02:42pm 21 April 2026
NEWS
അമീറിന്റെ വിദേശ സന്ദർശന ഫലങ്ങളെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു; ഖത്തറിന് അന്താരാഷ്ട്ര തലത്തിൽ ചരിത്രപരമായ നയതന്ത്ര വിജയം
21/04/2026  12:53 PM IST
nila
അമീറിന്റെ വിദേശ സന്ദർശന ഫലങ്ങളെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു; ഖത്തറിന് അന്താരാഷ്ട്ര തലത്തിൽ ചരിത്രപരമായ നയതന്ത്ര വിജയം

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഒമാൻ, തുർക്കി സന്ദർശനങ്ങളുടെ വിജയകരമായ ഫലങ്ങളെ ശൂറ കൗൺസിൽ സ്വാഗതം ചെയ്തു. സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ തമീം ബിൻ ഹമദ് ഹാളിൽ ചേർന്ന കൗൺസിലിന്റെ പ്രതിവാര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മസ്കറ്റിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അമീർ നടത്തിയ കൂടിക്കാഴ്ച മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകുന്നതാണെന്ന് കൗൺസിൽ വിലയിരുത്തി. കൂടാതെ, അന്റാലിയയിൽ വെച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് എന്നിവരുമായി അമീർ നടത്തിയ സംയുക്ത കൂടിക്കാഴ്ച ലോകസമാധാനത്തിനായുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും കൗൺസിൽ വ്യക്തമാക്കി.ഇസ്താംബൂളിൽ നടന്ന 152-ാമത് ഇന്റർ പാർലമെന്ററി യൂണിയൻ (IPU) സമ്മേളനത്തിൽ ഖത്തർ സമർപ്പിച്ച അടിയന്തര പ്രമേയം വൻ ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടത് ഖത്തറിന്റെ നയതന്ത്ര കരുത്തിന്റെ അടയാളമായി. ഇതാദ്യമായാണ് ഒരു അറബ് രാജ്യം സമർപ്പിച്ച അടിയന്തര പ്രമേയം ഇത്രയും വലിയ പിന്തുണയോടെ പൊതുസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുന്നത്. ഇത് ഖത്തറിന്റെ പാർലമെന്ററി നയതന്ത്രത്തിന് ആഗോളതലത്തിലുള്ള സ്വാധീനം വർദ്ധിപ്പിക്കുന്നുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിന്റെ 2017-ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമം പഠനത്തിനായി നിയമസമിതിക്ക് വിട്ടു.
റിയൽ എസ്റ്റേറ്റ് ലീസ് (വാടക)2008-ലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിയമം കൗൺസിൽ അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചു.
മുതിർന്ന പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നതിനായുള്ള നിർദ്ദേശങ്ങളിൽ കൗൺസിൽ ഉചിതമായ തീരുമാനമെടുത്തു.
​അറബ് പാർലമെന്റിലെ പങ്കാളിത്തത്തെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ എഫ്.എ.ഒ (FAO) സംഘടിപ്പിച്ച സെമിനാറിലെ ഖത്തറിന്റെ സാന്നിധ്യത്തെക്കുറിച്ചുമുള്ള റിപ്പോർട്ടുകളും കൗൺസിൽ അവലോകനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img