വെള്ളിയാഴ്ച

ചെങ്ങന്നൂർ: ഒൻപത് പതിറ്റാണ്ടിന്റെ ധന്യമായ വിശ്വാസ പാരമ്പര്യമുള്ള ചെറിയനാട് ലൂർദ് മാതാ ദേവാലയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവതി ആഘോഷങ്ങളുടെ ഭാഗമായി, പൗരാണികത നിലനിർത്തിക്കൊണ്ട് പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശ കർമങ്ങൾ
വെള്ളിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
വൈകിട്ട് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമികത്വത്തിലാണ് വി. തിരുക്കർമങ്ങൾ നടക്കുക. വൈകിട്ട് നാലിന് ജപമാല സമർപ്പണം.
4:30 ന് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന് ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം. അഞ്ചിന്
ദേവാലയ കൂദാശ.
ഇതിനോടനുബന്ധിച്ച് പുതുതായി നിർമിച്ച, മണിമാളിക, കൊടിമരം, പ്രധാന വാതിൽ, എന്നിവയുടെ ആശീർവാദവും നടക്കും. തുടർന്ന് നടക്കുന്ന ആഘോഷമായ വി. കുർബാനയ്ക്ക് ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. ജോസ് വർഗീസ് സഹകാർമികനായിരിക്കും.
തിരുക്കർമങ്ങൾക്ക് ശേഷം വൈകിട്ട് 6:30-ന് പൊതുസമ്മേളനം ഇടവക വികാരി ഫാ. ജോസ് വർഗീസ് അധ്യക്ഷത വഹിക്കും . സമ്മേളനത്തിൽ ഇടവകയിൽ പഠനരംഗത്ത് ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളും വിതരണം ചെയ്യും.
1930-കളിൽ വിദേശ മിഷനറിമാരുടെ പ്രവർത്തനങ്ങളിലൂടെ ചെറിയനാട് പ്രദേശത്ത് സാമൂഹിക-വിദ്യാഭ്യാസ മാറ്റങ്ങൾക്ക് തുടക്കമിട്ടതാണ് ഈ ഇടവകയുടെ ചരിത്രം. 1932-ൽ ഓലമേഞ്ഞ ചെറിയ പള്ളിയായി ആരംഭിച്ച്, പിന്നീട് 1935 ഒക്ടോബർ 27-ന് കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ ദേവാലയമായി മാറുകയായിരുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരെ നാദമുയരുന്ന ഇവിടുത്തെ പള്ളിമണി പ്രദേശത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. കൊല്ലം രൂപതയുടെ കീഴിലായിരുന്ന ഈ ഇടവക 1985 മുതൽ പുനലൂർ രൂപതയുടെ ഭാഗമായി.
മൂന്ന് വിദേശ മിഷനറിമാർ ഉൾപ്പെടെ 27 വൈദികർ ശുശ്രൂഷ ചെയ്ത ഈ പുണ്യഭൂമിയിൽ 28-ാമത് വികാരിയായി ഫാ. ജോസ് വർഗീസ് ഇപ്പോൾ നേതൃത്വം നൽകുന്നു.











