
ദോഹ: ഖത്തറടക്കമുള്ള ഗൾഫ് മേഖലയിൽ ബാലവയസ്സിലെ അമിതവണ്ണം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെയോ ശാസനക്കുറവിന്റെയോ ഫലമല്ല, മറിച്ച് സാമൂഹിക ഘടകങ്ങൾ രൂപപ്പെടുത്തുന്ന ദീർഘകാല പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഖത്തർ ഫൗണ്ടേഷന്റെ ആഗോള ആരോഗ്യ സംരംഭമായ WISH-ലെ കണ്ടന്റ് ആൻഡ് പോളിസി മാനേജർ മാഹാ എൽ അകൂം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറിൽ ഏകദേശം 27 ശതമാനം കുട്ടികളും അമിതവണ്ണം ബാധിതരാണെന്നും, ഗൾഫ് മേഖലയിൽ ഇതിന്റെ വളർച്ചാ വേഗം ആശങ്കാജനകമാണെന്നും അവർ പറഞ്ഞു. ഭക്ഷണപരിസ്ഥിതിയിലെ മാറ്റങ്ങൾ, നഗര രൂപകൽപ്പന, ശാരീരിക പ്രവർത്തനക്കുറവ്, കൂടിയ സ്ക്രീൻ സമയം എന്നിവയാണ് പ്രധാന കാരണങ്ങൾ.കുട്ടികളിലെ
അമിതവണ്ണം തടയാൻ വിദ്യാഭ്യാസം മാത്രമല്ല, നയതല ഇടപെടലുകൾ, സ്കൂൾ കാന്റീൻ നിയന്ത്രണങ്ങൾ, ആരോഗ്യകരമായ ഭക്ഷണ പ്രചാരണം, ശാരീരിക പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ എന്നിവ അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. ഗർഭകാലം മുതൽ ആദ്യ രണ്ടു വർഷം വരെയുള്ള ഇടപെടലുകൾ ദീർഘകാല ആരോഗ്യഫലങ്ങളിൽ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.











