03:44am 06 November 2026
NEWS
തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ ശബരി പോർട്ടലിന് തുടക്കമായി.
05/11/2026  06:36 PM IST
സണ്ണി ലുക്കോസ്
തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ ശബരി പോർട്ടലിന് തുടക്കമായി.
HIGHLIGHTS

ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും  റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനുംപോർട്ടൽ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി

തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കാനും നടപടികളുടെ പുരോഗതി വിലയിരുത്താനും കഴിയുന്ന ഭരണനിർവഹണ സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാണാതായവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും ഡിജിറ്റൽ സഹായം

തീർത്ഥാടനകാലത്ത് തിരക്കിനിടയിൽ കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാൾ കാണാതായാൽ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാം. ഇത് സ്വയം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരം പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കും.

കൂട്ടംതെറ്റിയ കുട്ടികൾ, മുതിർന്നവർ, മറ്റ് തീർത്ഥാടകർ എന്നിവരെ കണ്ടെത്തുന്നതിനുള്ള സഹായവും ഇതിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചും കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും വിവരം നൽകാം. പരാതികൾക്ക് ഫോട്ടോകൾ കൂടി ചേർക്കാനുള്ള സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതൽ തുടർനടപടികൾ വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.

ശബരിമലയിലെ സൗകര്യങ്ങൾ മാപ്പിൽ; യാത്രയും ദർശനവും എളുപ്പമാക്കാം.

sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പോർട്ടൽ ഉപയോഗിക്കാം. പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും ഇതിൽ ലഭ്യമാണ്.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ കണ്ടെത്താം. മൊബൈലിലെ ലൊക്കേഷൻ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങൾ തിരിച്ചറിയാനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും.

ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ, പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടം തുറന്നതോ അടച്ചതോ എന്ന വിവരം തുടങ്ങിയവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ എന്നിവയും ലഭ്യമാകും.

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്.

കെ.എസ്.ആർ.ടി.സി സംവിധാനവുമായുള്ള സാങ്കേതിക സംയോജനം പോർട്ടലിന്റെ പ്രധാന സവിശേഷതയാണ്. പമ്പയിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾ, ശബരിമല സ്പെഷ്യൽ സർവീസുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അടുത്ത അരമണിക്കൂറിലും ഒരു മണിക്കൂറിലും ലഭ്യമായ സർവീസുകൾ പ്രത്യേകം തിരിച്ചറിയാനും ടിക്കറ്റ് ബുക്കിങ്ങിനായി കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലേക്ക് പോകാനും കഴിയും.

ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ വിവരത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വിളിക്കാം. താമസസൗകര്യങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

അമിതവില ഈടാക്കിയാൽ ബിൽ സഹിതം പരാതി.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിലെ വിലനിയന്ത്രണത്തിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സാധനങ്ങളുടെ ഔദ്യോഗിക വില പല ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. 'ചെക്ക് മൈ ബിൽ' സംവിധാനത്തിലൂടെ വാങ്ങിയ സാധനങ്ങളുടെ വില പരിശോധിക്കാം. അധികവില ഈടാക്കുകയോ ബിൽ നൽകാതിരിക്കുകയോ ചെയ്താൽ കടയുടെ വിവരങ്ങൾ സഹിതം പരാതി നൽകാം.

ശുചിത്വം, പൊതു ശൗചാലയങ്ങൾ, കെ.എസ്.ആർ.ടി.സി, ദേവസ്വം ബോർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും പോർട്ടലിലൂടെ അറിയിക്കാം. പരാതികൾ ബന്ധപ്പെട്ട കൺട്രോൾ റൂമിലേക്കും പരിശോധനാ സ്ക്വാഡിലേക്കും കൈമാറും. തുടർനടപടികളുടെ വിവരങ്ങൾ പരാതിക്കാരന് വാട്സാപ്പിലൂടെ ലഭിക്കും. 112, 1077, 108, 100, 101 എന്നീ അടിയന്തര സേവന നമ്പറുകളിലേക്ക് പോർട്ടലിൽനിന്ന് നേരിട്ട് വിളിക്കാനും കഴിയും.

വാട്സാപ്പിൽ ചോദിക്കാം; മറുപടി ലഭിക്കും.

ശബരി ചാറ്റ്ബോട്ടിലൂടെ വാട്സാപ്പിൽ തന്നെ ആവശ്യമായ വിവരങ്ങൾ തേടാം. യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി മുതൽ ഹാജർ വരെ ഡിജിറ്റൽ.

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്കു പുറമേ തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിപുലമായ ഡാഷ്ബോർഡും പോർട്ടലിലുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് ജീവനക്കാരെ നാമനിർദേശം ചെയ്യുന്നതിനും ജില്ലാ ഓഫീസുകൾ വഴി അപേക്ഷകൾ കൈമാറുന്നതിനും മുൻഗണനാക്രമത്തിൽ ഡ്യൂട്ടി അനുവദിക്കുന്നതിനും സംവിധാനമുണ്ട്. ഡ്യൂട്ടി ഉത്തരവ് ലഭിച്ചാൽ ജീവനക്കാർക്ക് വാട്സാപ്പ് സന്ദേശവും ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇ-മെയിലും ലഭിക്കും.

ഡ്യൂട്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ഹാജർ രേഖപ്പെടുത്താനും ഹാജരാകാത്ത ജീവനക്കാർക്ക് സ്വയം അറിയിപ്പ് നൽകാനും കഴിയും. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നാലുമണിക്കൂർ ഇടവിട്ടുള്ള പ്രവർത്തന റിപ്പോർട്ടുകൾ ഒപ്പിട്ട പി.ഡി.എഫ് രൂപത്തിൽ സമർപ്പിക്കാം. ജീവനക്കാരുടെ പ്രവർത്തന വിലയിരുത്തൽ, യോഗങ്ങളുടെ മിനിറ്റ്സ്, ഉത്തരവുകൾ, ചുമതലകൾ, പ്രവർത്തന റിപ്പോർട്ടുകൾ എന്നിവയും ഡിജിറ്റലായി കൈകാര്യം ചെയ്യാം.

ശുചീകരണം മുതൽ ആശുപത്രി പ്രവർത്തനം വരെ തത്സമയ നിരീക്ഷണം.

സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 15 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും മേൽനോട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏകദേശം 300 മുതൽ 400 വരെ ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനം ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. ഓരോ മൂന്ന് മണിക്കൂർ ഇടവിട്ടും മേൽനോട്ട ഉദ്യോഗസ്ഥരുടെ മൊബൈലിൽ സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് ലഭിക്കും. ശുചീകരണം നടത്തിയതും നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ രേഖപ്പെടുത്തണം.

ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഒ.പി, ഐ.പി വിവരങ്ങളും രോഗികളുടെ റഫറലും തുടർചികിത്സയും ഡിജിറ്റലായി രേഖപ്പെടുത്തും. ഒരു ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന രോഗികളുടെ തുടർചികിത്സാ വിവരങ്ങളും നിരീക്ഷിക്കാം. ആശുപത്രികൾക്ക് പ്രത്യേക റഫറൽ ലോഗിൻ സൗകര്യമുണ്ട്. മരണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് സ്വയം ഇ-മെയിൽ സന്ദേശം ലഭിക്കും.

തീർത്ഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ പുതിയ സംവിധാനം നിർണായകമാകും.

മൂന്ന് കേന്ദ്രങ്ങളിൽ സംയോജിത നിയന്ത്രണ സംവിധാനം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന അടിയന്തര പ്രവർത്തനകേന്ദ്രങ്ങൾ ഇത്തവണ സംയോജിത നിയന്ത്രണകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ പരാതികൾ അതത് വകുപ്പുകൾക്ക് കൈമാറി പരിഹാരം ഉറപ്പാക്കാം.

പരാതി നൽകുന്നയാളുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ ജിയോ ഫെൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നിലയ്ക്കലിലെ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഭൗമമേഖലയിൽനിന്നുതന്നെ പരാതി നൽകണം. പരാതിയുടെ സ്ഥലം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട നിയന്ത്രണകേന്ദ്രത്തിലേക്കും വകുപ്പിന്റെ ലോഗിനിലേക്കും വിവരം സ്വയം കൈമാറും. കാലാവസ്ഥ, താപനില, ജലസംഭരണികളിലെ ജലനിരപ്പ്, വന്യമൃഗങ്ങളുടെ ആക്രമണം, വാഹനാപകടങ്ങൾ, കെ.എസ്.ആർ.ടി.സി സർവീസുകൾ, വിലനിയന്ത്രണ സ്ക്വാഡുകളുടെ പരിശോധനകൾ തുടങ്ങിയ വിവരങ്ങളും ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സാങ്കേതിക മികവിൽ കുറഞ്ഞ ചെലവിൽ വികസനം.

പുറത്തുള്ള സോഫ്റ്റ്‌വെയർ കമ്പനികളെ ആശ്രയിക്കാതെ പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്പെക്ടർ യഗേഷ് ബിയും ചേർന്നാണ് പോർട്ടലിന്റെ രൂപകൽപ്പനയും വികസനവും നിർവഹിച്ചത്. ഔദ്യോഗിക ജോലികൾക്കുശേഷമുള്ള രാത്രിസമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഇവർ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനത്തിന്റെ വിപുലീകരണമാണ് ഇത്തവണ പൊതുജനങ്ങൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കുന്നത്. 

സാങ്കേതികവിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കി തീർത്ഥാടകരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഈ സംരംഭം ശബരിമല തീർത്ഥാടനത്തിന്റെ സംഘാടനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ നിസാമുദീൻ എ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് തത്സമയ വിവരങ്ങൾ, വകുപ്പുകൾക്ക് ഏകോപിത പ്രവർത്തനം, തീർത്ഥാടകർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ എന്നിങ്ങനെ മൂന്ന് തലങ്ങളിലും സംവിധാനം പ്രയോജനപ്പെടും. ബാഹ്യ ഏജൻസികളെ ആശ്രയിക്കാതെ കുറഞ്ഞ ചെലവിൽ വികസിപ്പിച്ച പോർട്ടൽ വരും വർഷങ്ങളിലും കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അജിത് ശ്രീനിവാസ് പറഞ്ഞു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ തീരുമാനമെടുക്കാനും പോർട്ടൽ സഹായിക്കുമെന്ന് യഗേഷ് ബിയും വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img