ്ധരായ ഭിഷഗ്വരൻമാർ ചൂണ്ടിക്കാട്ടുന്നത്.
അതായത് തലച്ചോറിലെ 'ഹൈപ്പോതലാമസ്, ഹിപ്പോകാമ്പസ്, ബ്രെയിൻസ്റ്റം' എന്നിവയിലെ ന്യൂറോണുകളുടെ വ്യന്യാസം പുരുഷനിലും, സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ശരീരത്തിൽ ആണിന്റെ ലൈംഗീക അവയവം ഉണ്ടെങ്കിലും, ചിലപ്പോൾ തലച്ചോർ പെണ്ണിന്റേതായിരിക്കും. അത് നേരെ തിരിച്ച്, ശരീരത്തിൽ പെണ്ണിന്റെ അവയവം ആണെങ്കിലും തലച്ചോർ ആണിന്റേതുമാകാം. തലച്ചോറിൽ ലൈംഗീക അവയവ രൂപീകരണം ഒരു വഴിക്കും, ആൺ-പെൺ രൂപീകരണം മറ്റൊരു വഴിക്കും നടക്കുന്നു എന്ന് സാരം. തലച്ചോറിലെ ഈ വ്യത്യാസം മൂലം ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോടോ, ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയോടോ ലൈംഗീക താത്പ്പര്യം ഉണ്ടായെന്നും വരാം.
മനുഷ്യൻ ഉൾപ്പടെയുള്ള ജീവ ജാലങ്ങളുടെ നില നിൽപ്പ് തന്നെ, വിപരീത ലിംഗ വികാരങ്ങളിലൂടെയും, ബന്ധങ്ങളിലൂടെയുമാണ്. വ്യക്തി സ്വാതന്ത്ര്യവും, പൗരാവകാശവുമാണ് സ്വവർഗ്ഗാനുരാഗികൾ ഉയർത്തിക്കാട്ടുന്നത്. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ ഒരേ വർഗ്ഗത്തിൽപ്പെടുന്ന ഇണകളെ സ്വീകരിക്കുന്നത് സദാചാര വിരുദ്ധ തന്നെയാണ്. സ്വവർഗ്ഗരതി എന്ന 'പ്രകൃതി വിരുദ്ധ രതി' കുറ്റകരമാണെന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് നിഷ്കർഷിക്കുന്നുമുണ്ട്. ഇത്തരം അസ്വാഭാവിക പ്രവണതകളും, മാനസിക വികലതയും ഇല്ലാതാക്കാൻ കൗൺസിലിംഗ്, മാനസിക-ശാരീരിക ചികിത്സകൾ തുടങ്ങിയ പ്രായോഗിക മാർഗ്ഗങ്ങിലൂടെ മാറ്റി എടുക്കാനാകുമെന്ന് ആധുനിക വൈദ്യശശാസ്ത്രം പറയുന്നുമുണ്ട്. ശാസ്ത്രീയമായ അനേകം പോംവഴികൾ ഉണ്ടെന്നിരിക്കെ, എന്ത് കൊണ്ട് ഇത്തരം അവസ്ഥകൾക്ക് ചികിത്സ നൽകാൻ സർക്കാറുകൾ-കോടതികൾ പ്രചോദനം നൽകുന്നില്ല എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു.
വ്യക്തികളിലെ വിഭിന്ന ചിന്തകളിൽ ഉടലെടുക്കുന്നതെല്ലാം, സാംസ്കാരിക വളർച്ചയായും, പുരോഗമനമായും ചിലർ അവകാശപ്പെടുന്നു. അതിനെല്ലാം നിയമ ആനുകൂല്യം നൽകലാണ് നീതിന്യായം എങ്കിൽ, മാന്യമായ മനുഷ്യകുലത്തിന്റെ വിവേകവും, സാമാന്യ ബോധവും ഇല്ലാതാക്കലാണ് അത്. വിവാഹം എന്നത് ആണും, പെണ്ണും തമ്മിലുള്ള സാമൂഹിക കരാറോ, പരസ്പരം വേഴ്ച നടത്താനുള്ള അനുമതിയോ മാത്രമല്ല. കുഞ്ഞുങ്ങളെ ജനിയ്പ്പിക്കുകയും, തലമുറകളെ വാർത്തെടുക്കുകഎന്ന ധർമ്മവും അതിനുണ്ട്.
ആദിലയും,നൂറയും ഇന്ന് സ്വതന്ത്രരാണ്. അവരുടെ ജീവിതത്തിൽ രക്ഷിതാക്കൾക്ക് ഒരു പ്രസക്തിയുമില്ല. അവരെ വളർത്തി വലുതാക്കിയ രക്ഷിതാക്കൾ, നാട്ടുകാരെ പോലെ തന്നെ അവരുടെ ചെയ്തികൾ നോക്കിക്കാണുന്ന കേവലം കാഴ്ചക്കാർ മാത്രമായിരിക്കുകയാണ്. ഇത്തരത്തിലുള്ള സ്വാതന്ത്ര്യവാദവും, അവകാശ വാദവുമായി സ്വന്തം മക്കൾ മുന്നോട്ട് വരികയാണെങ്കിൽ, പലരുടേയും കാപട്യം അപ്പോൾ വ്യക്തമാകും എന്നാണ് സ്വർഗാനുരാഗികളെ എതിർക്കുന്നവർ പറയുന്നത്..











