05:13pm 09 January 2026
NEWS
ബഹുഭാഷ നടീനടന്മാർ അഭിനയിക്കുന്ന ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായ'ടുമോറോ'യിലെ നാലാം ചിത്രമായ 'സ്റ്റോറീസ് ഓണ്‍ ദി കാന്‍വാസ് 'ചിത്രീകരണം പൂര്‍ത്തിയായി
05/01/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബഹുഭാഷ നടീനടന്മാർ അഭിനയിക്കുന്ന ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായടുമോറോയിലെ നാലാം ചിത്രമായ സ്റ്റോറീസ് ഓണ്‍ ദി കാന്‍വാസ് ചിത്രീകരണം പൂര്‍ത്തിയായി

 

ബ്രിസ്‌ബെൻ : ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായ ടുമോറോയിലെ ആറ് കഥകളില്‍ നാലാമത്തെ ചിത്രമായ സ്‌റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാനവികതയുടെയും സഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാകുന്ന മനുഷ്യ സാന്നിധ്യങ്ങളുടെ കഥ പറയുന്ന ടുമോറോയില്‍ ബഹുഭാഷാ  നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്. 

ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ടുമോറോ, അണ്‍ബ്രേക്കബിള്‍, വാലറ്റ്, സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസ് എന്നിങ്ങനെ 4 വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂര്‍ത്തിയായത്.  

'ടുമോറോ' എന്ന 6 കഥകളടങ്ങിയ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവും പ്രേക്ഷകര്‍ക്കു കൈമാറാനാണ് ജോയ് കെ.മാത്യു ലക്ഷ്യമിടുന്നത്. ജോയ് കെ.മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ടുമോറോ'ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരു സാംസ്‌കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. 'ടുമോറോ'യിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ  ചിത്രീകരണം ഉടനെ  ആരംഭിക്കുമെന്നും ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം 2026 ഡിസംബറിൽ 'ടുമോറോ' റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് വര്‍ഗീസ് അറിയിച്ചു.  

ജോയ് കെ.മാത്യുവിന്റെ ഇരുപത്തി ഒന്നാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസ്.1992 ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'നൊമ്പരവീണ'യില്‍ നായക കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് ജോയ് കെ.മാത്യു ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്ന് വിവിധ ചാനലുകള്‍ക്കും ചലച്ചിത്രോത്സവങ്ങള്‍ക്കുമായി നിര്‍മ്മിച്ച അഭയം,സഹനം,ദാനം,
മരണാനന്തരം, കാണാക്കാഴ്ചകള്‍,
ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ടുമോറോ,അണ്‍ബ്രേക്കബിള്‍,വാലറ്റ്, ഗോസ്റ്റ്പാരഡെയ്‌സ്, സ്റ്റോറീസ് ഓണ്‍ ദി ക്യാന്‍വാസ് എന്നീ 15 ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു.

ഇതില്‍ നൊമ്പരവീണ- ബെന്നി കുര്യന്‍,സഹനം - കൃഷ്ണജിത്ത്, ആത്മാക്കളുടെ നൊമ്പരം - സാബു വിശ്വത്തില്‍, അഭയം,ദാനം എന്നീ രണ്ട് ചിത്രങ്ങള്‍ നാസര്‍ കല്ലറയ്ക്കലും സംവിധാനം ചെയ്തു.'ഡിപ്പെന്‍ഡന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ജോയ് കെ.മാത്യു ആണ്.

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, ഒട്ടേറെ ബഹുഭാഷ നടീനടന്മാര്‍ അഭിനയിക്കുന്ന 'പൗച്ച് ഓഫ് ലൈഫ് 'എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വ്വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ' ദി എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്സ് ', സല്യൂട്ട് ദി നേഷന്‍സ് എന്നീ ഡോക്യുമെന്ററികള്‍ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഡോക്യുമെന്ററികളും  ധാര്‍മിക മൂല്യങ്ങളുടേയും കുടുംബ ബന്ധങ്ങളുടെയും പ്രാധാന്യവും പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങളും ഓര്‍മിപ്പിച്ചു കൊണ്ടുള്ളതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img