04:42pm 30 October 2026
NEWS
അറബ് പാർട്ടികളുടെ മുന്നേറ്റം ഇസ്രയേലിൽ രാഷ്ട്രീയ വിവാദമായി; ഖത്തറിനെതിരെ നെതന്യാഹുവിന്റെ ആരോപണം


30/10/2026  07:00 AM IST
nila
അറബ് പാർട്ടികളുടെ മുന്നേറ്റം ഇസ്രയേലിൽ രാഷ്ട്രീയ വിവാദമായി; ഖത്തറിനെതിരെ നെതന്യാഹുവിന്റെ ആരോപണം

ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ നേടിയ മുന്നേറ്റം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. തെരഞ്ഞെടുപ്പിൽ ഖത്തർ ഇടപെട്ടെന്ന ആരോപണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അനുയായികളും രംഗത്തെത്തിയതോടെ ഇസ്രയേൽ–ഖത്തർ വാക്പോര് ശക്തമായി. ആരോപണങ്ങൾ പൂർണമായും തള്ളിയ ഖത്തർ, തങ്ങൾക്കെതിരെ ആസൂത്രിതമായ വ്യാജപ്രചാരണം നടക്കുകയാണെന്ന് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ആധിപത്യം ഉറപ്പിക്കാനാകാത്തതിനൊപ്പം അറബ് പാർട്ടികൾ മികച്ച നേട്ടമുണ്ടാക്കിയതും ഇസ്രയേലിൽ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് തെരഞ്ഞെടുപ്പിന് നാലു ദിവസം മുൻപ് അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി ഖത്തർ സന്ദർശിച്ചതിനെച്ചൊല്ലി വിവാദം ഉയർന്നത്. സന്ദർശനത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഖത്തർ ശ്രമിച്ചിരുന്നോയെന്നുമാണ് നെതന്യാഹു പക്ഷം ചോദിക്കുന്നത്.

വോട്ടെണ്ണൽ പൂർത്തിയാകുന്നതിനു മുൻപുതന്നെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് തട്ടിയെടുത്തെന്ന ആരോപണവുമായി നെതന്യാഹു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ മകൻ യെയർ നെതന്യാഹുവും ഖത്തറിനെതിരായ പ്രചാരണത്തിൽ സജീവമാണ്.

എന്നാൽ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നും അറബ് പാർട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് അൻസാരിയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയത്. ഖത്തറിനെതിരെ ഉയരുന്നത് വിഡ്ഢിത്തവും അപകടകരവുമായ സംഘടിത പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങളിൽനിന്ന് ഖത്തറിനെ പിന്തിരിപ്പിക്കില്ലെന്നും വ്യക്തമാക്കി.

ഇതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വ്യാപിക്കാനുള്ള സാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയും രംഗത്തെത്തി. മേഖലയിലെ പ്രതിസന്ധികൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് യുഎഇയുടെ നിലപാട്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ കക്ഷികളും സംയമനവും വിവേകവും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഘർഷങ്ങൾക്കുപകരം വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് മേഖല പ്രാധാന്യം നൽകേണ്ടതെന്നും യുഎഇ വ്യക്തമാക്കി. മേഖലയിലെ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഒരുമിച്ച് പ്രവർത്തിച്ച് ചർച്ചകൾക്ക് സാഹചര്യമൊരുക്കണമെന്നും പ്രതിസന്ധി അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.

ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെയാണ് യുഎഇയുടെ ഈ നയതന്ത്ര ആഹ്വാനം. ഗൾഫ് മേഖലയിൽ പുതിയ സംഘർഷസാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് യുഎഇയുടെ പ്രഖ്യാപിത നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img