
ദോഹ: സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹന (Autonomous e-Mobility) രംഗത്തെ ആഗോള പ്രമുഖരെ പങ്കെടിപ്പിച്ചുകൊണ്ടുള്ള രണ്ടാമത് 'എഇഎംഒബി' (AEMOB) ഫോറം 2026 സെപ്റ്റംബർ 7, 8 തീയതികളിൽ ദോഹയിൽ നടക്കും. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) വെച്ച് നടക്കുന്ന ഉച്ചകോടിയുടെ തുടർന്ന് സെപ്റ്റംബർ 9-ന് പ്രത്യേക 'ഈക്കോസിസ്റ്റം ടൂറും' സംഘടിപ്പിക്കും. ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ തന്ത്രപ്രധാന പങ്കാളികൾ ഗതാഗത മന്ത്രാലയമാണ് (MoT).
പൊതുഗതാഗത ഫ്ലീറ്റിന്റെ 70 ശതമാനത്തിലധികം നിലവിൽ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നും 2030-ഓടെ ഇത് 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഗതാഗത മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചി. അബ്ദുള്ള സെയ്ഫ് അൽ സുലൈതി വ്യക്തമാക്കി.ഡ്രൈവറില്ലാ ഇലക്ട്രിക് റോബോടാക്സികളുടെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട പരീക്ഷണം ഉടൻ ആരംഭിക്കും.40-ലധികം അന്താരാഷ്ട്ര-പ്രാദേശിക വിദഗ്ധർ സംസാരിക്കും. 20-ലധികം പ്രമുഖ കമ്പനികളും ഓർഗനൈസേഷനുകളും പരിപാടിയുടെ സ്പോൺസർമാരും പങ്കാളികളുമാണ്.ഫോറത്തിന്റെ ഭാഗമായി 10 പ്രത്യേക മേഖലകളിലായി 50-ലധികം സെഷനുകൾ നടക്കും. കൂടാതെ, QNCC-ൽ സജ്ജീകരിക്കുന്ന 20-ലധികം എക്സിബിഷൻ സ്റ്റാളുകളിൽ അത്യാധുനിക ഇലക്ട്രിക്-ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
വാണിജ്യ-വ്യവസായ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, യുവ ഗവേഷകർ എന്നിവർക്കായി 'എസ്എംഇ മത്സരം', 'സ്റ്റാർട്ടപ്പ് ഷോകേസ്' തുടങ്ങിയ പ്രത്യേക പരിപാടികളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.











