05:17am 07 November 2026
NEWS
വെള്ളാപ്പള്ളി നടേശന്റെ വർ​ഗീയ പരാമർശങ്ങൾക്ക് പിന്നിലെ രഹസ്യം
21/07/2025  08:02 PM IST
nila
വെള്ളാപ്പള്ളി നടേശന്റെ വർ​ഗീയ പരാമർശങ്ങൾക്ക് പിന്നിലെ രഹസ്യം

കഴിഞ്ഞ കുറേ ദിവസങ്ങളായി വർ​ഗീയ പരാമർശങ്ങളുമായാണ് രാഷ്ട്രീയ കേരളത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിറഞ്ഞുനിൽക്കുന്നത്. ആദ്യം കാന്തപുരം എ പി അബുബക്കർ മുസ്ല്യാർക്കെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചതെങ്കിൽ പിന്നീട് മുസ്ലീം ലീ​ഗിനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതോടെ എന്താണ് വെള്ളാപ്പള്ളി നടേശൻ ലക്ഷ്യമിടുന്നത് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.

കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്എൻഡിപി നേതൃയോഗത്തിൽ പ്രസം​ഗിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ തന്റെ വർ​ഗീയ പരാമർശങ്ങൾക്ക് തുടക്കമിടുന്നത്. കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസം​ഗം.  'കുട്ടികൾക്ക് സ്‌കൂളിൽ സൂംബ ഡാൻസ് ഏർപ്പെടുത്തി.അതിനെയും എതിർത്തു. സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കിൽ നടപ്പാക്കുകയില്ല. വിദേശത്ത് നടപ്പാക്കിയതാണ് സർക്കാർ കൊണ്ടുവന്നത്.അപ്പോഴേക്കും അത് മുസ്‍ലിം വിരുദ്ധമാണെന്ന് പറയുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവർ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. സ്കൂൾ സമയമാറ്റം സംബന്ധിച്ച് തന്റെ പ്രസം​ഗത്തിൽ വിശദമായി തന്നെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

കോടതി വിധി പ്രകാരമാണ് സ്‌കൂൾ സമയമാറ്റം നടത്തുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം സമയം ക്രമീകരിച്ചപ്പോൾ ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യാനാണ് സമസ്ത പറഞ്ഞത്. ഓണവും ക്രിസ്മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നില്ല.ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

'വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് 'തൊഴിലുറപ്പ്' പദ്ധതിയിൽ മാത്രമാണ്. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി അനിവാര്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് വിവാദമായതോടെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളാപ്പള്ളിയുടെ വർ​ഗീയ പരാമർശങ്ങൾക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും രാഷ്ട്രീയ കേന്ദ്രങ്ങൾ ആ പരാമർശം ഏറ്റെടുത്തില്ല. എന്നാൽ, മകൻ തുഷാർ വെള്ളാപ്പള്ളിക്ക് വഴിയൊരുക്കുകയാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇസ്ലാമോഫോബിയ വളർത്തി ഹിന്ദു വോട്ടുകളുടെ ഏകീകരണം നടത്താനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോഴുയരുന്ന ചർച്ച. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇതിനെ അടിവര ഇടുന്നുണ്ട്. പിന്നീട്, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശന് നൽകിയ ആദരിക്കൽ ചടങ്ങിലെ വെള്ളാപ്പള്ളിയുടെ പ്രസം​ഗം കൂടിയായതോടെ സമുദായമല്ല, രാഷ്ട്രീയം തന്നെയാണ് വെള്ളാപ്പള്ളി നടേശൻ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാകുകയാണ്. 

മുസ്ലീം ലീഗിൽ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാർട്ടിയെന്നാണ് പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ഇന്ന് പാർട്ടിക്ക് അപ്പുറത്ത് മതപണ്ഡിതന്മാരാണ് ഭരണത്തെപ്പോലും നിയന്ത്രിക്കുന്നത്. മുസ്ലീം ജനസംഖ്യയോടൊപ്പം തന്നെയുള്ള ഈഴവർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. നമ്മുടെ വോട്ടിന് ഒരു വിലയുമില്ലയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോയെന്ന് ചോദിച്ച അദ്ദേഹം, നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നും പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞുവെച്ചു. മുസ്ലീം ലീ​ഗിന് മുഖ്യമന്ത്രി പദവി ലഭിക്കുമെന്ന പ്രചാരണം ശക്തമായാൽ കേരളത്തിൽ ഹിന്ദു ഏകീകരണം സംഭവിക്കുമെന്നും അങ്ങനെ വന്നാൽ തന്റെ മകൻ കൂടി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് രാഷ്ട്രീയ ​ഗുണമുണ്ടാകും എന്നും പുത്രവാത്സല്യം നിറഞ്ഞ ഒരു പിതാവ് ആ​ഗ്രഹിച്ചാൽ കുറ്റം പറയാനാകുമോ? 

ഇതാ, കേരളത്തിൽ മുസ്ലീം ലീ​ഗ് നേതാവ് മുഖ്യമന്ത്രിയാകാൻ പോകുന്നു എന്ന് ഒരു സമുദായ നേതാവ്, പ്രത്യേകിച്ചും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചാൽ ഹിന്ദുമതത്തിലെ വിവിധ വിഭാ​ഗങ്ങൾ അതിനെതിരെ നിലപാടെടുക്കും എന്നും അങ്ങനെ നിലപാടെടുത്താൽ അത് ഹിന്ദു പാർട്ടി എന്ന് മുദ്രകുത്തപ്പെട്ട ബിജെപിക്കും എസ്എൻഡിപി നേതൃത്വം നൽകുന്ന ബിഡിജെഎസിനും ​ഗുണം ചെയ്യുമെന്നുമാകണം വെള്ളാപ്പള്ളി കരുതുന്നത്. 

ഈഴവരുടെ അവകാശങ്ങൾക്കായാണ് താൻ വാദിക്കുന്നതെന്ന് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. എന്നാൽ, കേരള രാഷ്ട്രീയത്തിൽ തന്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് ഒരു സ്ഥാനം ഉറപ്പിക്കാൻ വേണ്ടി വാത്സല്യനിധിയായ ഒരച്ഛൻ നടത്തുന്ന ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. 

അതേസമയം,  വെള്ളാപ്പള്ളി നടേശൻറെ വർഗീയ പരാമർശത്തെ പേര് എടുത്ത് പറയാതെ സിപിഎം തള്ളിയിരുന്നു. എസ്എൻഡിപി മുന്നോട്ട് പോകേണ്ടത് മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഏതൊരു ജനവിഭാഗത്തിൻറെയും പ്രശ്നങ്ങൾ അവതരിപ്പിക്കാമെന്നും അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാക്കരുതെന്നും സിപിഎം വ്യക്തമാക്കുന്നു. മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെൽ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറയുന്നുണ്ട്. വെളളാപ്പള്ളിയുടെ വർ​ഗീയ പരാമർശങ്ങളും മുസ്ലീം വിരുദ്ധതയും ആർക്ക് ​ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img