
തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂളിലെ കെട്ടിടത്തിന്റെ ഒരുഭാഗം മേൽക്കൂര തകർന്നുവീണു. സ്കൂൾ സമയം അവസാനിച്ച് അധ്യാപകരും വിദ്യാർഥികളും മടങ്ങിയ ശേഷമാണ് സംഭവം ഉണ്ടായത്. അതിനാൽ വലിയ അപകടം ഒഴിവായി. സർവശിക്ഷ കേരള (എസ്എസ്കെ) ജില്ലാ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇടിഞ്ഞുവീണത്. ഓടിട്ട മേൽക്കൂരയെ താങ്ങിനിർത്തിയിരുന്ന തടി ദ്രവിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓടുകളും സീലിങ്ങിന്റെ ഭാഗങ്ങളും ഉൾപ്പെടെ വലിയ തോതിൽ താഴേക്ക് പതിച്ചു.
കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി, തകർന്നത് സ്കൂൾ പഠനകെട്ടിടമല്ലെന്നും സർവശിക്ഷ കേരളയുടെ ജില്ലാ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണെന്നും വ്യക്തമാക്കി. ഹെറിറ്റേജ് പദവിയുള്ള കെട്ടിടമായതിനാൽ മേൽക്കൂര പൂർണമായി പുതുക്കിപ്പണിയാൻ ആവശ്യമായ അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഡിഇയോട് നിർദേശിച്ചതായും മന്ത്രി അറിയിച്ചു.










