05:31am 12 April 2026
NEWS
ലോക്കപ്പ് മർദ്ദനവും വാക്പോരും: നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകി
17/09/2025  09:16 AM IST
സുരേഷ് വണ്ടന്നൂർ
ലോക്കപ്പ് മർദ്ദനവും വാക്പോരും: നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകി

തിരുവനന്തപുരം: ​നിയമസഭയിൽ ലോക്കപ്പ് മർദ്ദനങ്ങളെച്ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായത്.

​സഭയിലെ വാക്പോര്

​വി.ഡി. സതീശൻ: "ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. സ്റ്റാലിനെപ്പോലെയാകാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും. വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ ന്യായീകരിക്കുകയാണ്. പൊലീസ് ക്രൂരതകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ആഭ്യന്തരവകുപ്പ് ഒഴിയണം. കേരളത്തിലെ സ്കോട്ലൻഡ് യാർഡിനെ വെല്ലുന്ന പൊലീസിനെ ഇല്ലാതാക്കിയത് മുഖ്യമന്ത്രിയാണ്."

​പിണറായി വിജയൻ: "ഞാൻ ചെറുപ്പംമുതൽ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ല. നെഹ്റുവിന്റെ കോൺഗ്രസ് ഭരണത്തിലാണ് എനിക്കെതിരെ അതിക്രമമുണ്ടായത്. കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ കുറുവടിപ്പടയും പോലീസും ചേർന്ന കാലം യു.ഡി.എഫ് മറക്കരുത്. ഞങ്ങളുടെ കാലത്ത് പോലീസിന് ജനോന്മുഖ ഭാവം വന്നു. തെറ്റായ കാര്യങ്ങൾ ചെയ്യുന്ന ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കുറ്റമറ്റ രീതിയിലാണ് പോലീസ് മുന്നോട്ട് പോകുന്നത്."

​സഭയിൽ നടന്നത്

​റോജി എം. ജോൺ അവതരിപ്പിച്ച അടിയന്തരപ്രമേയം ചർച്ച ചെയ്യാനായി സ്പീക്കർ അനുമതി നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ നീണ്ട ചർച്ചയിൽ പോലീസ് മർദ്ദനങ്ങളെക്കുറിച്ച് പ്രതിപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു.
​കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ എസ്.ഐ, 4 സി.പി.ഒമാർ എന്നിവരെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടികൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
​അതിനിടെ, മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടുംവരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. കോൺഗ്രസിലെ സനീഷ് കുമാർ ജോസഫ്, മുസ്ലീംലീഗിലെ എ.കെ.എം. അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹം ചെയ്യുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img