
നേതൃമാറ്റ സൂചനയുമായി 'നവംബർ വിപ്ലവം' സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാർ അത് നിരാകരിക്കുന്നു. " നവമ്പറിലോ ഡിസമ്പറിലോ അല്ല, 2028 ൽ കോൺഗ്രസ്സ് അധികാരത്തിൽ തിരിച്ചെത്തുമ്പോഴാണ് വിപ്ലവം സംഭവിക്കുക" ഈ മാസം സിദ്ധരാമയ്യ മാറി പകരം മുഖ്യമന്ത്രിയായേക്കുമെന്നുള്ള അഭ്യൂഹം തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. "മുഖ്യമന്ത്രിയും ഞാനും അച്ചടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകരാണ്. ഹൈക്കമാണ്ടിന്റെ തീരുമാനങ്ങളും നിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ രണ്ടുപേരും. ഹൈക്കമാണ്ട് ഏൽപ്പിച്ച ചുമതലയാണ് ഞങ്ങൾ നിർവ്വഹിച്ചുപോരുന്നത്" ശിവകുമാർ വിശദീകരിച്ചു. "നിങ്ങൾ മീഡിയയാണ് നവംബർ വിപ്ലവം, നേതൃമാറ്റം, പുനഃ സംഘടന എന്നൊക്കെ വാർത്ത കൊടുക്കുന്നത്. മുഖ്യമന്ത്രിയോ ഞാനോ അങ്ങനെ പറഞ്ഞിട്ടില്ല. മന്ത്രിസഭാപുനഃസംഘടന മുഖ്യമന്ത്രിയുടെ അവകാശമാണ്. ഹൈക്കമാണ്ടുമായി കൂടിയാലോചിച്ച് അദ്ദേഹം ഉചിതമായ തീരുമാനം കൈക്കൊള്ളും. ഞാനത് അറിയേണ്ടതില്ല. മുഖ്യമന്ത്രി അഞ്ചല്ല, പത്തല്ല പതിനഞ്ചു വർഷം ആ പദവിയിൽ തുടരുമെന്ന് ഹൈക്കമാണ്ട് പറഞ്ഞാൽ അതിനപ്പുറം മറ്റൊന്നില്ല. മുഖ്യമന്ത്രിയും ഞാനും മറ്റുള്ളവരും അതനുസരിക്കും" ശിവകുമാർ വ്യക്തത വരുത്തി. കുറേ നേതാക്കൾ മന്ത്രിസ്ഥാനം മോഹിച്ചുനടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊക്കെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിയ്ക്കും ഹൈക്കമാണ്ടിനും അറിയാം എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം തീവ്രമായി മോഹിക്കുന്നുണ്ടെങ്കിലും പദവിയൊഴിഞ്ഞു കൊടുക്കാൻ സിദ്ധരാമയ്യ തയ്യാറല്ലെന്നാണ് സൂചനകൾ. ഹൈക്കമാണ്ട് നിർബന്ധിച്ചാലും ഒഴിയാതിരിക്കാൻ അഹിന്ദ നേതാക്കൾ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഏതായാലും ബീഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ഹൈക്കമാണ്ട് കർണാടക പ്രശ്നത്തിലേക്ക് കടക്കും. കാമരാജ് പ്ലാനാണ് ഹൈക്കമാണ്ട് കർണാടകത്തിൽ പരീക്ഷിക്കുക എന്നറിയുന്നു. അതായത് സിദ്ധരാമയ്യയെയും ശിവകുമാറിനെയും നിലനിർത്തി, മറ്റുള്ള എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭയ്ക്ക് പുതിയൊരു മുഖം നൽകാനാണ് ഹൈക്കമാണ്ട് ലക്ഷ്യമിടുന്നത്. അഴിച്ചുപണി നടക്കുമ്പോൾ ശിവകുമാറിന് പിസിസി അധ്യക്ഷപദവി നഷ്ടപ്പെടാൻ സാധ്യത ഏറെയാണ്. മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതെ ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയാനിടയില്ല എന്നിടത്താണ് പ്രശ്നം കീറാമുട്ടിയാകുന്നത്.
Photo Courtesy - Google











