
കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പങ്കുവച്ച നടത്തിയ ധ്യാനചിന്തകൾ സിനഡിന്റെ ആത്മീയ ഒരുക്കത്തിന് വഴികാട്ടിയായി. തുടർന്ന് സിനഡു പിതാക്കന്മാർ ഒരുമിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔദ്യോഗികമായി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യതു.
പ്രാർത്ഥനയിലും പരസ്പര ശ്രവണത്തിലും ദൈവഹിതാന്വേഷണത്തിലുമാണ് സിനഡ് മുന്നോട്ടുപോകേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. സഭയുടെ ഇന്നത്തെ വെല്ലുവിളികൾക്ക് സുവിശേഷത്തിന്റെ വെളിച്ചത്തിൽ മറുപടി നൽകാൻ ആത്മീയവും അജപാലനപരവുമായ നവീകരണം അനിവാര്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് വ്യക്തമാക്കി. സീറോമലബാർ സഭ കൂടുതൽ പ്രേഷിതാഭിമുഘ്യവും തീക്ഷ്ണതയുമുള്ള സഭയായി മാറണം. സഭയുടെ ദൗത്യം പുതിയ സാഹചര്യങ്ങളിലേക്ക് ധൈര്യപൂർവം വ്യാപിപ്പിക്കുകയും സുവിശേഷം പുതിയ മേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയും വേണമെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും സത്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും മേജർ ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയെ ഭയത്തോടെ നിരസിക്കുകയോ വിവേചനരഹിതമായി സ്വീകരിക്കുകയോ ചെയ്യാതെ മനുഷ്യന്റെ നന്മയ്ക്കും സമഗ്രവികസനത്തിനും പൊതുനന്മയ്ക്കും ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ സഭാംഗങ്ങളെ പരിശീലിപ്പിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അധ്വാനം ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന്റെയും പശ്ചാത്തലത്തിൽ രാജ്യനിർമാണത്തിലുള്ള സഭയുടെ ഉത്തരവാദിത്വവും എടുത്തുപറയുകയും എല്ലാ പൗരന്മാരുടെയും അന്തസ്സും നീതിയും സമത്വവും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന സമൂഹനിർമാണത്തിൽ സഭ പ്രതിജ്ഞാബദ്ധയായി തുടരുമെന്ന് മേജർ ആർച്ചുബിഷപ്പ് ഉറപ്പുനൽകുകയും ചെയ്തു.
സിനഡിലെ തീരുമാനങ്ങൾ വ്യക്തിപരമായ താൽപര്യങ്ങളെക്കാൾ സഭയുടെ പൊതുനന്മയും കൂട്ടായ വിവേചനവും മുൻനിർത്തിയാകണമെന്ന് മേജർ ആർച്ചുബിഷപ്പ് വ്യക്തമാക്കി. സിനഡാലിറ്റി എന്നത് അഭിപ്രായങ്ങളുടെ മത്സരമല്ല; പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൽ മെത്രാന്മാർ ഒരുമിച്ച് ദൈവഹിതം അന്വേഷിക്കുന്ന പ്രക്രിയയാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവ നടപ്പാക്കുന്നതിലും ഐക്യവും കൂട്ടായ ഉത്തരവാദിത്വവും അനിവാര്യമാണെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും സീറോമലബാർ സഭയുടെ മതബോധന കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ അന്താരാഷ്ട്ര മതബോധന കൗൺസിൽ അംഗമായി അഞ്ച് വർഷത്തേക്ക് നിയമിതനായതിൽ മേജർ ആർച്ചുബിഷപ്പ് സന്തോഷം രേഖപ്പെടുത്തുകയും സാർവത്രിക സഭയുടെ മതബോധന ദൗത്യത്തിന് അദ്ദേഹത്തിന്റെ അജപാലന അനുഭവവും വൈദഗ്ധ്യവും വിലപ്പെട്ട സംഭാവന നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
മെത്രാഭിഷേകത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിലിനെയും, പൗരോഹിത്യത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിനെയും, മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തെയും മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് അനുമോദിക്കുകയും അവരുടെ ശുശ്രൂഷകൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
2026 ജനുവരി 25-ന് നിര്യാതനായ ഗൊരഖ്പൂർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ഡൊമിനിക് കൊക്കാട്ട് സി.എസ്.ടി.യെയും, 2026 ജൂലൈ 19-ന് നിര്യാതനായ രാജ്കോട്ട് രൂപതയുടെ എമിരിറ്റസ് മെത്രാൻ മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി.എം.ഐ.യെയും മേജർ ആർച്ചുബിഷപ്പ് പ്രാർഥനപൂര്വം ഓർമ്മിക്കുകയും സുവിശേഷദൗത്യത്തിലും മിഷൻ പ്രവർത്തനങ്ങളിലും ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശുശ്രൂഷയിലും ഇരുവരും നൽകിയ സമർപ്പിത സംഭാവനകളെ നന്ദിപൂർവം എടുത്തുപറയുകയും ചെയ്തു.
സിനഡിന്റെ പ്രവർത്തനങ്ങൾ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നീ മൂന്ന് അടിസ്ഥാന മനോഭാവങ്ങളോടെ മുന്നോട്ടുകൊണ്ടുപോകാൻ മേജർ ആർച്ചുബിഷപ്പ് സിനഡ് പിതാക്കന്മാരെ ആഹ്വാനം ചെയ്യുകയും സഭയുടെ നന്മയും ദൈവത്തിന്റെ മഹത്വവും മാത്രം ലക്ഷ്യമാക്കി സിനഡൽ യാത്ര തുടരണമെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതൽ 28 വരെ നടക്കുന്ന സിനഡിൽ സഭയുടെ അജപാലന, ആരാധനാക്രമ, കാനോനിക, ഭരണപരമായ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
Photo Courtesy - Google










