05:02pm 11 September 2026
NEWS
മഹാദേവന് പരിശം സമർപ്പിക്കാൻ അരയപ്രമാണിമാർ എത്തും
15/02/2026  10:04 AM IST
nila
മഹാദേവന് പരിശം സമർപ്പിക്കാൻ അരയപ്രമാണിമാർ എത്തും

 

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവന് പരിശപ്പണം സമർപ്പിക്കാൻ ആലപ്പാട്ട് അരയ പ്രമാണിമാർ 15 ന് എത്തും. വർഷം തോറും ശിവരാത്രി ദിവസമാണ് ചടങ്ങ് നടക്കുന്നത്. 1821-ാം വർഷത്തെ പരിശം വയ്പ്പാണ് ഇത്തവണ നടക്കുന്നത്. ആലപ്പാട്ടെ ഏഴു കരയോഗങ്ങളുടെ സഹകരണത്തോടെ  ശ്രായിക്കാട് അരയജന കരയോഗത്തിന്റെ നേതൃത്വത്തിലാണ് പരിശംവയ്പ്പ് ചടങ്ങ്. രാവിലെ 6 ന് ശ്രായിക്കാട് ശ്രീപശ്ചിമേശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന പരിശ സമർപ്പണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6.30 ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ദേവസ്വം ബോർഡ് അധികാരികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് തെക്കേ കളത്തട്ടിൽ കത്തിച്ചുവച്ച നിലവിളക്കിനു മുൻപിൽ പരിശമടങ്ങുന്ന ഉരുളി  ഭക്തജനങ്ങൾക്ക് ദർശനത്തിനായി വയ്ക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷനാകും. പി. സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ശ്രായിക്കാട് അരയജന കരയോഗം പ്രസിഡൻ്റ് പി. ലിജിമോൻ,   സെക്രട്ടറി അനീഷ്. എസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ജയശ്രീ തൃദീപ്, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട് എന്നിവർ സംസാരിക്കും. രാത്രി 9ന് നൃത്തനാടകവും നടക്കും.  പുലർച്ചെ ഒന്നിന് പരിശംവപ്പ് ചടങ്ങുകൾ തുടങ്ങും. രണ്ട് ആനപ്പുറത്ത്  മഹാദേവനും ദേവിയും എഴുന്നള്ളി ആറ് പ്രദക്ഷിണശേഷം ഏഴാമത്തെ പ്രദക്ഷിണത്തിന് കിഴക്കേ ആനക്കൊട്ടിൽ എത്തി തെക്കേ കളത്തട്ടിൽ പരിശവുമായി ഇരിക്കുന്ന ആലപ്പാട്ട് അരയന്മാർക്ക് ദർശനം നല്കും. തുടർന്ന് നിറപറ സ്വീകരിക്കും. അതിനുശേഷം ദേവസ്വം അധികാരികൾ ആലപ്പാട്ട് അരയന്മാരെ ആചാരപ്രകാരം സ്വീകരിച്ചാനയിച്ച്  ദേവി ദേവന്മാരുടെ മുന്നിൽ മെത്തപ്പായിൽ വിരിച്ച തൂശനിലമേൽ വെള്ളി കുടത്തിൽ പരിശസമർപ്പണം നടത്തും. തുടർന്ന് പൊലിവ് അർപ്പിച്ച ശേഷം ആലപ്പാട്ട് അരയന്മാർ പരിശവും പൊലിപ്പണവും എണ്ണി തിട്ടപ്പെടുത്തുകയും ദേവസ്വം അധികാരികൾ മഹസർ തയാറാക്കി ദേവസ്വത്തിലേക്ക് വകകൊള്ളിക്കുകയും ചെയ്യും. ആലപ്പാട്ട് അരയന്മാർക്ക് പ്രസാദമായ കരിക്കും പഴവും പടച്ചോറും പായസവും നല്കും. ശേഷം ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തി മടങ്ങുമെന്ന് ശ്രായിക്കാട്
അരയജന കരയോഗം   സെക്രട്ടറി എസ്.അനീഷ്, പനങ്കാവിൽ കൊട്ടാരം പ്രതിനിധി ആനന്ദൻ , ശിവപാലൻ (ശ്രീസുഗുണാനന്ദവിലാസം കരയോഗം ,പറയ കടവ്),
സതീശൻ (വ്യാസ വിലാസം കരയോഗം ,അഴീക്കൽ),
രാഹുൽ(ഗ്രാമസേവാസംഘം കുഴിത്തുറ)എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img